13 May, 2022 07:07:00 PM
കേരളം ജലവൈദ്യുതി പദ്ധതികള്‍ പ്രയോജനപ്പെടുത്തണം - മന്ത്രി കെ.കൃഷ്ണന്‍കുട്ടി
പാലക്കാട്: ജലവൈദ്യുതി പദ്ധതികള്‍ക്ക് ഏറ്റവും അനുയോജ്യ മേഖലയായ കേരളം സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്നും ജല വൈദുതി പദ്ധതികളോടുള്ള എതിര്‍പ്പ് മാറ്റിവെക്കാന്‍ എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. മണ്ണാര്‍ക്കാട് 110 കെ. വി സബ്‌സ്റ്റേഷന്‍ കോമ്പൗണ്ടില്‍ നിര്‍മ്മിച്ച സബ് ഡിവിഷന്‍, സെക്ഷന്‍ ഓഫീസ് ഉള്‍പ്പെടുന്ന വൈദ്യുതിഭവനം ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അട്ടപ്പാടിയിലെ ജലവൈദുതി പദ്ധതികള്‍ക്കുള്ള തടസ്സം തമിഴ്‌നാട്-കേരള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ഇടപെട്ട് സംസാരിച്ചു തീര്‍ത്തു കഴിഞ്ഞു. പദ്ധതിയുടെ ഡി.പി.ആര്‍ തയ്യാറാക്കി. ആറ് മെഗാവാട്ട് വൈദ്യുതി ഉത്പാദനം ലക്ഷ്യമിട്ട് ധാരണാപത്രം ഒപ്പുവെച്ചു. പാത്രക്കടവ് പദ്ധതി യാഥാര്‍ഥ്യമായാല്‍ കേരളത്തിന് വലിയ നേട്ടമാകും. ഇടുക്കിയില്‍ 52 പൈസയ്ക്കാണ് ഒരു യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. എന്നാല്‍ പീക് അവറില്‍ യൂണിറ്റിന് 20 നല്‍കിയാണ് വൈദ്യുതി എത്തിക്കുന്നത്. കുറഞ്ഞ ചെലവില്‍ വൈദ്യുതി നല്‍കാനായാല്‍ മാത്രമേ വ്യവസായങ്ങള്‍ക്കും ഉപഭോക്താക്കള്‍ക്കും ഗുണകരമാകൂ. ജലവൈദ്യുതി പദ്ധതികള്‍ക്ക് കേന്ദ്രം പ്രോത്സാഹനം നല്‍കുന്നുണ്ട്.
വൈദ്യുതി മേഖല രാജ്യത്തെ മികച്ച നിലവാരത്തില്‍ എത്തിക്കുക എന്ന ലക്ഷ്യവുമായാണ് കെ.എസ്ഇ.ബി.യും സര്‍ക്കാരും മുന്നോട്ട് പോവുന്നത്. രാജ്യത്തിന് മാതൃകയായി വൈദ്യുതി ബോര്‍ഡിനെ പൊതുമേഖലയില്‍ നിലനിര്‍ത്തി ഒറ്റ കമ്പനിയായാണ് പ്രവര്‍ത്തിക്കുന്നത്. മികച്ച പവര്‍ ഷെഡ്യുളിങ്, മാനേജ്മെന്റ്, മികച്ച ഡാം മാനേജ്മെന്റ് എന്നീ കാരണങ്ങളാലാണ് ഇത് സാധിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1466 കോടി പ്രവര്‍ത്തന ലാഭം നേടാനായി.
പാവപ്പെട്ടവരെയും സാധാരണക്കാരെയും ബുദ്ധിമുട്ടിക്കാതെ വാതില്‍പ്പടി സേവനം പ്രയോജനപ്പെടുത്തി സമയബന്ധിതമായി സേവനം ഉറപ്പാക്കാനാവണം. അറ്റകുറ്റപ്പണികള്‍ നടത്തുമ്പോള്‍ വിതരണ പ്രസരണ വിഭാഗങ്ങള്‍ കൃത്യമായ ധാരണയോടെ പ്രവര്‍ത്തിക്കണം. വൈദുതി തടസ്സങ്ങളും അപകടങ്ങളും ഒഴിവാക്കാനുള്ള സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്താന്‍ കൃത്യമായ നിര്‍ദേശനങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇതിനായി കേന്ദ്ര പദ്ധതിയിലൂടെ 3900 കോടി വകയിരുത്തിയിട്ടുണ്ട്. വൈദ്യുതി രംഗത്ത് വന്‍ കുതിച്ചുചാട്ടമാണ് നടക്കുന്നത്. കേരളത്തില്‍ സുലഭമായ ജല വൈദ്യുതി പദ്ധതികള്‍ പ്രയോജനപ്പെടുത്താന്‍ ശ്രമം നടത്തുന്നുണ്ട്. അട്ടപ്പാടി മേഖലയില്‍ 72 മെഗാവാട്ട് വൈദ്യുതി കാറ്റില്‍ നിന്നും ഉത്പാദിപ്പിക്കാനുള്ള ശ്രമം നടക്കുകയാണ് എന്നും മന്ത്രി പറഞ്ഞു.
അഡ്വ. എന്‍.ഷംസുദ്ധീന്‍ എം.എല്‍.എ അദ്ധ്യക്ഷനായ പരിപാടിയില്‍ കെ.എസ്.ഇ.ബി ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ബി. അശോക്, കെ.എസ്.ഇ.ബി ഡയറക്ടര്‍ എസ്.രാജ്കുമാര്‍ എന്നിവര്‍ ഓണ്‍ലൈനായും മണ്ണാര്‍ക്കാട്, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ഉമ്മുസല്‍മ, മരുതി മുരുകന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ഷൗക്കത്ത്, പി.എസ്. രാമചന്ദ്രന്‍, നാരായണന്‍കുട്ടി, ജെസീന അക്കര, ഗ്രാമ പഞ്ചായത്ത് അംഗം എം.ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.