13 April, 2022 11:52:38 AM


"മഞ്ജു വാര്യരെ അല്ലേ ആദ്യം ചോദ്യം ചെയ്യേണ്ടത്? അവർക്കെങ്ങനെ 'അക്കാര്യം' മനസിലായി?" - ശ്രീജിത്ത് പെരുമന



കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ ഭാര്യയും നടിയുമായി കാവ്യ അടക്കം ഉള്ളവർക്കെതിരെ ഡിജിറ്റൽ തെളിവുകൾ ഉണ്ടെന്നുള്ള അന്വേഷണ സംഘത്തിന്റെ അവകാശവാദം കേസ് ദീർഘിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണെന്ന് അഡ്വ ശ്രീജിത്ത് പെരുമന. നടി ആക്രമിക്കപ്പെട്ട കേസിൽ അഞ്ച് വർഷമായിട്ടും ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡോ പെൻഡ്രൈവോ പോലും കണ്ടെത്താൻ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. തൊണ്ടികളും രേഖകളുമെല്ലാം കണ്ടെത്തുകയെന്നതാണ് ക്രിമിനൽ ഗൂഢാലോചന കേസിൽ ഏറ്റവും അടിസ്ഥാനമായ കാര്യമെന്നും ഒരു ചാനൽ ചർച്ചയിൽ അദ്ദേഹം പറഞ്ഞു. ശ്രീജിത്തിന്റെ വാക്കുകളിലേക്ക്

'കാവ്യയടക്കം ഉള്ളവർക്കെതിരെ ഡിജിറ്റൽ തെളിവുകൾ ഉണ്ടെന്ന് അന്വേഷണ സംഘം പറുന്നത്. കേസന്വേഷണം ദീർഘിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്. 2017 ലാണ് നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ അഞ്ച് വർഷം കഴിഞ്ഞു. നടി ആക്രമിപ്പെട്ട ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡോ പെൻഡ്രൈവോ പോലും ഇതുവരെ കണ്ടെടുക്കാൻ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല.തൊണ്ടികളും രേഖകളുമെല്ലാം കണ്ടെത്തുകയെന്നതാണ് ക്രിമിനൽ ഗൂഢാലോചന കേസിൽ ഏറ്റവും അടിസ്ഥാനമായ കാര്യം.

ഇപ്പോൾ കേസിൽ കാവ്യ മാധവനെ പരാമർശിച്ചു കൊണ്ട് സുരാജിന്റേതായി പുറത്തുവന്ന ഓഡിയോ ആധികാരികമാണെന്ന് സമ്മതിച്ചാൽ തന്നെ അതിൽ പറയുന്നത് കാവ്യ മാധവന്റെ കൂട്ടുകാരികൾ കാവ്യയ്ക്ക് വെച്ച പണിയാണെന്നാണ്. അതെങ്ങനെയാണ് കാവ്യ ഗൂഢാലോചന നടത്തിയതാണെന്ന് വ്യാഖ്യാനിക്കാൻ സാധിക്കുക. കാവ്യയ്ക്ക് വെച്ച പണി തന്നെയാണിത്. പൾസർ സുനി, മാർട്ടിൻ, വിജീഷ് എന്നിവരടക്കമുള്ള പ്രതികളാണ് വെച്ചത്. അപ്പോൾ അതിൽ ഗൂഢാലോചന ഇല്ലേ?

മുഖ്യമന്ത്രി പോലും കേസിൽ ഗൂഢാലോചന ഇല്ലെന്ന് പറഞ്ഞ ഘട്ടത്തിൽ മൈക്ക് കെട്ടി ദിലീപിന്റെ ആദ്യ ഭാര്യയായ മഞ്ജു വാര്യരാണ് പറഞ്ഞത് കേസിൽ ഗൂഢാലോചന ഉണ്ടെന്നത്. അന്ന് ലോകം ഞെട്ടി. എങ്ങനെയാണ് റേപ്പ് കേസിൽ ഒരാൾക്ക് ക്വട്ടേഷൻ നൽകാൻ സാധിക്കുകയെന്ന ചോദ്യം വന്നില്ലേ? സപ്ലിമെന്ററി ചാർജ് ഷീറ്റിൽ അല്ലേ ദിലീപിനെ പ്രതി ചേർത്തത്.

