26 April, 2022 10:54:06 PM


ദീർഘദൂര യാത്രയ്ക്കായി 116 സ്വിഫ്റ്റ് ബസുകൾ നിരത്തിലിറക്കും - മന്ത്രി ആന്റണി രാജു




കോട്ടയം: ദീർഘദൂര യാത്രയ്ക്കായി 116 കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് ബസുകൾ കൂടി നിരത്തിലിറക്കുമെന്ന് ഗതാഗത വകുപ്പുമന്ത്രി അഡ്വ. ആന്റണി രാജു പറഞ്ഞു. എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 5.15 കോടി രൂപ ചെലവഴിച്ച് നവീകരിക്കുന്ന ചങ്ങനാശേരി കെ.എസ്.ആർ.ടി.സി. പുതിയ ബസ് ടെർമിനൽ കോംപ്ലക്സിന്റെ നിർമാണ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.


ചങ്ങനാശ്ശേരി, കോട്ടയം, പാലാ ഡിപ്പോകൾ ഉൾപ്പെടെ സംസ്ഥാനത്തെ പഴക്കംചെന്ന ബസ് സ്റ്റാൻഡുകൾ നവീകരിച്ച് പൊതുഗതാഗതസൗകര്യങ്ങൾ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. സ്വിഫ്റ്റ് ബസുകൾ ദീർഘദൂര സർവീസുകൾ ആരംഭിച്ച് യാത്രാ നിരക്ക് നിജപ്പെടുത്തിയതോടെ സ്വകാര്യ ബസുകളും ചാർജ്ജ് കുറയ്ക്കാൻ നിർബന്ധിതരായി. ജനങ്ങൾക്കാണ് ഇതിന്റെ പ്രയോജനമുണ്ടായത്. 30 ബസുകളുടെ പെർമിറ്റ് കിട്ടി ഇറക്കിയത് വരുമാനത്തിലും സേവനത്തിലും കെ.എസ്.ആർ.ടി.സി.ക്കു കരുത്തു പകരും. 


ഉപയോഗ്യശൂന്യമായ യാര്‍ഡുകളില്‍ കിടക്കുന്ന 976 ബസുകളില്‍ മൂന്നു തലത്തിലുള്ള നടപടി ക്രമങ്ങളിലൂടെ 200 ബസുകള്‍ വിറ്റുകഴിഞ്ഞു. 250 ബസുകള്‍ വില്‍ക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. ഇത്തരം 300 ബസുകളെ ഷോപ്‌സ് ഓണ്‍ വീല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിക്കൊണ്ടിക്കുന്നു. സ്വകാര്യ ബസുകളുള്‍പ്പെടെ കേരളത്തിലോടുന്ന ബസുകളില്‍ ഏറ്റവും മെച്ചപ്പെട്ട സംവിധാനങ്ങളുള്ള ബസാണ് കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ്.


കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നാൽപതിനായിരത്തോളം പെൻഷൻകാർക്ക് സമയബന്ധിതമായി പെൻഷൻ നല്കാൻ സാധിച്ചത് സഹകരണ വകുപ്പിന്റെ കുറഞ്ഞ പലിശയുള്ള വായ്പ കൊണ്ടാണെന്നും മന്ത്രി പറഞ്ഞു. 
സ്വകാര്യബസുകളിലെ യാത്രാനിരക്ക് ഭീമമായിരിക്കുമെന്ന സത്യം ജനങ്ങൾ തിരിച്ചറിയണമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച സഹകരണ-രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. കുറഞ്ഞ നിരക്കിൽ ദീർഘദൂര സർവീസായ സ്വിഫ്റ്റ് ബസ്, ഗ്രാമങ്ങളിലേക്ക് ആനവണ്ടി, ടൂറിസ്റ്റു കേന്ദ്രങ്ങളിലേക്ക് പ്രത്യേക വണ്ടികൾ, ബസ് സ്റ്റേഷനുകളുടെ നവീകരണം എന്നിവ കെ.എസ്.ആർ.ടി.സി.യുടെ വികസനത്തിലേക്കുള്ള പാതയാണെന്ന് മന്ത്രി പറഞ്ഞു.


ബസ് ടെർമിനലിലെ യാർഡിന്റെ നിർമാണത്തിനായി രണ്ടുകോടി രൂപ അധികമായി അനുവദിച്ചതായി അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ. ആമുഖപ്രസംഗത്തിൽ പറഞ്ഞു. ചങ്ങനാശേരി നഗരസഭാധ്യക്ഷ സന്ധ്യാ മനോജ് മുഖ്യാതിഥിയായി. വാർഡംഗം ബീനാ ജോബ്, ഗതാഗത വകുപ്പ് സെക്രട്ടറിയും കെ.എസ്.ആർ.ടി.സി. ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടറുമായ ബിജു പ്രഭാകർ, മദ്ധ്യമേഖല എക്സിക്യൂട്ടീവ് ഡയറക്ടർ ഇൻ ചാർജ് എസ്. രമേഷ്, കെ.എസ്.ആർ.ടി.സി. മുൻ ഡയറക്ടർ ബോർഡംഗവും ട്രിവാൻഡ്രം സ്പിന്നിംഗ് മിൽ ചെയർമാനുമായ സണ്ണി തോമസ്, ഡി.റ്റി.ഒ. പി. അനിൽകുമാർ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ കെ.സി. ജോസഫ്, പി.എച്ച്. നാസർ, അഡ്വ. കെ. മാധവൻപിള്ള, ലാലിച്ചൻ കുന്നിപ്പറമ്പിൽ, മാത്യൂസ് ജോർജ്ജ്, ബാബു തോമസ്, ലിനു ജോബ്, ജോൺ മാത്യു മൂലയിൽ, ജെയിംസ് കാലാവടക്കൻ, നവാസ് ചുടുകാട്, മൻസൂർ, കെ.എസ്.ആർ.ടി.സി. ജീവനക്കാരുടെ സംഘടനാ പ്രതിനിധികളായ പി.എസ്. ശ്രീരാജ്, എസ്. നലീസ്‌കുമാർ, എസ്. സനിൽ എന്നിവർ പ്രസംഗിച്ചു.


മൂന്നു ഘട്ടങ്ങളിലായി 18 മാസം കൊണ്ടാണ് ബസ് ടെർമിനൽ കോപ്ലക്സിന്റെ നിർമാണം പൂർത്തീകരിക്കുക. യാത്രക്കാർക്ക് താൽക്കാലിക ബസ് ഷെൽട്ടറുകൾ നിർമിക്കും. തുടർന്ന് നിലവിലെ സ്റ്റാൻഡിലെ പഴയ കെട്ടിടം പൊളിച്ചു നീക്കും. മൂന്നാംഘട്ടമായി ക്ലോക്ക് റൂം, വെയിറ്റിംഗ് റൂം, മൾട്ടി ലെവൽ പാർക്കിംഗ് സംവിധാനം, ഭിന്നശേഷി, സ്ത്രീ സൗഹൃദ ടോയ്ലറ്റ് എന്നിവയടക്കം പുതിയ കെട്ടിടത്തിന്റെ നിർമാണം ആരംഭിക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K