01 May, 2022 01:21:50 PM
പി.സി.ജോർജിന് ജാമ്യം: അറസ്റ്റ് മുസ്ലീം തീവ്രവാദികൾക്ക് പിണറായിയുടെ റംസാൻ സമ്മാനമെന്ന് ജോർജ്
തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയുടെ പേരിൽ അറസ്റ്റിലായ പൂഞ്ഞാർ മുൻ എംഎൽഎ പി.സി.ജോർജിനു ജാമ്യം. ഉപാധികളോടെയാണ് ജോർജിനു ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കരുത്, വിദ്വേഷ പ്രസംഗം നടത്തരുത്, അന്വേഷണ ഉദ്യോഗസ്ഥൻ വിളിച്ചാൽ ഹാജരാകണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
ജുഡിഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പോലീസ് ജോർജിനു ജാമ്യം കൊടുക്കരുതെന്നു വാദിച്ചിരുന്നു. എന്നാൽ, കോടതി അംഗീകരിച്ചില്ല. അതേസമയം, താൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുകയാണെന്നു ജാമ്യം കിട്ടി പുറത്തുവന്നതിനു ശേഷം അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. തീവ്രവാദികൾക്കു പിണറായി വിജയൻ സർക്കാർ കൊടുത്ത റംസാൻ സമ്മാനമാണ് തന്‍റെ അറസ്റ്റും ബഹളങ്ങളുമെന്നു ജോർജ് ആരോപിച്ചു. അറസ്റ്റിനു പിന്നിൽ വലിയ രാഷ്‌ട്രീയമുണ്ട്.
യുഡിഎഫും എൽഡിഎഫും തീവ്രവാദികളുടെ പിന്തുണയോടെയാണ് മുന്നോട്ടു നീങ്ങുന്നത്. അവരുടെ ഗൂഢാലോചനയുടെ ഫലമാണ് തനിക്കെതിരേയുള്ള നീക്കമെന്നും ജോർജ് കുറ്റപ്പെടുത്തി. എന്നെ ഫോണിൽ വിളിച്ചാൽ ഞാൻ കോടതിവരും. എന്നിട്ട് തിരുവനന്തപുരത്തുനിന്നു പത്തന്പതു പോലീസ് പുലർച്ചെ ഈരാറ്റുപേട്ട എന്നെ അറസ്റ്റ് ചെയ്യാൻ വന്നു. വല്ല കാര്യവുമുണ്ടോയെന്നും ജോർജ് ചോദിച്ചു