29 March, 2022 07:12:48 PM
'അംഗത്വമെടുക്കാന്‍ ആളില്ല': മെമ്പര്‍ഷിപ്പ് ക്യാമ്പയിനെതിരെ വ്യാജപ്രചരണമെന്ന് കെപിസിസി
തിരുവനന്തപുരം: കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ് ക്യാമ്പയിനെതിരെ വ്യാജപ്രചരണമെന്ന് കെപിസിസി. മാധ്യമങ്ങളിലടക്കം അംഗത്വമെടുക്കാന്‍ ആളില്ലെന്ന പ്രചാരണമാണ് നടക്കുന്നത്. പ്രവര്‍ത്തകരുടെ ആത്മവീര്യം കെടുത്താനുള്ള ബോധപൂര്‍വ്വമായ ശ്രമമാണിതെന്ന് കോൺഗ്രസ് ആരോപിച്ചു.
മാര്‍ച്ച് 25 മുതല്‍ 31 വരെയാണ് കെ.പി.സി.സി മെമ്പര്‍ഷിപ്പ് വാരമായി പ്രഖ്യാപിച്ചത്. ഇതിനിടെ പേപ്പര്‍ അംഗത്വവും ചേര്‍ക്കാവുന്നതാണെന്ന് എ.ഐ.സി.സി നിർദ്ദേശിച്ചു. സംസ്ഥാനത്ത് ഡിജിറ്റല്‍, പേപ്പര്‍ അംഗത്വം ചേര്‍ക്കല്‍ പുരോഗമിക്കുകയാണ്. എന്നാൽ പ്രാരംഭ ഘട്ടത്തിലെ ഡിജിറ്റല്‍ അംഗത്വ കണക്ക് പ്രസിദ്ധീകരിച്ച് കോണ്‍ഗ്രസില്‍ ചേരാന്‍ ആളുകളില്ലെന്ന പ്രചാരണമാണ് നടത്തുന്നത്.
കെ-റെയിലില്‍ ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ടു പോകുന്ന നൈരാശ്യത്തില്‍ നിന്നാണ് ഇത്തരം വാര്‍ത്തകള്‍ സൈബര്‍ ഗ്രൂപ്പുകളില്‍ സൃഷ്ടിക്കപ്പെടുന്നത്. മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം അവസാനിക്കുമ്പോള്‍ ഇത്തരം തെറ്റായ വാര്‍ത്തകള്‍ കൊടുക്കുന്നവരുടെ മുഖം ചുളിഞ്ഞു പോകുന്നത് കാണാമെന്നും കെ.പി.സി.സി സൂചിപ്പിച്ചു.