31 March, 2022 07:24:57 PM
"തള്ള് തള്ള് മന്ത്രിയുടെ വണ്ടി": പ്രവർത്തകർ 'തള്ള്' നിർത്തി; മന്ത്രിക്ക് 'പോസ്റ്റായി'
കോട്ടയം: സംസ്ഥാന മന്ത്രിസഭയിലെ മന്ത്രിമാർ പുതിയ വാഹനം വാങ്ങിക്കുന്നത് വലിയ ചർച്ചകൾക്ക് ഇടം നൽകാറുണ്ട്. മന്ത്രി വാഹനങ്ങൾ വിവാദങ്ങളിൽ പെടുന്ന ഈ കാലത്ത് ഇന്ന് കോട്ടയത്ത് നടന്നത് മറ്റൊരു വ്യത്യസ്ത കാഴ്ചയായിരുന്നു. വനം വകുപ്പ് മന്ത്രിയും എൻസിപി നേതാവുമായ എ കെ ശശീന്ദ്രൻ കോട്ടയത്ത് വനംവകുപ്പിന്റെ പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു. രാവിലെ പത്തുമണിക്ക് കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ ആയിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്.
പരിപാടിക്ക് തൊട്ടുമുൻപ് വിശ്രമിക്കാനായി മന്ത്രി എത്തിയത് കോട്ടയം പിഡബ്ല്യുഡി റസ്റ്റ് ഹൗസിലായിരുന്നു. രാവിലെ വനംവകുപ്പ് ഉദ്യോഗസ്ഥരുമായും പാർട്ടി നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയ ശേഷം പരിപാടിക്കായി മന്ത്രി പുറത്തേക്ക് എത്തി. ഇതിനിടെ മാധ്യമപ്രവർത്തകരുടെ മുന്നിൽ മാണി സി കാപ്പന്‍റെ യുഡിഎഫ് വിമർശനത്തിന് അടക്കം മന്ത്രി മറുപടി നൽകി. ഇതിനുപിന്നാലെയാണ് അഞ്ചാം നമ്പർ വാഹനത്തിൽ പരിപാടി സ്ഥലത്തേക്ക് പോകാൻ മന്ത്രി പുറപ്പെട്ടത്. വാഹനത്തിന് അടുത്തെത്തി യാത്ര പുറപ്പെടാൻ തുടങ്ങിയ മന്ത്രി കണ്ടത് മറ്റൊരു കാഴ്ച.
പാർട്ടി നേതാക്കളും പ്രവർത്തകരും അഞ്ചാം നമ്പർ സർക്കാർ വാഹനം തള്ളുന്നു. തള്ളുന്ന വാഹനം നോക്കി അൽപമകലെ മന്ത്രി കാത്തിരുന്നു. ഉടൻ വാഹനം ശരിയാകും എന്നായിരുന്നു മന്ത്രിയുടെ പ്രതീക്ഷ. ഇതിനിടെ മാധ്യമപ്രവർത്തകർ വാഹനം തള്ളുന്ന വീഡിയോ എടുത്തതോടെ പ്രവർത്തകർ പിൻവാങ്ങി. ഞങ്ങൾ ഇനി വാഹനം തള്ളാൻ ഇല്ല എന്നായി പ്രവർത്തകരുടെ നിലപാട്.
മന്ത്രി പിന്നെയും കാത്തു നിൽക്കുന്നത് കണ്ടു മന്ത്രിയുടെ സ്റ്റാഫിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ച് ഒരു വാഹനം അടിയന്തരമായി ടിബിയിൽ എത്തിക്കണമെന്ന് അറിയിച്ചു. മന്ത്രി പിന്നെയും നേതാക്കൾക്കൊപ്പം റസ്റ്റ് ഹൗസിന് മുന്നിൽ 10 മിനിറ്റ് കൂടി കാത്തു നിന്നു. ഒടുവിൽ ഫോറസ്റ്റ് വാഹനം എത്തി.
ഔദ്യോഗിക വാഹനം ഒഴിവാക്കി ഫോറസ്റ്റ് വാഹനത്തിൽ പരിപാടി സ്ഥലത്തേക്ക് മന്ത്രിയുടെ യാത്ര. വാഹനത്തിന്‍റെ മുന്നിൽ ഔദ്യോഗികമായി സ്ഥാപിച്ച വകുപ്പിന്‍റെ കൊടി അഴിച്ചു മാറ്റിയാണ് മന്ത്രിക്ക് വേണ്ടി ഫോറസ്റ്റ് വാഹനം പരിപാടി സ്ഥലത്തേക്ക് കുതിച്ചത്. സർക്കാരിന്‍റെ മന്ത്രി വാഹനങ്ങളുടെ കാര്യക്ഷമത തന്നെ ചോദ്യം ചെയ്യുന്നതായി ഇന്ന് കോട്ടയത്ത് നടന്ന സംഭവം.