23 April, 2022 02:40:29 PM
കെഎസ്ഇബിയില്‍ ഹിതപരിശോധന 28ന്; വര്‍ക്കര്‍മാരുടെ നിലപാട് നിര്‍ണായകം
കോഴിക്കോട്: വൈദ്യുതി ബോര്‍ഡില്‍ ട്രേഡ് യൂണിയനുകള്‍ക്ക് അംഗീകാരം നിശ്ചയിക്കുന്നതിനുള്ള ഹിതപരിശോധന 28നു നടക്കും. രണ്ടു പ്രമുഖ ഇടതുപക്ഷ ട്രേഡ് യൂണിയനുകള്‍ അടക്കം ഏഴു സംഘടനകളാണ് ഇത്തവണ മല്‍സര രംഗത്തുള്ളത്.
നിലവില്‍ ഇലക്ട്രിസിറ്റി വര്‍ക്കേഴ്സ് അസോസിയേഷന് (സിഐടിയു), ഇലക്ട്രിസിറ്റി വര്‍ക്കേഴ്സ് ഫെഡറേഷന് (എഐടിയുസി), യുഡിഎഫ് അനുകൂല യുണൈറ്റഡ് ഡമോക്രാറ്റിക് ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷന് (യുഡിഇഇഎഫ്) എന്നീ സംഘടനകള്‍ക്കാണ് അംഗീകാരമുള്ളത്. 2015-ലാണ് ഏറ്റവുമൊടുവില്‍ ബോര്‍ഡില്‍ ഹിതപരിശോധന നടന്നത്.
ഇത്തവണ ഈ മൂന്നു സംഘടനകള്‍ക്കു പുറമേ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി വര്‍ക്കേഴ്സ് യൂണിയന്, കേരള വൈദ്യുതി മസ്ദൂര്‍ സംഘ് (ബിഎംഎസ്), എക്സിക്യൂട്ടീവ് സ്റ്റാഫ് ഓര്ഗനൈസേഷന്, ഇലക്ട്രിസിറ്റി എംപ്ളോയീസ് ഫെഡറേഷന് എന്നീ സംഘടനകളാണു മത്സരം കടുപ്പിക്കാന്‍ രംഗത്തുള്ളത്. കഴിഞ്ഞ ഹിതപരിശോധനയില്‍ ഏറ്റവും കൂടതല്‍ വോട്ട് നേടിയത് സിഐടിയുവാണ്-47.2ശതമാനം.
യുഡിഇഇഎഫിന് 24.3 ശതമാനവും എഐടിയുസിക്ക് 16.5 ശതമാനവും വോട്ടാണ് ലഭിച്ചത്. സബ് എന്‍ജിനിയര്‍, ഓവര്‍സിയര്‍, ലൈന്മാന്, വര്‍ക്കര്‍ തസ്തികയിലുള്ള ജീവനക്കാരായ 26,246 പേരാണു വോട്ടര്‍മാര്‍. ഓഫീസര്‍മാര്‍ക്ക് വോട്ടവകാശമില്ല. കെഎസ്ഇബിയുടെ 76 ഡിവിവന് ഓഫീസുകളാണ് വോട്ടെടുപ്പു കേന്ദ്രങ്ങള്‍. വോട്ടെണ്ണല്‍ 30-ന് കൊച്ചിയില്‍ റീജണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണറുടെ ഓഫീസില്‍ നടക്കും. അന്നുതന്നെ ഫലപ്രഖ്യാപാനവും ഉണ്ടാവും.
ഹിതപരിശോധനയില്‍ ഏറ്റവും താഴെക്കിടയിലുള്ള ജീവനക്കാരായ വര്‍ക്കര്‍മാരുടെ വോട്ടുകളാണ് ഇത്തവണ നിര്‍ണായകമായിട്ടുള്ളത്. ഒമ്പതു വര്‍ഷമായി പ്രമോഷന് കിട്ടാത്തവരാണു വര്‍ക്കര്‍മാര്‍ . 2013-ല്‍ നിയമനം ലഭിച്ച വര്‍ക്കര്‍മാര്‍ പത്താം തരം പാസായി ഐടിഐ യോഗ്യത നേടാത്തതിനാലാണു പ്രമോഷന് മുടങ്ങിക്കിടക്കുന്നത്.
