27 May, 2022 08:43:47 PM
കോട്ടയം വഴി 30 വരെ ട്രയിൻ ഗതാഗതനിയന്ത്രണം; പാലരുവി ഏറ്റുമാനൂരിൽ നിര്‍ത്തും
കോട്ടയം: ചിങ്ങവനം-ഏറ്റുമാനൂർ ഇരട്ടപ്പാതയിൽ മെയ് 29 രാത്രിവരെ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി റെയിൽവേ. പാതയിരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട ചില ജോലികൾകൂടി പൂർത്തിയാകാനുള്ളതിനെ തുടർന്നാണ് ഗതാഗത നിയന്ത്രണം എന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
ബംഗളൂരുവിൽ നിന്നുള്ള ദക്ഷിണ മേഖല കമ്മിഷണർ ഓഫ് റെയിൽവേ സേഫ്റ്റി (സി.ആർ.എസ്) അഭയ്കുമാർ റായ്യുടെ നേതൃത്വത്തിൽ കഴിഞ്ഞ 23 ന് പാതയിൽ സുരക്ഷാ പരിശോധനയും സ്പീഡ് ട്രയലും നടത്തിയുരുന്നു. അതിനുശേഷം നിലവിൽ റദ്ദു ചെയ്തിരിക്കുന്നതും വഴി തിരിച്ചുവിട്ടിരിക്കുന്നതുമായ ട്രെയിനുകൾ 29 രാവിലെ മുതൽ ഓടിത്തുടങ്ങാൻ തീരുമാനിച്ചിരുന്നു. എന്നാൽ സിഗ്നലുകളും ട്രാക്കുകളും തമ്മിൽ ബന്ധിപ്പിക്കുന്ന ജോലികൾ 29ന് വൈകിട്ടോടെയേ പൂർത്തിയാകൂ. ഇക്കാരണത്താലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നത്.
ഈ സാഹചര്യത്തിൽ 28, 29, 30 തീയതികളില്‍ കോട്ടയം വഴിയുള്ള 14 സർവിസുകൾ പൂർണമായും ആറെണ്ണം ഭാഗികമായും റദ്ദുചെയ്തു. നാളെയും മറ്റന്നാളുമായി പത്ത് സർവിസുകൾ ആലപ്പുഴവഴി തിരിച്ചുവിട്ടതായും റെയിൽവേ അറിയിച്ചു. ജൂൺ മൂന്നാമത്തെ ആഴ്ചയോടെയേ കമ്മിഷനിങ് നടപടികൾ പൂർത്തിയാകുകയുള്ളു. മൂന്നു കൊല്ലംകൊണ്ടാണ് പാതയിരട്ടിപ്പിക്കൽ ജോലികൾ പൂർത്തിയായത്. കോട്ടയം സ്റ്റേഷൻ യാർഡിനു വേണ്ടിയുള്ള സ്ഥലം ഏറ്റെടുക്കലിലെ കാലതാമസമാണ് പദ്ധതി വൈകാൻ കാരണം. പണികൾ പൂർത്തയായ ശേഷം നാളെ ഒരു ട്രയൽ റൺ കൂടി നടത്തും. തുടർന്നാകും രാത്രിയോടെ പാത തുറക്കുകയെന്നും അധികൃതർ അറിയിച്ചു.
പൂർണമായും റദ്ദു ചെയ്തവ
നാളത്തെ (മെയ് 28) എം. ജി. ആർ. ചെന്നൈ - തിരുവനന്തപുരം (12623),
മെയ് 29നുള്ള തിരുവനന്തപുരം - എം. ജി. ആർ. ചെന്നൈ (12624), തിരുവനന്തപുരം - കണ്ണൂർ ജനശതാബ്ദി (12082), തിരുവനന്തപുരം - ഷൊർണൂർ വേണാട് (16302,16301), പുനലൂർ - ഗുരുവായൂർ ഡെയിലി എക്‌സ്പ്രസ് (16327,16328), എറണാകുളം - ആലപ്പുഴ സ്പെഷൽ (06449,06452), കൊല്ലം-എറണാകുളം മെമു (06444, 06443), എറണാകുളം -കായംകുളം സ്പെഷൽ (06451, 06450),
മെയ് 30 നുള്ള കോട്ടയം -കൊല്ലം സ്പെഷൽ (06431).
ഭാഗികമായി റദ്ദു ചെയ്തവ
1. 29നുള്ള സെക്കന്ദ്രബാദ് -തിരുവനന്തപുരം ശബരി എക്‌സ്പ്രസ് (തൃശൂർ വരെ, നാളെ തൃശൂരിൽ നിന്ന് തിരിക്കും)
2. 29നുള്ള നാഗർകോവിൽ -മംഗ്ലൂരു പരശുറാം എക്‌സ്പ്രസ് (ഷൊർണൂരിൽ നിന്നും പുറപ്പെടും)
3. 29നുള്ള നിലമ്പൂർ റോഡ് - കോട്ടയം ഡെയ്‌ലി എറണാകുളം ടൗണിലും നാഗർകോവിൽ -കോട്ടയം ഡെയ്‌ലി എക്‌സ്പ്രസ് കൊല്ലത്തും സർവിസ് അവസാനിപ്പിക്കും.
ആലപ്പുഴ വഴി തിരിച്ചുവിടുന്നവ (ട്രെയിനിന്‍റെ പേരും നമ്പരും)
സിൽചാർ - തിരുവനന്തപുരം ആരോണ വീക്കിലി എക്‌സ്പ്രസ് (12508), ന്യൂ ഡൽഹി - തിരുവനന്തപുരം കേരള സൂപ്പർ ഫാസ്റ്റ് (12626), ബംഗ്ലൂരു-കന്യാകുമാരി ഐലൻഡ് എക്‌സ്പ്രസ് (16526), ലോക്മാന്യ തിലക് ടെർമിനസ് - കൊച്ചുവേളി എക്‌സ്പ്രസ് (22113), തിരുവനന്തപുരം - ന്യൂ ഡൽഹി കേരള സൂപ്പർ ഫാസ്റ്റ് (12625), കന്യാകുമാരി - പൂനെ എക്‌സ്പ്രസ് (16382), മാംഗ്ലൂർ-നാഗർകോവിൽ പരശുറാം (16649), കൊച്ചുവേളി-ലോക്മാന്യ തിലക് ഗരിബ് രഥ് (12202), കന്യാകുമാരി -ബംഗ്ലൂരു ഐലൻഡ് എക്‌സ്പ്രസ് (16525), നഗർകോവിൽ - ഷാലിമാർ ഗുരുദേവ് എക്‌സ്പ്രസ് (12659).
പാലരുവിയ്ക്ക് ഏറ്റുമാനൂരിൽ അധിക സ്റ്റോപ്പ്
നാളെയും (രാവിലെ 7.20) മറ്റന്നാളും (രാത്രി 7.57) പാലരുവി എക്‌സ്പ്രസിന് ഏറ്റുമാനൂരിൽ സ്റ്റോപ്പ് അനുവദിച്ചു.
നാളെ സ്പെഷൽ മെമു സർവിസ്
കൊല്ലം -ചങ്ങനാശേരി റൂട്ടിൽ മറ്റന്നാള്‍ സ്പെഷൽ മെമു സർവിസ് നടത്തുമെന്നും റെയിൽവെ അറിയിച്ചു.