15 May, 2022 05:43:45 PM
സഹകരണ മേഖലയിൽ 46100 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചു: മന്ത്രി വി.എൻ. വാസവൻ
അശരണരായ സഹകാരികൾക്ക് കൈത്താങ്ങ്; 'സഹകാരി സാന്ത്വനം' പദ്ധതിക്ക് തുടക്കം
കോട്ടയം: സഹകരണ മേഖലയിൽ ഒരു വർഷം കൊണ്ട് 46100 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനായതായി മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. രോഗങ്ങൾ മൂലം അശരണരായ സഹകാരികൾക്ക് സഹകരണ വകുപ്പ് വഴി ചികിത്സാസഹായം ലഭ്യമാക്കുന്ന 'സഹകാരി സാന്ത്വനം' ആശ്വാസ നിധി പദ്ധതിയുടെ സംസ്ഥാനതല
ധനസഹായ വിതരണോത്ഘാടനം ഏറ്റുമാനൂരിൽ നിർവഹിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
മൂന്നു പതിറ്റാണ്ടിലധികം സഹകാരിയായിരുന്ന എൻ.ഡി. ചാക്കോയ്ക്ക് വീട്ടിലെത്തി ചികിത്സാ ധനസഹായം കൈമാറിയാണ് ഉദ്ഘാടനം നിർവഹിച്ചത്. തോമസ് ചാഴികാടൻ എം.പി. സംസാരിച്ചു. നഗരസഭാംഗങ്ങളായ ഇ.എസ്. ബിജു, പി.എസ്. വിനോദ്, അഡീഷണല്‍ രജിസ്ട്രാര്‍ ആർ. ജ്യോതിപ്രസാദ്, ജോയിന്‍റ് രജിസ്ട്രാര്‍ എന്‍. അജിത് കുമാര്‍, അസിസ്‌റ്റന്‍റ് രജിസ്ട്രാര്‍ രാജീവ് എം. ജോണ്‍, ഏറ്റുമാനൂര്‍ സഹകരണബാങ്ക് പ്രസിഡന്‍റ് വര്‍ക്കി ജോയി, ബാബു ജോര്‍ജ്, ടി.വി. ബിജോയ് എന്നിവർ സന്നിഹിതരായിരുന്നു.
സഹകരണ സംഘം രജിസ്ട്രാറുടെ ഭരണ നിയന്ത്രണത്തിൽ ഉൾപ്പെട്ട സഹകരണ സംഘത്തിൻ്റെ ഭരണസമിതിയിൽ രണ്ടു തവണയെങ്കിലും അംഗമായിരിക്കുകയും നിലവിൽ രോഗം മൂലം അവശത അനുഭവിക്കുകയും ചെയ്തവർക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. ചികിത്സയ്ക്കായി പരമാവധി 50,000 രൂപ വരെയും സഹകാരികൾ മരിച്ചാൽ പരമാവധി 25,000 രൂപ വരെ ആശ്രിതർക്കും ലഭിക്കും. വാർഷിക വരുമാനം മൂന്നു ലക്ഷം രൂപയിൽ താഴെയായിരിക്കണം. സഹകരണ നവരത്നം ബംമ്പർ ലോട്ടറി നടത്തിപ്പിലൂടെ സഹകരണ വകുപ്പിന് ലഭിച്ച ലാഭവിഹിതത്തിൽ നിന്ന് അശരണരായ സഹകാരികൾക്ക് ആശ്വാസ നിധി പദ്ധതി രൂപീകരിച്ചിരുന്നു. ഇതിലൂടെയാണ് അർഹരായ അപേക്ഷകർക്ക് ആനുകൂല്യം നൽകുക.
ഫോട്ടോ കാപ്ഷൻ: രോഗങ്ങൾ മൂലം അശരണരായ സഹകാരികൾക്ക് സഹകരണ വകുപ്പ് വഴി ചികിത്സാ ധനസഹായം ലഭ്യമാക്കുന്ന 'സഹകാരി സാന്ത്വനം' ആശ്വാസ നിധി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി.എൻ. വാസവൻ സഹകാരിയായിരുന്ന എൻ.ഡി. ചാക്കോയ്ക്ക് വീട്ടിലെത്തി ധനസഹായം കൈമാറി നിർവ്വഹിക്കുന്നു. തോമസ് ചാഴികാടൻ എം.പി., സഹകരണ ജോയിൻ്റ് രജിസ്ട്രാർ എൻ. അജിത് കുമാർ എന്നിവർ സമീപം