മഞ്ജു വാര്യരെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തെന്ന് അറിയാൻ സാധിച്ചു. എന്നാൽ മഞ്ജുവിനെയല്ലേ നേരത്തേ ചോദ്യം ചെയ്യേണ്ടിയിരുന്നത്. പോലീസിനോ ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിക്കോ അറിയാത്ത ഗൂഢാലോചന എങ്ങനെ താങ്കൾക്ക് മനസിലായി എന്ന് അവരോട് ചോദിക്കണമായിരുന്നു.

ഇപ്പോൾ യാതൊരു ക്രൈഡിബിളിറ്റിയുമില്ലെന്ന് ഹൈക്കോടതി തന്നെ പറഞ്ഞ ബാലചന്ദ്രകുമാർ പുറത്തുവിടുന്ന ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ ഓരോ ദിവസവും പല ഗൂഢാലോചന സിദ്ധാന്തവും മെനഞ്ഞ് ദിലീപിനെ വേട്ടയാടുകയാണ്. ദിലീപ് കുറ്റവാളിയാണെങ്കിൽ ശിക്ഷിക്കപ്പെടണം. എന്നാൽ ഇപ്പോൾ അദ്ദേഹത്തിനും കുടുംബത്തിനുമെതിരെ വലിയ രീതിയിലുള്ള വേട്ടയാടൽ നടക്കുകയാണ്.

ചോദ്യം ചെയ്യുക, റിക്കവറി നടക്കുക, നോട്ടീസ് നൽകുക എന്നതൊക്കെ കേസിൽ സ്ഥിരം നടക്കുന്ന കാര്യങ്ങൾ തന്നെയാണ്. അതിൽ അസ്വാഭാവികതകൾ ഒന്നുമില്ല. മൊഴി നൽകാൻ താൻ ഹാജരാകില്ലെന്ന് കാവ്യ പറഞ്ഞിട്ടില്ല. ബാലചന്ദ്രകുമാറിനെ ഉപയോഗിച്ച് ദിലീപിനെ വീണ്ടും ജയിലിലക്ക് അയക്കാൻ പറ്റാത്ത സാഹചര്യം ഉണ്ടായപ്പോൾ ഏപ്രിൽ 15 ന് എന്ന ഡെഡ് ലൈൻ മറികടക്കാൻ കൊണ്ടുവന്നിട്ടുള്ള ബാലചന്ദ്രകുമാറിന്റെ രണ്ടാം വേർഷനാണ് സായ് ശങ്കർ. സായ് ശങ്കർ മാപ്പു സാക്ഷിയാകും എന്നാണ് പറഞ്ഞത്.

അങ്ങനയാണെങ്കിൽ തന്നെ സായ് ശങ്കറും പ്രോസിക്യൂഷനും ഓഡിയോകൾ ഉൾപ്പെടെയുള്ളവയുടെ ആധികാരികത തെളിയിക്കേണ്ടി വരും. ഇപ്പോൾ പുറത്തുവന്ന ഓഡിയോകളിൽ ഉള്ളത് ഈ പറയുന്ന ആളുകളുടെ ശബ്ദമാണെങ്കിൽ തന്നെ വധഗൂഢാലോചന കേസിലും നടി ആക്രമിക്കപ്പെട്ട കേസിലും ദിലീപിൻറേയും കാവ്യയുടേയും പങ്ക് എങ്ങനെ സ്ഥാപിക്കാൻ പറ്റും? കേസിലെ പ്രതികളിലൊരാൾ കാവ്യ മാധവന്റെ സ്ഥാപനമായ ലക്ഷ്യയിലേക്ക് വന്നിട്ടുണ്ടെങ്കിൽ ഓഡിയോ റെക്കോഡിൽ പറയുന്നത് പോലെ കാവ്യക്കിട്ട് പണികൊടുക്കാൻ വേണ്ടിയാണ്.' - ശ്രീജിത്ത് പെരുമന പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K