01 April, 2022 06:23:05 PM


അപൂർവ യാത്രയയപ്പ്: ജയില്‍ മേധാവിയ്ക്ക് വിങ്ങലോടെ യാത്ര നല്‍കി തടവുകാര്‍



തിരുവനന്തപുരം: സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ജയില്‍ ആസ്ഥാനകാര്യ ഡിഐജി എസ് സന്തോഷിന് വികാരനിർഭരമായ യാത്രയയപ്പ്‌ നൽകി തടവുകാർ. നിറകണ്ണുകളോടെയാണ് ജയിൽവാസികൾ ഡിഐജിയ്ക്ക് വിടനൽകിയത്. പൂജപ്പുര സെൻട്രൽ ജയിലിലാണ് ഹൃദ്യമായ ഈ സംഭവം നടന്നത്. ജയിൽ മേധാവിയും തടവുകാരുമായുള്ള ആത്മബന്ധത്തിന്‍റെ കണ്ണുനിറയുന്ന നിമിഷങ്ങൾക്കാണ് പൂജപ്പുര ജയിൽ സാക്ഷിയായത്.

തന്നോടുള്ള അവരുടെ സ്നേഹമാണ് ഇതെന്നും അവരോട് വിടപറയേണ്ടി വന്നതിൽ വളരെയധികം സങ്കടമുണ്ടെന്നും ഡിഐജി സന്തോഷ് പറഞ്ഞു. മിക്കവർക്കും ജയിലിനകത്ത് ആളുകൾ തമ്മിൽ ഇങ്ങനെയൊരു ബന്ധം സങ്കൽപ്പിക്കാൻ പോലും പറ്റില്ല. കുടുംബങ്ങളിൽ മാത്രമല്ല. ഇവിടെയും കുടുംബം പോലെയാണ് കഴിയുന്നത്. അവരുടെ വിഷമങ്ങളും സന്തോഷങ്ങളും ഞങ്ങളുടേത് കൂടിയാണ് സന്തോഷ് പറഞ്ഞു.

"കഴിഞ്ഞ മുപ്പത്തിയൊന്ന് വർഷത്തെ സേവനത്തിനാണ് ഇവിടെ അവസാനമാകുന്നത്. ഈ വർഷങ്ങളിൽ മിക്ക സമയവും ചെലവഴിച്ചത് ഇവിടെയാണ്. ആദ്യത്തെ തീരുമാനം ഇവരോട് യാത്ര പറയാതെ പോകാമെന്നായിരുന്നു. എന്നാൽ എല്ലാവരും ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ കാണാതിരിക്കാൻ സാധിച്ചില്ല. എന്നെകുറിച്ച് ഏറ്റവും നന്നായിട്ട് അറിയുന്നത് ഇവർക്കാണ്. എനിക്ക് ഇവരെ കുറിച്ചും അറിയാം. അവരുടെ സ്നേഹവും ബഹുമാനവും ഒരിക്കലും മറക്കാൻ സാധിക്കില്ല. കുറ്റങ്ങൾ സംഭവിച്ചെങ്കിലും ഇവരും മനുഷ്യർ തന്നെയാണ്. സ്നേഹവും കരുതലും മനുഷ്യത്വവും ഉള്ളവർ. ചെയ്ത കുറ്റകൃത്യങ്ങളുടെ തുലാസിലല്ല പകരം ഇവിടുത്തെ ഈ സംവിധാനത്തോട് അവര്‍ എത്രമാത്രം സഹകരിക്കുന്നു എന്നതാണ് കണക്കാക്കുന്നത്". അദ്ദേഹം പറഞ്ഞു.

1990 ല്‍ ജയില്‍ വകുപ്പില്‍ പ്രവേശിച്ച സന്തോഷ് എല്ലാ സെന്‍ട്രല്‍ ജയിലുകളിലും പ്രധാന ജില്ലാ ജയിലുകളിലും വിവിധ തസ്തികകളിലായി ജോലി ചെയ്തിട്ടുണ്ട്. 15 വര്‍ഷത്തിലേറെ ജയില്‍ എക്‌സിക്യൂട്ടീവ് ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്‍റും സെക്രട്ടറിയുമായും സന്തോഷ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ ജീവനക്കാരുടെയും തടവുകാരുടെയും ക്ഷേമത്തിനായി ഒട്ടേറെ പദ്ധതികള്‍ക്ക് തുടക്കമിട്ട സന്തോഷ് പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് പദവിയിലിരിക്കെയാണ് ജയില്‍ ആസ്ഥാനകാര്യ ഡിഐജി ആയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K