07 April, 2022 07:30:22 PM
മരണത്തിലേക്കുള്ള "ഫോട്ടോഷൂട്ട്" കടലില്‍; ശോകമൂകമായി മംഗളം കോളേജ് കാമ്പസ്
ഏറ്റുമാനൂര്‍: തീരാദുഃഖമായി സഹപാഠികളുടെ വേര്‍പാട്. ഇന്ന് മണിപ്പാല്‍ സെന്‍റ് മേരിസ് ഐലൻഡിലെ ഉടുപ്പി ബീച്ചിൽ ഉണ്ടായ അപകടം ഉണ്ടാക്കിയ ഞെട്ടലില്‍നിന്നും മുക്തരായിട്ടില്ല ഏറ്റുമാനൂര്‍ മംഗളം എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികള്‍. കടലിലിറങ്ങി കൈകോര്‍ത്ത് പിടിച്ച് സെല്‍ഫി എടുത്തത് തങ്ങളുടെ പ്രിയ സുഹൃത്തുക്കളുടെ അവസാനത്തെ "ഫോട്ടോഷൂട്ട്" ആയി മാറുകയായിരുന്നല്ലോ എന്ന് പറഞ്ഞാണ് ഒരു വിദ്യാര്‍ഥി വിലപിച്ചത്.
ബിടെക് കമ്പ്യൂട്ടര്‍ സയന്‍സ് എട്ടാം സെമസ്റ്റര്‍ വിദ്യാര്‍ഥികളായ കോട്ടയം പാമ്പാടി വെള്ളൂർ എല്ലിമുള്ളിൽ അലൻ റജി, കോട്ടയം കുഴിമറ്റം ചേപ്പാട്ടുപറമ്പിൽ അമൽ സി.അനിൽ, എറണാകുളം ഉദയംപേരൂർ ചിറമേൽ ആന്‍റണി ഷിനോജ് എന്നിവരാണ് മരിച്ചത്.
77 വിദ്യാര്‍ഥികള്‍ രണ്ട് ബസുകളിലായാണ് ബുധനാഴ്ച വൈകിട്ട് 4.30 മണിയോടെ ഏറ്റുമാനൂരിലെ കോളേജ് കാമ്പസില്‍ നിന്നും മണിപ്പാലിലേക്ക് യാത്രതിരിച്ചത്. എ ബാച്ചിലെ 42 പേരും ബി ബാച്ചിലെ 35 പേരുമാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. മരണമടഞ്ഞ മൂവരും എ ബാച്ചിലെ വിദ്യാര്‍ഥികളായിരുന്നു. യാത്രാമധ്യേ വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30 മണിയോടെ സെന്‍റ് മേരിസ് ഐലൻഡിലെ ബീച്ചില്‍ ഇറങ്ങിയ മൂന്ന് വിദ്യാര്‍ഥികളെയും തിര വിഴുങ്ങിയത് അവിചാരിതമായി.
ഉടനെ യാത്ര റദ്ദ് ചെയ്ത് തിരികെ പോരുവാന്‍ കോളേജ് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയെങ്കിലും തങ്ങളുടെ സഹപാഠികളില്ലാതെ തിരികെ പോരാന്‍ തയ്യാറല്ലായിരുന്നു വിദ്യാര്‍ഥികള്‍. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവില്‍ ആന്‍റണിയുടെ മൃതദേഹം കണ്ടുകിട്ടുന്നതുവരെ അവര്‍ കടല്‍ക്കരയില്‍ തങ്ങി. സുഹൃത്തുക്കളുടെ ചേതനയറ്റ ശരീരങ്ങള്‍ മണിപ്പാല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയ ശേഷമാണ് അല്‍പ്പം വെള്ളം കുടിക്കാന്‍പോലും പലരും തയ്യാറായത്. വിനോദയാത്ര അവസാനിപ്പിച്ചെങ്കിലും നാട്ടിലേക്ക് മടങ്ങാതെ കുട്ടികള്‍ രാത്രിയിലും മണിപ്പാലില്‍ തുടരുകയാണ്.
വിവരമറിഞ്ഞയുടന്‍ പ്രിന്‍സിപ്പലുള്‍പ്പെടെ ഒരു സംഘം കാറില്‍ അപകടസ്ഥലത്തേക്ക് തിരിച്ചു. ഇവര്‍ എത്തിയതിനുശേഷം വിദ്യാര്‍ഥികളെ തിരിച്ച് നാട്ടിലേക്ക് പറഞ്ഞുവിടും എന്ന് കോളേജ് അധികൃതര്‍ വ്യക്തമാക്കി.