19 May, 2022 03:48:02 PM
തീവ്രവാദ സംഘടനയ്ക്ക് വിവരങ്ങള്‍ ചോര്‍ത്തി; മൂന്നു പോലീസുകാരുടെ ഫോൺ പിടിച്ചെടുത്തു
മൂന്നാര്‍: തീവ്രവാദ സംഘടനകള്‍ക്ക് പോലീസ് സ്റ്റേഷനിലെ കംപ്യൂട്ടറില്‍നിന്ന് രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന ആരോപണം നേരിടുന്ന പോലീസുകാരുടെ ഫോണുകള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ പിടിച്ചെടുത്തു. വിശദ പരിശോധനയ്ക്കായി ഇവ സൈബര്‍ സെല്ലിന് കൈമാറി. മൂന്നാര്‍ സ്റ്റേഷനിലെ മൂന്ന് പോലീസുകാരുടെ ഫോണുകളാണ് ഡിവൈ.എസ്.പി. കെ.ആര്‍.മനോജ് പിടിച്ചെടുത്തത്.
സ്റ്റേഷനിലെ പ്രധാനരേഖകള്‍ കൈകാര്യംചെയ്യുന്ന ഡേറ്റാ ഓപ്പറേറ്റിങ് വിഭാഗത്തിലെ ഉദ്യോഗസ്ഥന്‍റെയും മറ്റു രണ്ടുപേരുടെയും ഫോണുകളാണിവ. ഫോണിലെ വിവരങ്ങള്‍ ലഭിച്ചാലേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരൂ. മൂന്നാര്‍ സ്റ്റേഷനിലെ കംപ്യൂട്ടറില്‍നിന്ന് രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ തീവ്രവാദ സംഘടനകള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന് വിവിധ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്ക് വിവരം ലഭിച്ചിരുന്നു. ഇതുസംബന്ധിച്ച് അന്വേഷണം നടത്തിവരുകയായിരുന്നു.
മൂന്ന് പോലീസുകാരും രഹസ്യാന്വേഷണ വിഭാഗങ്ങളുടെ നീരീക്ഷണത്തിലായിരുന്നു. സംഭവം പുറത്തായതിനെത്തുടര്‍ന്ന് ചൊവ്വാഴ്ച ജില്ലാ പോലീസ് മേധാവി ആര്‍. കറുപ്പസ്വാമി അന്വേഷണത്തിന് ഉത്തരവിട്ടു.
സമാനരീതിയിൽ തൊടുപുഴ സ്റ്റേഷനിൽനിന്ന് മതതീവ്രവാദ സംഘടനകൾക്ക് വിവരം ചോർത്തിനൽകിയ സംഭവത്തിൽ പ്രതിയായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ രണ്ടുമാസം മുൻപ് അന്വേഷണം നടത്തി പിരിച്ചുവിട്ടിരുന്നു. കരിമണ്ണൂർ പൊലീസ് സ്റ്റേഷനിലെ പി കെ അനസിനെയാണ് പിരിച്ചുവിട്ടത്. പൊലീസ് ഡാറ്റാ ബേസിൽ നിന്ന് വിവരങ്ങൾ ചേർത്തി നൽകിയെന്നതായിരുന്നു അനസിനെതിരെ ഉണ്ടായിരുന്ന ആരോപണം. നാർക്കോട്ടിക് സെൽ ഡിവൈ എസ് പി എ ജി ലാലാണ് അന്വേഷണം നടത്തി പൊലീസുകാരനെതിരേ റിപ്പോർട്ട് നൽകിയത്.