24 May, 2022 02:02:46 PM
മാതാപിതാക്കളുടെ അലമാരയിൽ നിന്നും 4 ലക്ഷം രൂപ മോഷ്ടിച്ചു; പകരം വ്യാജനോട്ട് വച്ച് കുട്ടികൾ
ഹൈദരാബാദ്: എട്ടും ഒമ്പതും വയസ് മാത്രമുള്ള രണ്ട് സഹോദരങ്ങൾ 20 ദിവസത്തോളം ജീവിച്ചത് കുട്ടികൾക്ക് താങ്ങാനാവാത്തവിധം ആഡംബരമായി. മൊബൈലും സ്മാർട്ട്‍വാച്ചുകളും വാങ്ങി. വലിയ റെസ്റ്റോറന്റുകളിൽ നിന്നും ഭക്ഷണം കഴിച്ചു. വിവിധ ഗെയിമിംഗ് സോണുകളിൽ മാറിമാറി കളിച്ചു. എന്നാൽ, 20 ദിവസത്തേക്ക് മാത്രമായിരുന്നു സഹോദരങ്ങളുടെ ഈ ആഡംബര ജീവിതം.
അതായത്, മാതാപിതാക്കൾ ഒരു സത്യം തിരിച്ചറിഞ്ഞതോടെ സഹോദരങ്ങളുടെ ഈ ലാവിഷ് ജീവിതം അവസാനിച്ചു. മക്കൾ തങ്ങളുടെ അലമാരയിൽ നിന്നും പണം മോഷ്ടിക്കുകയും പകരമായി വ്യാജനോട്ടുകൾ വയ്ക്കുകയും ചെയ്തിരിക്കുകയാണ് എന്ന സത്യം വൈകി എങ്കിലും മാതാപിതാക്കൾ തിരിച്ചറിയുകയായിരുന്നു. നാല് ലക്ഷത്തോളം രൂപയാണ് ഇങ്ങനെ മോഷ്ടിച്ചത്.
ജീഡിമെറ്റ്‌ലയിലെ എസ്‌ആർ നായിക് നഗറിൽ താമസിക്കുന്ന ദമ്പതികളുടെ മക്കളാണ് പണം മോഷ്ടിച്ചത്. അച്ഛന്റേയും അമ്മയുടേയും പണം മോഷ്ടിച്ച് ജീവിതം അടിപൊളിയാക്കാൻ തീരുമാനിച്ച സഹോദരങ്ങൾ എവിടെയാണ് പണം സൂക്ഷിക്കുന്നത് എന്ന് നിരീക്ഷിച്ച് കണ്ടുപിടിച്ചു. കൂട്ടുകാരുടെ മുന്നിൽ സഹോദരങ്ങൾ മാതാപിതാക്കൾ അലമാരയിൽ സൂക്ഷിച്ചിരിക്കുന്ന വൻതുകകളെ കുറിച്ച് വീമ്പിളക്കി. അവർ സഹോദരങ്ങളെ കുഞ്ഞുകുഞ്ഞ് തുകകളായി പണം മോഷ്ടിക്കാനും പകരമായി വ്യാജനോട്ടുകൾ വയ്ക്കാനും പ്രോത്സാഹിപ്പിച്ചു.
കുട്ടികളുടെ ജീവിതരീതിയിലും പെരുമാറ്റത്തിലും പൊടുന്നനെയുണ്ടായ മാറ്റമാണ് മാതാപിതാക്കളെ മോഷണവിവരമറിയുന്നതിലേക്ക് നയിച്ചത്. അവർ അലമാര പരിശോധിക്കുകയും പണം മോഷ്ടിക്കപ്പെട്ട വിവരം തിരിച്ചറിയുകയും ചെയ്യുകയായിരുന്നു. മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് നടന്ന അന്വേഷണത്തിൽ സഹോദരങ്ങൾ പണം മോഷ്ടിച്ചു എന്നും അവർക്ക് തോന്നിയതുപോലെ ചെലവഴിച്ചു എന്നും മനസിലായി. പിന്നീട്, കുട്ടികളെ ചോദ്യം ചെയ്തപ്പോൾ കാര്യങ്ങളെല്ലാം വ്യക്തമായി. കുട്ടികളെ ഇങ്ങനെയൊരു കാര്യം ചെയ്യാൻ പ്രേരിപ്പിച്ചതെന്തിനാണ് എന്നറിയുന്നതിനായി സുഹൃത്തുക്കളെയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്.