18 April, 2022 07:42:44 PM
വാഹനങ്ങളില്‍ സണ്‍ഫിലിം ഒട്ടിക്കുവാന്‍ അനുവാദമില്ല - മന്ത്രി ആന്റണി രാജു
തിരുവനന്തപുരം: വാഹനങ്ങളില്‍ സണ്‍ഫിലിം ഒട്ടിക്കുവാന്‍ അനുമതിയില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. വാഹനങ്ങളുടെ മുന്‍-പിന്‍ സേഫ്റ്റി ഗ്ലാസ്സുകളില്‍ കുറഞ്ഞത് 70 ശതമാനവും വശങ്ങളില്‍ 50 ശതമാനവും സുതാര്യത ഉറപ്പു വരുത്തണമെന്ന് കേന്ദ്ര മോട്ടോര്‍ വാഹനചട്ടത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂളിംഗ് ഫിലിം, റ്റിന്റഡ് ഫിലിം, ബ്ലാക്ക് ഫിലിം എന്നിവ വാഹനങ്ങളുടെ ഗ്ലാസ്സുകളില്‍ ഒട്ടിക്കരുത് എന്ന് കോടതി വിധിയും നിലവിലുണ്ട്.
നിലവിലെ നിയമം ദുര്‍വ്യാഖ്യാനം ചെയ്ത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് മന്ത്രിയുടെ വിശദീകരണം. ഗ്ലെയിസിംഗ് പ്ലാസ്റ്റിക് ഒട്ടിക്കുന്നത് സംബന്ധിച്ച് ആവശ്യമെങ്കില്‍ നിയമോപദേശം തേടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നിലവില്‍ വാഹനങ്ങളില്‍ സണ്‍ഫിലിം ഉപയോഗിക്കാന്‍ നിയമം അനുവദിക്കാത്തതിനാല്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാൻ മന്ത്രി ആന്റണി രാജു ട്രാൻസ്പോർട്ട് കമ്മീഷണർക്ക് നിർദേശം നൽകി.