12 April, 2022 07:49:42 AM
വീട്ടിൽ പറ്റില്ലെന്ന് ക്രൈംബ്രാഞ്ച്; വീട്ടിലേ പറ്റൂ എന്ന് കാവ്യ: ചോദ്യം ചെയ്യൽ അനിശ്ചിതത്വത്തിൽ
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവനെ ചോദ്യം ചെയ്യുന്നത് അനിശ്ചിതത്വത്തില്‍. ദിലീപിന്‌റെ സഹോദരീ ഭര്‍ത്താവ് സുരാജിന്റെതെന്ന് കരുതുന്ന ഓഡിയോ ക്ലിപ്പില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കാവ്യയുടെ പേര് പരാമര്‍ശിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് കാവ്യാ മാധവന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയത്.
തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആയിരുന്നു ക്രൈംബ്രാഞ്ച് കാവ്യാ മാധവനോട് ആവശ്യപ്പെട്ടിരുന്നത്. രാവിലെ 11 മണിക്ക് ആലുവ പോലീസ് ക്ലബ്ബില്‍ ഹാജരാകാനായിരുന്നു നോട്ടീസ്. എന്നാല്‍ തിങ്കളാഴ്ച ഹാജരാകാനാകില്ലെന്നാണ് കാവ്യ മറുപടി നല്‍കിയത്. താന്‍ ചെന്നൈയില്‍ ആണെന്നും തിരിച്ച് എത്തിയതിന് ശേഷം ചോദ്യം ചെയ്യലിന് ഹാജരാകാമെന്നും കാവ്യ അറിയിച്ചു.
മാത്രമല്ല, ആലുവ പോലീസ് ക്ലബ്ബില്‍ ഹാജരാകുന്നതിന് ബുദ്ധിമുട്ടുണ്ടെന്നും ബുധനാഴ്ച ആലുവയിലെ വീട്ടില്‍ വന്നാല്‍ മൊഴിയെടുക്കാം എന്നും കാവ്യാ മാധവന്‍ അന്വേഷണ സംഘത്തിന് മറുപടി നല്‍കി. ഇത് പ്രകാരം ചോദ്യം ചെയ്യല്‍ ക്രൈംബ്രാഞ്ച് ബുധനാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് 2 മുതല്‍ 3 വരെയായിരുന്നു ചോദ്യം ചെയ്യലിന് സമയം നിശ്ചയിച്ചിരുന്നത്.
കേസിലെ സാക്ഷി എന്ന നിലയിലാണ് കാവ്യാ മാധവനെ അന്വേഷണ സംഘം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്. സാക്ഷികളായ സ്ത്രീകളെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ച് വരുത്തി മൊഴി രേഖപ്പെടുത്തരുത് എന്നാണ് ചട്ടം. ഇത് പ്രകാരമാണ് ചോദ്യം ചെയ്യാനുളള സ്ഥലം തിരഞ്ഞെടുക്കാന്‍ കാവ്യാ മാധവന് അവസരം ലഭിക്കുന്നത്. എന്നാല്‍ ചോദ്യം ചെയ്യലിന് വീട്ടിലെത്താന്‍ സാധിക്കില്ല എന്ന നിലപാടിലാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ച് എന്നാണ് റിപ്പോര്‍ട്ടുകള്‍.
കാവ്യയുടെ പേര് പരാമര്‍ശിക്കുന്നതടക്കമുളള ശബ്ദരേഖകള്‍ കേള്‍പ്പിച്ചതിന് ശേഷം വേണം ചോദ്യം ചെയ്യാന്‍. വീട്ടില്‍ വെച്ചാകുമ്പോള്‍ അതിന് അസൗകര്യമുണ്ടെന്നാണ് അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നത്. ഇതോടെ കാവ്യ ക്രൈംബ്രാഞ്ചിന് മറുപടിയും നല്‍കിയിട്ടുണ്ട്. വീട്ടില്‍ അല്ലാതെ ചോദ്യം ചെയ്യാന്‍ മറ്റൊരു സ്ഥലത്ത് ചോദ്യം ചെയ്യലിന് വേണ്ടി ഹാജരാകാന്‍ ബുദ്ധിമുട്ടുണ്ട് എന്നാണ് കാവ്യ അന്വേഷണ സംഘത്തെ അറിയിച്ചിരിക്കുന്നത്.
തന്നെ കേസിലെ സാക്ഷിയായാണ് വിളിപ്പിച്ചിരിക്കുന്നത്. സിആര്‍പിസി 160 പ്രകാരമുളള നോട്ടീസ് നല്‍കിയാണ് തന്നെ വിളിപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഉചിതമായ സ്ഥലത്ത് മാത്രമേ ചോദ്യം ചെയ്യലിന് എത്താന്‍ സാധിക്കൂ. മൊഴി നല്‍കാന്‍ താന്‍ തയ്യാറാണെന്നും എന്നാല്‍ വീട്ടില്‍ വെച്ച് വേണം എന്നുമാണ് കാവ്യാ മാധവന്‍ വ്യക്തമാക്കിയിരിക്കുന്നത്. കാവ്യയ്ക്ക് സൗകര്യമുളള മറ്റൊരു സ്ഥലം ഇന്ന് രാത്രി തന്നെ നിര്‍ദേശിക്കാന്‍ ആണ് ക്രൈംബ്രാഞ്ച് നിലവില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ദിലീപിന്റെ ഡ്രൈവര്‍ അപ്പുണ്ണിയുടെ ഫോണില്‍ വിളിച്ചാണ് ക്രൈംബ്രാഞ്ച് കാവ്യയെ തീരുമാനം അറിയിച്ചത്. നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തില്‍ ലഭിച്ച ചില ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കാവ്യയെ ചോദ്യം ചെയ്യാനുളള അന്വേഷണ സംഘത്തിന്റെ തീരുമാനം. നടിയെ ആക്രമിക്കാനുളള ഗൂഢാലോചനയില്‍ കാവ്യാ മാധവനും പങ്കുണ്ടോ എന്ന കാര്യമാണ് അന്വേഷണ സംഘത്തിന് അറിയാനുളളത്.
കേസിന്റെ ആദ്യഘട്ടത്തിലെ അന്വേഷണത്തില്‍ കാവ്യാ മാധവനെ പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ വീട്ടില്‍ വെച്ച് കണ്ട ശേഷം ദിലീപ് ടാബ് കാവ്യയ്ക്ക് കൈമാറിയതായി സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ മൊഴി നല്‍കിയിരുന്നു. സുരാജും ദിലീപിന്റെ സുഹൃത്ത് ശരത്തും നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ കാവ്യയുടെ പേര് പറയുന്നുണ്ട്. കാവ്യ കൊടുത്ത പണിയാണെന്നും ദിലീപ് ഏറ്റെടുത്തത് ആണെന്നുമാണ് ഫോണ്‍ സംഭാഷണത്തില്‍ പറയുന്നത്.