04 April, 2022 09:45:09 AM
ആദ്യ സർവീസ് ബംഗളൂരുവിലേക്ക്: കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസ് 11ന് നിരത്തിലിറങ്ങും
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ പുതുതായി രൂപീകരിച്ച സ്വിഫ്റ്റിന്റെ ആദ്യ സര്‍വീസ് വൈകിട്ട് 5.30ന് തമ്പാനൂര്‍ കെഎസ്‌ആര്‍ടിസി ടെര്‍മിനലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ലാഗ് ഓഫ് ചെയ്യും. ഗതാഗതമന്ത്രി ആന്റണി രാജു അധ്യക്ഷനാകും. ആദ്യമായാണ് സ്ലീപ്പര്‍ സംവിധാനമുള്ള ബസുകള്‍ കേരള സര്‍ക്കാര്‍ നിരത്തില്‍ ഇറക്കുന്നത്. സ്വിഫ്റ്റ് ആദ്യ സര്‍വീസ് തിരുവനന്തപുരത്തുനിന്ന് ബംഗളൂരുവിലേക്കാണ്.
116 ബസാണ് സര്‍ക്കാര്‍ പദ്ധതിവിഹിതം ഉപയോഗിച്ച് വാങ്ങിയത്. ഇതില്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയായ 99 ബസാണ് ആദ്യം നിരത്തിലിറക്കുന്നത്. ഇതില്‍ 28 എണ്ണം എസി ബസും എട്ട് എണ്ണം എസി സ്ലീപ്പറുമാണ്. 20 ബസ് എസി സെമി സ്ലീപ്പറാണ്. അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ക്കാണ് കെഎസ്‌ആര്‍ടിസി സ്വിഫ്റ്റിലെ കൂടുതല്‍ ബസുകളും ഉപയോഗിക്കുക. ഓണ്‍ലൈന്‍ റിസവര്‍വേഷന്‍ സംവിധാനം ഉടന്‍ നടപ്പാകും. പന്ത്രണ്ടിന് ബംഗളൂരുവില്‍നിന്നുള്ള മടക്ക സര്‍വീസ്, പകല്‍ മൂന്നിന് മന്ത്രി ആന്റണി രാജു ഫ്ലാഗ് ഓഫ് ചെയ്യും.