22 May, 2022 12:44:41 PM
പി.സി. ജോര്‍ജിനെ ഒളിവില്‍ പോകാന്‍ സഹായിച്ചത് ഒരു രാഷ്ട്രീയ നേതാവെന്ന് ആരോപണം
കൊച്ചി: വെണ്ണലയിലെ വിദ്വേഷ പ്രസംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യം നിഷേധിക്കപ്പെട്ട കേരള ജനപക്ഷം (സെക്യുലര്‍) നേതാവ് പി.സി. ജോര്‍ജിനെ ഒളിവില്‍ പോകാന്‍ സഹായിച്ചത് ഒരു പ്രമുഖ രാഷ്ട്രീയ നേതാവാണെന്ന ആരോപണം ശക്തമാകുന്നു. മുന്‍കൂര്‍ ജാമ്യം നിഷേധിക്കപ്പെട്ടുവെങ്കിലും ജോര്‍ജിനെ ഇപ്പോള്‍ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ലെന്നായിരുന്നു കൊച്ചി കമ്മീഷണര്‍ നാഗരാജു പറഞ്ഞത്. പക്ഷേ പെട്ടെന്നുതന്നെ ഈരാട്ടുപേട്ടയിലെ ജോര്‍ജിന്റെ വസതിയില്‍ പോലീസ് റെയ്ഡിനെത്തി.
അറസ്റ്റ് ചെയ്യില്ലെന്ന് പറഞ്ഞ് പി.സി. ജോര്‍ജ് ഒളിവില്‍ പോകാനുള്ള സാഹചര്യം ഇല്ലാതാക്കാനായിരുന്നു പോലീസ് ശ്രമിച്ചതെന്നാണ് വിലയിരുത്തല്‍. എന്നാല്‍ പോലീസിന്റെ നീക്കങ്ങള്‍ വ്യക്തമായി മനസിലാക്കിയ ഒരു പ്രമുഖ രാഷ്ട്രീയ നേതാവ് പി.സി. ജോര്‍ജിനെ തന്റെ സംരക്ഷണയിലേക്ക് മാറ്റിയിരിക്കാനാണ് സാധ്യതയെന്നാണ് ആരോപണമുയരുന്നത്. ഈ രാഷ്ട്രീയ നേതാവിന്റെ ഉറ്റ ബന്ധുവിന് കുറച്ചുനാള്‍ മുന്‍പ് ജോര്‍ജ് തന്റെ വീട്ടില്‍ ആതിഥ്യമരുളിയതായും പറയുന്നു..
അതിനുള്ള പ്രത്യുപകാരമെന്ന നിലയിലാണേത്രേ ഇപ്പോള്‍ പി.സി. ജോര്‍ജിന് മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നതുവരെ ഒളിവില്‍ കഴിയാന്‍ സൗകര്യമൊരുക്കിയതെന്നും പോലീസിന്റെ നീക്കങ്ങള്‍ അപ്പപ്പോള്‍ ജോര്‍ജിനെ അറിയിക്കുന്നതും. തിങ്കളാഴ്ചയാണ് മുന്‍കൂര്‍ ജാമ്യത്തിനായി പി.സി. ജോര്‍ജ് ഹൈക്കോടതിയെ സമീപിക്കുന്നത്. ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം ലഭിക്കുമെന്നുള്ള പ്രതീക്ഷയിലാണ് ഇപ്പോള്‍ ഒളിവില്‍ പോകാന്‍ പി.സി. ജോര്‍ജ് തീരുമാനിച്ചത്.
എന്നാല്‍ പി.സി.ജോര്‍ജ് തിരുവനന്തപുരത്തുണ്ടെന്നാണ് മകന്‍ ഷോണ്‍ ജോര്‍ജ് പറയുന്നത്. പക്ഷേ ജോര്‍ജിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയില്‍ അദ്ദേഹത്തിന്റെ വീട്ടില്‍ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്. പി.സി. ജോര്‍ജ് എത്താന്‍ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളിലും പോലീസ് വലവിരിച്ചിട്ടുണ്ട്. അദ്ദേഹത്തിനായി തിരച്ചില്‍ ശക്തമാക്കാനാണ് കൊച്ചി സിറ്റി പോലീസ് തീരുമാനിച്ചിരിക്കുന്നത്.