15 May, 2022 09:15:33 PM


കേരളത്തിലും സർക്കാർ രൂപീകരിക്കും: ട്വന്റി 20യുമായി സഖ്യം പ്രഖ്യാപിച്ച് അരവിന്ദ് കെജ്‍രിവാൾ



കൊച്ചി : ആം ആദ്മി പാർട്ടി കേരളത്തിൽ ട്വന്റി 20യുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ. കേരളത്തിലെ നാല് കോടി ജനങ്ങളുടെ സഖ്യമാണിത്. ഈ സഖ്യം കേരളത്തെ മാറ്റുമെന്നും കെജ്‍രിവാൾ കൊച്ചിയിൽ പറഞ്ഞു. കേരളത്തിൽ ഇനി നാല് മുന്നണികളുണ്ടാകും. ജനക്ഷേമ സഖ്യം (പീപ്പിൾസ് വെൽഫെയർ അലയൻസ്) എന്ന പേരിലാകും നാലാം മുന്നണിയുടെ പ്രവർത്തനം. 

കേരളത്തിലും സർക്കാർ രൂപീകരിക്കും. ഒരു വർഷം കൊണ്ടാണ് ദില്ലിയിൽ സർക്കാർ ഉണ്ടാക്കിയത്. അത് ദൈവത്തിന്റെ മാജിക്കാണ്. കേരളത്തിലും ഇത് സാധ്യമാകുമെന്ന് അരവിന്ദ് കെജ്‍രിവാൾ പറഞ്ഞു. 10 വർഷം മുമ്പ് അരവിന്ദ കെജ്‍രിവാളിനെ ആരും അറിയുമായിരുന്നില്ല. അഴിമതി ഇല്ലാതാക്കുകയാണ് ദില്ലിയിൽ ആദ്യം ചെയ്തതെന്നും കെജ്‍രിവാൾ പറഞ്ഞു.

ഡൽഹി സർക്കാരിന്‍റെ ഭരണ നേട്ടങ്ങൾ ഓരോന്നായി നിരത്തിയായിരുന്നു കേജരിവാളിന്‍റെ പ്രസംഗം. അഴിമതി തുടച്ച് നീക്കിയെന്നും ജനോപകാരപ്രദമായ പദ്ധതികൾ നടപ്പിലാക്കിയെന്നും കേജരിവാൾ പറഞ്ഞു. ഡൽഹിയിലും പഞ്ചാബിലും ജനങ്ങൾ വലിയ നേതാക്കളെ പരാജയപ്പെടുത്തി.

കേരളത്തിലും മാറ്റം വരേണ്ടതുണ്ട്. എഎപി സർക്കാർ ഇവിടെ സാധ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിലെ പോലെ സൗജന്യ വൈദ്യുതി, സാധാരണ ജനങ്ങൾക്ക് സൗജന്യ ചികിത്സ എന്നിവ കേരളത്തിലും വേണ്ടേയെന്നും കേജരിവാൾ ചോദിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K