08 April, 2022 01:03:24 PM


സ്ത്രീകളെ മാനഭംഗപ്പെടുത്തുമെന്നു വിദ്വേഷ പ്രസംഗം; സന്യാസിക്കെതിരേ അന്വേഷണം



ലക്നോ: മുസ്‌ലിം സമൂഹത്തിൽപ്പെട്ട സ്ത്രീകളെ തട്ടിക്കൊണ്ടുപോയി മാനഭംഗം ചെയ്യുമെന്നു ഭീഷണിപ്പെടുത്തിയ ഹിന്ദു പുരോഹിതനെതിരേ പോലീസ് അന്വേഷണം ആരംഭിച്ചു. ലക്നോവിൽനിന്ന് 100 കിലോമീറ്റർ അകലെയുള്ള സീതാപൂർ ജില്ലയിൽ ഒരു മുസ്‌ലിം പള്ളിക്കു പുറത്തു സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് കാവിവസ്ത്രം ധരിച്ചയാൾ സ്ത്രീകളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുമെന്നു ഭീഷണിപ്പെടുത്തിയതായി പരാതിയുള്ളത്.

ഇതിന്‍റെ വീഡിയോ പ്രചരിച്ചതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. കാവി വസ്ത്രം ധരിച്ച വ്യക്തി ജീപ്പിനുള്ളിൽനിന്ന് ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നത് വീഡിയോയിൽ കാണാം. ഒരു പോലീസുകാരനും വിഡിയോയിൽ ഉണ്ട്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന മറ്റൊരു വീഡിയോയിൽ നാലു പോലീസുകാരെയും കാണുന്നുണ്ട്. 

മൈക്കിൽ സംസാരിക്കുമ്പോൾ, ആൾക്കൂട്ടം "ജയ് ശ്രീറാം" എന്ന് വിളിച്ച് ആഹ്ലാദം പ്രകടിപ്പിച്ചപ്പോഴാണ് പ്രസംഗകൻ വർഗീയവും വിദ്വേഷ ജനകവുമായി കാര്യങ്ങൾ പറയുന്നത്. തന്നെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നും ഇതിനായി 28 ലക്ഷം രൂപ പിരിച്ചെടുത്തതായും ഇദ്ദേഹം പ്രസംഗത്തിൽ ആരോപിക്കുന്നു. ഇനി പ്രദേശത്തെ ഏതെങ്കിലും പെൺകുട്ടിയെ ശല്യപ്പെടുത്തിയാൽ മുസ്ലിം സ്ത്രീകളെ തട്ടിക്കൊണ്ടുപോയി പരസ്യമായി ബലാത്സംഗം ചെയ്യുമെന്നാണ് പ്രസംഗത്തിൽ പറഞ്ഞത്. ഇതു കേട്ടു ആൾക്കൂട്ടം ആർത്തുവിളിക്കുകയായിരുന്നു.

ഏപ്രിൽ രണ്ടിനാണ് വീഡിയോ ചിത്രീകരിച്ചതെന്നും എന്നാൽ അഞ്ചു ദിവസത്തിനു ശേഷവും പോലീസ് നടപടിയൊന്നും എടുത്തിട്ടില്ലെന്നും ഫാക്ട് ചെക്ക് വെബ്സൈറ്റ് ഓൾട്ട് ന്യൂസിന്‍റെ സഹസ്ഥാപകൻ മുഹമ്മദ് സുബൈർ വീഡിയോ ട്വിറ്ററിൽ പങ്കിട്ടുകൊണ്ടു കുറിച്ചു. അതേസമയം, ഒരു മുതിർന്ന ഉദ്യോഗസ്ഥൻ വിഷയം അന്വേഷിക്കുകയാണെന്നും വസ്തുതകളുടെ അടിസ്ഥാനത്തിൽ നടപടിയെടുക്കുമെന്നും സീതാപൂർ പോലീസ് പറഞ്ഞു. ബജ്റംഗ് മുനി എന്ന സന്യാസിയാണ് വീഡിയോയിൽ ഉള്ളതെന്നു ചിലർ സോഷ്യൽ മീഡിയയിൽ പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K