25 May, 2022 02:10:50 PM


യുഡിഎഫ് കാലത്ത് അലഞ്ഞു തിരിഞ്ഞ് നടന്നത് ലാവലിന്‍ കേസിലെ പ്രതി മാത്രം - ചെന്നിത്തല



തിരുവനന്തപുരം: യുഡിഎഫ് കാലത്തായിരുന്നെങ്കില്‍ നടിയെ ആക്രമിച്ച കേസിലെ പ്രതികള്‍ രക്ഷപെടുമായിരുന്നുവെന്ന മുഖ്യമന്ത്രിയുടെയും എല്‍ഡിഎഫ് നേതാക്കളുടേയും ആരോപണത്തില്‍ മറുപടിയുമായി രമേശ് ചെന്നിത്തല. യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് ഏതു പ്രതിയാണ് അലഞ്ഞു തിരിഞ്ഞ് നടന്നത്? ആകെ ലാവലിന്‍ കേസിലെ ഒരു പ്രതി മാത്രമേ അങ്ങനെ അലഞ്ഞു തിരിഞ്ഞ് നടന്നിട്ടുള്ളു. അത് നമ്മുടെ കൈയിലുള്ള കാര്യമല്ല. മറ്റെല്ലാ പ്രതികളേയും ഞങ്ങള്‍ പിടിച്ചതാണ്. ആ പ്രതിയെ പിടിക്കേണ്ടതിന്റെ ഉത്തരവാദിത്തം സിബിഐയ്ക്ക് ആണ്. അത് അവര്‍ ചെയ്യാതിരുന്നതിന് അന്നത്തെ ആഭ്യന്തര വകുപ്പിനോ സര്‍ക്കാരിനോ ഒന്നും ചെയ്യാനില്ലെന്നും ചെന്നിത്തല പറഞ്ഞു.

സര്‍ക്കാര്‍ കേസ് അട്ടിമറിക്കുന്നു നീതികിട്ടുന്നില്ലെന്ന് തോന്നിയപ്പോള്‍ അതിജീവിത സ്വയം കോടതിയില്‍ പോയതാണ്. ഞങ്ങള്‍ ആരെങ്കിലും പറഞ്ഞിട്ടാണോ അവര്‍ പരാതിയുമായി പോകുന്നത്. ഒരിക്കലുമല്ല. അവരെ കൂടുതല്‍ അപകമാനിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിജീവിത എപ്പോള്‍ പരാതി നല്‍കണം എന്നു തീരുമാനിക്കുന്നത് യുഡിഎഫ് അല്ല. നീതി കിട്ടില്ല എന്ന് ഉറപ്പുള്ളത് കൊണ്ടാണ് നടി ഹൈക്കോടതിയെ സമീപിച്ചത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ ആരോപണം രാഷ്ട്രീയ പ്രേരിതമല്ല. അത്തരത്തില്‍ പ്രചാരണം നടത്തുന്നത് അതിജീവിതയെ അപമാനിക്കുന്നതിന് തുല്ല്യമാണ്. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി കേസ് വഴി തിരിച്ചുവിടാനായിരുന്നു സര്‍ക്കാരിന്‍റെ ശ്രമം. മുഖ്യമന്ത്രിയുടെ വാദം ആരും വിശ്വസിക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് ബിജെപി ഓഫിസില്‍ പോയതിനെ രാഷ്ട്രീയമായി കാണേണ്ടെന്നാണ് രമേശ് ചെന്നിത്തലയുടെ വിശദീകരണം.  ബിജെപി വോട്ടുകള്‍ യുഡിഎഫിന് മറിക്കാമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് ദുരൂഹ സന്ദര്‍ശനമെന്ന് എല്‍ഡിഎഫ് ആരോപിച്ചിരുന്നു. വോട്ട് മറിക്കാന്‍ സ്ഥാനാര്‍ത്ഥി നേരിട്ടെത്തി വോട്ടഭ്യര്‍ത്ഥിക്കണമെന്ന ബിജെപി ഉപാധി യുഡിഎഫ് നടപ്പിലാക്കുകയാണെന്നായിരുന്നു സിപിഐഎമ്മിന്‍റെ ആരോപണം. കുമ്മനം രാജശേഖരന്‍ ഉള്ളപ്പോഴാണ് ഉമാ തോമസ് ബിജെപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസില്‍ എത്തിയത്. അതിനെ രാഷ്ട്രീയമായി കാണേണ്ടെന്നാണ് ചെന്നിത്തല വ്യക്തമാക്കുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K