06 May, 2022 11:54:15 AM
കെഎസ്ആർടിസിക്ക് തിരിച്ചടി; വിപണി വിലയ്ക്ക് ഇന്ധനം നൽകാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
കൊച്ചി: കെഎസ്ആർടിസിക്ക് തിരിച്ചടിയേകി ഹൈക്കോടതി നടപടി; വിപണി വിലയ്ക്ക് കെഎസ്ആർടിസിക്ക് ഇന്ധനം നൽകാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. എണ്ണക്കമ്പനികളുടെ അപ്പീൽ ഹൈക്കോടതി അംഗീകരിച്ചു. കെഎസ്ആർടിസിക്ക് റീട്ടെയിൽ വിലയ്ക്ക് ഡീസൽ നല്‍കണമെന്ന സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ബി.പി.സി.എൽ ഓയിൽ എന്നീ കമ്പനികളാണ് അപ്പീൽ നൽകിയത്.
കെഎസ്ആർടിസിയുടെ ഹർജിയിലാണ് സിംഗിൾ ബെഞ്ച് റീട്ടെയിൽ വിലയ്ക്ക് ഡീസൽ നൽകാൻ ഇടക്കാല ഉത്തരവിട്ടത്. കെഎസ്ആർടിസിയുടെ ഹർജി നിയമപരമായി നിലനിൽക്കില്ലെന്നായിരുന്നു എണ്ണക്കമ്പനികളുടെ അപ്പീലിലെ വാദം. റീട്ടെയിൽ കമ്പനികൾക്ക് നൽകുന്ന വിലയേക്കാൾ മുപ്പത് രൂപയോളം അധിക വിലയാണ് ഒരു ലീറ്റർ ഡീസലിന് പൊതുമേഖലാ എണ്ണക്കമ്പനികൾ കെഎസ്ആർടിസിയിൽ നിന്ന് ഇടാക്കിയിരുന്നത്.
ഈ വില നിർണയം വിവേചനപരമെന്നും പൊതുതാത്പര്യത്തിനെതിരെന്നും ആരോപിച്ച് കെഎസ്ആർടിസി നൽകിയ ഹർജിയില്‍ ഹൈക്കോടതി നേരത്തെ ഉത്തരവിറക്കിയിരുന്നു. വൻകിട ഉപഭോക്താവ് എന്ന പേരിൽ കെഎസ്ആർടിസിയിൽ നിന്ന് ഡീസലിന് അധിക നിരക്ക് ഈടാക്കിയിരുന്ന എണ്ണക്കമ്പനികളുടെ നടപടി ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ തടയുകയായിരുന്നു.
എണ്ണക്കമ്പനികളുടെ വില നിർണയത്തിൽ പ്രഥമദ്യഷ്ടാ അപാകതയുണ്ടെന്ന പരാർമശത്തോടെയാണ് റീട്ടയില്‍ കമ്പനികള്‍ക്ക് നൽകുന്ന അതേ വിലക്ക് തന്നെ കെഎസ്ആർടിസി ഡീസൽ നൽകണമെന്ന് കോടതി നിർദേശിച്ചത്. പൊതുസേവന മേഖലയിലുളള കെഎസ്ആർടിസിയോട് കൂടുതൽ തുക വാങ്ങുകയും സ്വകാര്യ ബസ് ഓപ്പറേറ്റർമാരിൽ നിന്ന് കുറഞ്ഞ തുക ഈടാക്കുകയും ചെയ്യുന്ന നടപടി വിവേചനപരമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു.