12 April, 2022 12:08:41 PM
'കന്നിയാത്രയില്‍ കല്ലുകടി': മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്ത കെ സ്വിഫ്റ്റ് ബസ് അപകടത്തില്‍പെട്ടു
തിരുവനന്തപുരം: ഇന്നലെ സർവീസ് തുടങ്ങിയ കെ.എസ്.ആർ.ടി.സിയുടെ കെ-സ്വിഫ്റ്റ് ബസ് അപകടത്തിൽപ്പെട്ടു. തിരുവനന്തപുരം കല്ലമ്പലത്തിന് സമീപമാണ് അപകടമുണ്ടായത്. തമ്പാനൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്ത ആദ്യ ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ബസിന്‍റെ 35,000 രൂപ വിലയുള്ള സൈഡ് മിറർ ഇളകിയിട്ടുണ്ട്. ഗജരാജ വോൾവോ ബസ് മറ്റൊരു വാഹനവുമായി ഇടിക്കുകയായിരുന്നുവെന്നാണ് വിവരം.
അപകടത്തെതുടര്‍ന്ന് ബസ് കെ.എസ്.ആർ.ടി.സിയുടെ വർക്ക്ഷോപ്പിലെത്തിച്ചു. ഇളകിയ മിററിന് പകരമായി സാധാരണ കെഎസ്ആര്‍ടിസി ബസിന്‍റെ സൈഡ് മിറര്‍ ഘടിപ്പിച്ച് സര്‍വ്വീസ് തുടര്‍ന്നു. ഇന്നലെ വൈകുന്നേരമാണ് കെ എസ് ആർ ടി സി യുടെ അഭിമാന പദ്ധതിയായ കെ-സ്വിഫ്റ്റ് ബസ് മുഖ്യമന്ത്രി ഫ്ളാഗ്ഓഫ് ചെയ്തത്.
സംസ്ഥാന സർക്കാർ ആദ്യമായാണ് സ്ലീപ്പർ സംവിധാനമുള്ള ബസുകൾ നിരത്തിലിറക്കുന്നത്. അന്തർ സംസ്ഥാന സർവീസുകൾക്കാണ് കെ സ്വിഫ്റ്റിലെ കൂടുതൽ ബസുകളും ഉപയോഗിക്കുക. സംസ്ഥാനത്തെ പൊതുഗതാഗതമേഖലിയില്‍ പുതുയുഗത്തിന് തുടക്കം എന്ന ആശയവുമായാണ് കെഎസ്ആര്‍ടിസി സ്വിഫ്റ്റിന് തുടക്കമായിരിക്കുന്നത്. ദീര്‍ഘദൂര സര്‍വ്വീസുകള്‍ക്കായി സര്‍ക്കാര്‍ രൂപീകരിച്ച സ്വതന്ത്ര കമ്പനിയാണിത്.
സര്‍ക്കാര്‍ അനുവദിച്ച 100 കോടി കൊണ്ട് വാങ്ങിയ 116 ബസുകളിൽ 99 ബസുകളാണ് ആദ്യഘട്ടത്തിൽ സർവീസ് തുടങ്ങുന്നത്. 99 ബസുകളിൽ 28 എണ്ണം എസി ബസുകളാണ്. ഇതില്‍ 8 എണ്ണം എസി സ്ളീപ്പറും, 20 എണ്ണം എസി സെമി സ്ളീപ്പറുകളുമാണ്. കെ എസ് ആർ ടി സി യെ നവീകരിക്കാനുള്ള സർക്കാരിന്‍റെ ഏറ്റവും പുതിയ സംരംഭമാണ് കെ എസ് ആർ ടി സി സ്വിഫ്റ്റ് ലിമിറ്റഡ്. കെഎസ്ആര്‍ടിസിയുടെ ദയാവധത്തിന് വഴിവക്കുന്നുവെന്നാരാപോപിച്ച് ഐഎന്‍ടിയുസി, ബിഎംഎസ് ആഭിമുഖ്യത്തിലുള്ള പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ ചടങ്ങ് ബഹിഷ്കരിച്ചു.