04 June, 2022 09:50:07 AM


ബസുകളിൽ വിദ്യാർത്ഥികളെ കയറ്റിയില്ലെങ്കിൽ ബസുടമക്കെതിരെ കർശന നടപടി



പാലക്കാട് : വിദ്യാർത്ഥികളുടെ യാത്രാസുരക്ഷ ഉറപ്പാക്കാന്‍ പൊലീസും മോട്ടോർ വാഹന വകുപ്പും ബസുകളിലെ പരിശോധന കർശനമാക്കി. വിദ്യാർത്ഥികളെ ബസിൽ കയറ്റിയില്ലെങ്കിൽ ബസുടമക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. വിദ്യാർത്ഥികള്‍ക്ക് കണ്‍സെഷന്‍ അനുവദിക്കാതിരിക്കുക, സീറ്റിലിരിക്കാന്‍ അനുവദിക്കാതിരിക്കുക തുടങ്ങിയ പരാതികള്‍ വർധിച്ചത് കണക്കിലെടുത്താണ് നിരീക്ഷണം ശക്തമാക്കാൻ തീരുമാനിച്ചത്. 

ബസിൽ നിന്നും മോശം സംഭവങ്ങളുണ്ടായാൽ വിദ്യാർത്ഥികൾക്ക് പരാതി നൽകാമെന്നും അധികൃതർ വ്യക്തമാക്കി. സ്റ്റോപ്പില്‍ വിദ്യാർത്ഥികളെ കണ്ടാല്‍ ഇവര്‍ ഡബിള്‍ ബെല്ലടിച്ച് പോവുക, ബസില്‍ കയറ്റാതിരിക്കുക, ബസില്‍ കയറിയാല്‍ മോശമായി പെരുമാറുക, കണ്‍സെഷന്‍ ആവശ്യപ്പെടുമ്പോള്‍ അപമാനിക്കുക, ശാരീരികമായി ഉപദ്രവിക്കുക എന്നീ സംഭവങ്ങളുണ്ടായാല്‍ വിദ്യാർത്ഥികള്‍ മോട്ടോര്‍ വാഹന വകുപ്പിലോ പൊലീസിലോ പരാതി നല്‍കാം.

പരാതി ലഭിച്ചാൽ ബന്ധപ്പെട്ടവർക്കെതിരെ കേസ് ഫയൽ ചെയ്യുമെന്നും അധികൃതർ അറിയിച്ചു. ഇന്നലെ സിറ്റി പൊലീസ് നടത്തിയ പരിശോധനയില്‍ 25ഓളം ബസുകള്‍ക്ക് പിഴ ചുമത്തിയിട്ടുണ്ട്. മാസ്‌ക് ധരിക്കാതെ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന കണ്ടക്ടര്‍മാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും പിഴ ചുമത്തി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K