29 April, 2022 11:08:46 AM
കത്തീഡ്രൽ പ്രഖ്യാപനത്തെ ചൊല്ലി തർക്കം; പാളയം എൽഎംഎസ് പള്ളിയിൽ സംഘർഷം
തിരുവനന്തപുരം: പാളയം എൽഎംസ് പള്ളി കത്തീഡ്രലായി പ്രഖ്യാപിച്ചതിനെത്തുടർന്ന് എതിർപ്പുമായി ഒരു വിഭാഗം വിശ്വാസികൾ റോഡ് ഉപരോധിച്ചു. ഇന്ന് രാവിലെ മുതലായിരുന്നു പള്ളിക്ക് മുൻപിൽ നാടകീയ സംഭവങ്ങൾ നടന്നത്.
പള്ളിയെ കത്തീഡ്രലായി സിഎസ്ഐ ദക്ഷിണ കേരള മഹായിടവക ബിഷപ് ധർമരാജ് റസാലം പ്രഖ്യാപിച്ചു. നിലവിലുണ്ടായിരുന്ന പള്ളിക്കമ്മിറ്റിയെ പിരിച്ചുവിട്ടതായും 20 പേരടങ്ങുന്ന അഡ്ഹോക്ക് കമ്മിറ്റിയെ നിയോഗിച്ചതായും ബിഷപ് പറഞ്ഞു. പള്ളിയെ കത്തീഡ്രലാക്കുന്നതിനെതിരെ ഒരു വിഭാഗവും ഇതിന് അനുകൂലിക്കുന്ന മറു വിഭാഗവും രംഗത്തെത്തിയതോടെയാണ് സംഘർഷത്തിനും നാടകീയ രംഗങ്ങൾക്കും കാരണമായത്.
പള്ളി പ്രതിഷേധക്കാരിൽനിന്നു മോചിപ്പിക്കാനായെന്ന് ബിഷപ് പ്രഖ്യാപിച്ചു. തുടർന്ന് ജെസിബിയുടെ സഹായത്തോടെ പള്ളിയുടെ കോന്പൗണ്ടിൽ കത്തീഡ്രൽ എന്ന ബോർഡ് സ്ഥാപിച്ചു. ഈ സമയവും ഒരു വിഭാഗം വിശ്വാസികൾ ചുറ്റും നിന്നു പ്രതിഷേധിച്ചു. പോലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് പള്ളിക്കുള്ളിൽ കത്തീഡ്രൽ ആയി പ്രഖ്യാപിച്ച ശേഷമുള്ള ശുശ്രൂഷകൾ നടക്കുന്പോഴും പുറത്തു പ്രതിഷേധവും റോഡ് ഉപരോധവുമായി ഒരു വിഭാഗം തടിച്ചു കൂടിയിരിക്കുകയായിരുന്നു.
അതേസമയം, പള്ളിയിലെ 99 ശതമാനം ആളുകളും കത്തീഡ്രൽ ആക്കുന്നതിനോട് യോജിപ്പുള്ളവർ ആണെന്നു ബിഷപ് പിന്നീടു പ്രതികരിച്ചു. ചെറിയൊരു വിഭാഗം മാത്രമാണ് എതിർക്കുന്നത്. എതിർപ്പുമായി എത്തിയിരിക്കുന്നവർ എല്ലാവരും ഈ പള്ളി അംഗങ്ങൾ തന്നെയാണോയെന്ന് ഉറപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. കത്തീഡ്രൽ ആയി പ്രഖ്യാപിച്ചതോടെ പള്ളി ബിഷപ്പിന്റെ ആസ്ഥാന ദേവാലയമായി മാറി.