2010-ലെ പിഎസ്സി വിജ്ഞാപന പ്രകാരം പത്താം ക്ലാസ് തോറ്റവരെയാണ് ഈ തസ്തികയിലേക്കു വിളിച്ചിരുന്നത്. എന്നാല്‍ 2013-ല്‍ കേന്ദ്ര ഇലക്ട്രിസിറ്റി നിയമം പ്രാബല്യത്തില്‍ വന്നതോടെ ഇവര്‍ക്കു പ്രമോഷന് ലഭിക്കണമെങ്കില്‍ ഐടിഐ യോഗ്യതവേണമെന്നു നിഷ്കര്‍ഷിച്ചു. ഇതില്‍ ഇളവു വരുത്തണമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ വര്‍ക്കര്‍മാരുടെ വിദ്യാഭ്യാസ യോഗ്യത ഇളവു ചെയ്ത് ഉത്തരവിറക്കണം. എന്നാല്‍ , അത്തരമൊരു നടപടി സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവാത്തതു വര്‍ക്കര്‍മാര്‍ക്കിടയില്‍ അമർഷത്തിനു കാരണമായിട്ടുണ്ട്.
വ്യവസ്ഥകള്‍ക്കു വിധേയമായി ഇവര്‍ക്കു താത്കാലികമായി ലൈന്മാന് -രണ്ട് തസ്തികയിലേക്കു പ്രമോഷന് നല്‍കാമെന്ന് എജി ബോര്‍ഡിനു ശിപാര്‍ശ നല്‍കിയിട്ടുണ്ട്. ഇവര്‍ അഞ്ചു കൊല്ലംകൊണ്ട് ഐടിഐ സര്‍ട്ടിഫിക്കറ്റോ ഏഴു കൊല്ലംകൊണ്ട് ഡിപ്ലോമയോ നേടിയിരിക്കണമെന്നാണു വ്യവസ്ഥ. അല്ലാത്തപക്ഷം തരംതാഴ്ത്തപ്പെടും.
പത്താം ക്ലാസ് പാസാകാത്ത ഇത്തരത്തിലുള്ള രണ്ടായിരത്തോളം വര്‍ക്കര്‍മാര്‍ ബോര്‍ഡിലുണ്ട്. സിഐടിയുവിനെതിരേ എഐടിയുസി അടക്കമുള്ള സംഘടനകള്‍ പ്രചാരണായുധമാക്കുന്നതു വര്‍ക്കര്‍മാരുടെ പ്രമോഷന് വിഷയമാണ്. 2013 മുതല്‍ നടപ്പാക്കിയിട്ടുള്ള പങ്കാളിത്ത പെന്ഷന് പദ്ധതി പിന്‍വലിക്കണമെന്ന ആവശ്യവും ട്രേഡ് യൂണിയനുകള്‍ ഉയര്‍ത്തുന്നുണ്ട്.
പെന്ഷന് പ്രായം 60 ആക്കി ഏകീകരിക്കണെമന്ന ആവശ്യവും ജീവനക്കാര്‍ ഉന്നയിക്കുന്നുണ്ട്. വൈദ്യുതി ബോര്‍ഡില്‍ സിപിഎം അനുകൂല ഓഫീസര്‍മാര്‍ സമരരംഗത്തുള്ള ഘട്ടത്തിലാണു ഹിതപരിശോധന നടക്കുന്നത്. സര്‍ക്കാര്‍ അനുകൂല സംഘടന ബോര്‍ഡിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തുന്ന വിധത്തില്‍ നടത്തുന്ന സമരത്തില്‍ ജീവനക്കാര്‍ക്കിടയില്‍ അമര്‍ഷമുണ്ട്. ഇത് ഹിതപരിശോധനയില്‍ തങ്ങള്‍ക്കനുകൂലമാകുമെന്നാണ് എഐടിയുസിയും യുഡിഎഫ് അനുകൂല സംഘടനയുമെല്ലാം അവകാശപ്പെടുന്നത്.