01 June, 2022 08:21:13 PM
സംപ്രേഷണ വിലക്കിന്റെ കാരണം മീഡിയവണിനെ അറിയിക്കേണ്ടതില്ല; കേന്ദ്രം സുപ്രീം കോടതിയിൽ
ന്യൂഡൽഹി: സംപ്രേഷണ വിലക്കിന്റെ കാരണം മീഡിയവണിനെ അറിയിക്കേണ്ട കാര്യമില്ലന്ന് കേന്ദ്രം സുപ്രീം കോടതിയിൽ. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ടാണ് ലൈസന്‍സ് പുതുക്കി നല്‍കാതിരുന്നത്. ദേശസുരക്ഷയുമായി ബന്ധപ്പെട്ടായതിനാല്‍ വിവരങ്ങള്‍ മീഡിയവണിനെ അറിയിക്കേണ്ടതില്ലെന്നും ദേശസുരക്ഷാ വിവരങ്ങള്‍ മറച്ചുവെക്കാന്‍ ഇന്ത്യന്‍ തെളിവ് നിയമ പ്രകാരം സര്‍ക്കാരിന് പ്രത്യേക അവകാശമുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.
രാജ്യത്തിന് തന്നെ ഭീഷണിയാകുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ പുറത്തുപറഞ്ഞാല്‍ രാജ്യസുരക്ഷയെ ബാധിക്കും. അതിനാല്‍ മുദ്രവെച്ച കവറില്‍ ഈ രേഖകള്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കാമെന്നും കേന്ദ്രം വ്യക്തമാക്കി. കോടതി ആവശ്യപ്പെട്ടാല്‍ ഇനിയും വിവരങ്ങള്‍ സമര്‍പ്പിക്കാമെന്ന് വാര്‍ത്താവിതരണ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. മീഡിയ വണ്ണിന്റെ പലകാര്യങ്ങളും കൃത്യമായല്ല നടന്നത്. രഹസ്യാനേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സംപ്രേഷണ വിലക്ക് നിര്‍ദേശിച്ചത്.
ചാനല്‍ സംപ്രേഷണം ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ചാനല്‍ അധികൃതര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും ഹര്‍ജി തള്ളി. തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്. ജനുവരി 31നാണ് മീഡിയ വണ്ണിന്റെ സംപ്രേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയത്.