12 May, 2022 02:12:13 PM
മന്ത്രി വീണാ ജോര്‍ജിന് വേദി മാറി: പോകേണ്ടത് കൊറ്റാര്‍കാവില്‍; എത്തിയത് ചെറുകോലില്‍
മാവേലിക്കര: മാവേലിക്കരയില്‍ ആത്മബോധോദയ സംഘം സംഘടിപ്പിച്ച പരിപാടിയിക്കിടെ വേദി മാറി കയറി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മാവേലിക്കര കൊറ്റാര്‍കാവിലെ പരിപാടിക്കു പകരം ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള ഉദ്ഘാടകനായ ചെറുകോലിലെ പരിപാടിയിലേക്കാണ് പോലീസ് സംഘം മന്ത്രി വീണാ ജോര്‍ജിനെ എത്തിച്ചത്.
ആത്മബോധോദയ സംഘം മാവേലിക്കര ചെറുകോലില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍ പിള്ളയായിരുന്നു ഉദ്ഘാടകന്‍. കൊടിക്കുന്നില്‍ സുരേഷ് എംപി, ശുഭനന്ദാശ്രമാധിപതി ദേവാനന്ദ ഗുരുദേവൻ, ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് മാര്‍ സേവറിയോസ് തുടങ്ങി മുന്‍കൂട്ടി നിശ്ചയിച്ചവര്‍ മാത്രമായിരുന്നു വേദിയിലുണ്ടായിരുന്നത്.
ഗവര്‍ണറുടെ ഉദ്ഘാടന പ്രസംഗത്തിന് ശേഷമായിരുന്നു അവിചാരിതമായി ആരോഗ്യമന്ത്രി വേദിയിലേക്ക് കടന്നുവന്നത്. . വേദിയിലെത്തി ഏതാനും നിമിഷങ്ങള്‍ക്ക് ശേഷമാണ് ആരോഗ്യമന്ത്രി പങ്കെടുക്കേണ്ട പരിപാടിയല്ലെന്ന് മനസ്സിലായത്. കൊടിക്കുന്നില്‍ സുരേഷ് എംപി വിവരം സൂചിപ്പിച്ചതോടെ മന്ത്രി ഉടന്‍ തന്നെ വേദിയില്‍നിന്ന് മടങ്ങുകയും ചെയ്തു.
എല്ലാവരുമായി സൗഹൃദം പങ്കിട്ട ശേഷമാണ് മന്ത്രി വേദി വിട്ടത്. ആത്മബോധോദയ സംഘം മാവേലിക്കര കൊറ്റാര്‍ക്കാവില്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു മന്ത്രിക്ക് പങ്കെടുക്കേണ്ടിയിരുന്നത്. ഗുരുതരമായ പ്രോട്ടോകോള്‍ ലംഘനവും സുരക്ഷാ വീഴ്ചയുമാണ് പോലീസിന്‍റെ പിഴവിലൂടെ ഉണ്ടായതെന്നാണു വിമര്‍ശനം.