02 May, 2022 04:11:39 PM


ജഡ്ജി ഹണി എം. വർഗീസിന് എതിരായ ഹൈക്കോടതി പരാമർശം സുപ്രീം കോടതി സ്റ്റേ ചെയ്തു



ന്യൂഡൽഹി: കിഴക്കമ്പലം ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിനെ കൊലപ്പെടുത്തിയവരുടെ പാര്‍ട്ടിയുമായി ജഡ്ജി ഹണി എം. വര്‍ഗീസിന് ബന്ധമുണ്ടെന്ന ഹൈക്കോടതി ഉത്തരവിലെ പരാമര്‍ശം സുപ്രീം കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസുമാരായ വിനീത് ശരണ്‍, ജെ കെ മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ചാണ് ഹൈക്കോടതി വിധിയിലെ പരാമര്‍ശങ്ങള്‍ സ്റ്റേ ചെയ്തത്. 

സംസ്ഥാന സര്‍ക്കാര്‍, ദീപുവിന്റെ അച്ഛന്‍ കുഞ്ഞാരു, സിപിഎം പ്രവര്‍ത്തകരായ നാല് പ്രതികള്‍ എന്നിവര്‍ക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു. സിപിഎം പ്രവര്‍ത്തകരായ പ്രതികളുടെ ജാമ്യാപേക്ഷ തൃശൂര്‍ കോടതിയിലേക്ക് മാറ്റിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിലായിരുന്നു ജഡ്ജിക്കെതിരായ പ്രതികൂല പരാമര്‍ശങ്ങള്‍. 

ഫേസ് ബുക്ക് പോസ്റ്റുകളില്‍ നിന്ന് ജഡ്ജിക്ക് സിപിഎം അടുപ്പമുണ്ട് എന്ന് ദീപുവിന്റെ അച്ഛന്‍ കുഞ്ഞാരു ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. അതിനാല്‍ ദീപു വധക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയില്‍ തനിക്ക് നീതിപൂര്‍ണ്ണമായ നിലപാട് ജഡ്ജി ഹണി എം വര്‍ഗീസില്‍ നിന്ന് ലഭിക്കില്ലെന്നായിരുന്നു കുഞ്ഞാരു ഹൈക്കോടതിയില്‍ ആരോപിച്ചിരുന്നത്.

ഈ ആരോപണം ഹൈക്കോടതി ഉത്തരവില്‍ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍, ആരോപിക്കപ്പെടുന്ന ഫേസ് ബുക്ക് പോസ്റ്റുകള്‍ ഹാജരാക്കപ്പെട്ടിരുന്നില്ലെന്ന് ജഡ്ജി ഹണി എം വര്‍ഗീസിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ വി. ഗിരിയും അഭിഭാഷക ലിസ് മാത്യുവും കോടതിയില്‍ ചൂണ്ടിക്കാട്ടി.

രാഷ്ട്രീയ ബന്ധത്തെ സംബന്ധിച്ച ഹൈക്കോടതി പരാമര്‍ശം തികച്ചും അനാവശ്യമാണെന്നും ഇരുവരും വാദിച്ചു. ആറാഴ്ചയ്ക്ക് ശേഷം ഹണി എം. വര്‍ഗീസിന്റെ ഹര്‍ജി സുപ്രീംകോടതി വീണ്ടും പരിഗണിക്കും. നടിയെ ആക്രമിച്ച കേസ് പരിഗണിക്കുന്ന വിചാരണ കോടതി ജഡ്ജി കൂടിയാണ് ഹണി എം വര്‍ഗീസ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K