20 April, 2022 09:42:33 AM
മൃഗങ്ങളോട് ക്രൂരത: സംസ്ഥാനത്ത് പെറ്റ് ഷോപ്പുകൾക്ക് താഴുവീഴുന്നു
പാലക്കാട്: സംസ്ഥാനത്തെ പെറ്റ് ഷോപ്പുകള്‍ക്ക് താഴുവീഴുന്നു. 2016 ഡിസംബറില്‍ മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമ ഭേദഗതി നിര്‍ദ്ദേശങ്ങള്‍ കര്‍ശനമാക്കാന്‍ തുടങ്ങിയതാണ് വളര്‍ത്തുമൃഗങ്ങളുടെ ചെറുകിട വില്പനശാലകള്‍ക്ക് തിരിച്ചടിയായത്.
നിയമപ്രകാരമുള്ള സ്ഥലപരിധികളും മാനദണ്ഡങ്ങളും പരിഗണിക്കുമ്പോള്‍ സംസ്ഥാനത്ത് ഭൂരിഭാഗം വളര്‍ത്തുമൃഗ വില്പനകേന്ദ്രങ്ങള്‍ക്കും വലിയ മാറ്റങ്ങള്‍ വരുത്തേണ്ടിവരും. പലതും മറ്റ് ഇടങ്ങളിലേക്ക് നീങ്ങേണ്ടിവരും. ചെറുകിട പെറ്റ് ഷോപ്പുടമകള്‍ക്ക് ഇത് അധിക സാമ്പത്തികബാദ്ധ്യതയുണ്ടാക്കുമെന്നാണ് ആക്ഷേപം. നിലവില്‍ സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് പെറ്റ്ഷോപ് കടയുടമകളെ നേരില്‍കണ്ട് നിയമം നടപ്പാക്കാനുള്ള കാര്യങ്ങള്‍ വിശദീകരിക്കുന്നുണ്ട്.
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം 2016ല്‍ കൊണ്ടുവന്ന് രണ്ട് വര്‍ഷത്തിനുശേഷം നടപ്പാക്കിയ ഭേദഗതി 38ാം സെക്ഷനിലാണ് വളര്‍ത്തുമൃഗങ്ങളുടെ വില്പന സംബന്ധിച്ച കാര്യങ്ങളുള്ളത്. നിയമം പ്രാബല്യത്തില്‍ വന്നെങ്കിലും കേരളം ഉള്‍പ്പെടെ സംസ്ഥാനങ്ങളില്‍ നിര്‍ദ്ദേശം നടപ്പാക്കിയിരുന്നില്ല. പട്ടിക്കുട്ടിയെ പാര്‍പ്പിക്കുന്ന ഇരുമ്ബുകൂടിന് 24 ചതുരശ്ര അടി വേണമെന്നാണ് പുതിയ നിര്‍ദ്ദേശം. നായ് വര്‍ഗങ്ങളുടെ അടുത്ത് പൂച്ചയുടെയോ ഇവ രണ്ടിന്റെയും അടുത്ത് പക്ഷി, മുയല്‍, പന്നികള്‍ തുടങ്ങിയവയുടെയോ കൂടുകള്‍ സജ്ജീകരിക്കാന്‍ പാടില്ല. ഈ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ വലിയ സൂപ്പര്‍ മാര്‍ക്കറ്റ് വലുപ്പത്തിലുള്ള കടമുറികള്‍ വേണ്ടിവരും.
മൂന്ന് മാസത്തിലൊരിക്കല്‍ വെറ്ററിനറി ഡോക്ടര്‍ പരിശോധന നടത്തി കടയുടമയ്ക്ക് സാക്ഷ്യപത്രം നല്‍കണം. മൃഗസംരക്ഷണ വകുപ്പിന് പുറമെ സൊസൈറ്റി ഫോര്‍ ദ പ്രിവന്‍ഷന്‍ ഒഫ് ക്രുവല്‍റ്റി ടു അനിമല്‍സ് (എസ്.പി.സി.എ) എന്ന സംഘടനയ്ക്കും വില്പനശാലകളില്‍ പരിശോധന നടത്താനും നടപടിക്ക് ശുപാര്‍ശ ചെയ്യാനും അധികാരമുണ്ടെന്നും ഭേദഗതിയില്‍ വ്യക്തമാക്കുന്നുണ്ട്. അറവുശാലയുടെ 100 മീറ്റര്‍ പരിധിയിലായിരിക്കരുത് വില്പനശാലയെന്നും നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നില്ലെങ്കില്‍ കടയുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതുള്‍പ്പെടെ നടപടി സ്വീകരിക്കാമെന്നും ഭേദഗതിയില്‍ പറയുന്നുണ്ട്.