29 March, 2022 01:35:50 PM


സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കില്‍ ഷട്ടര്‍ അടച്ചിട്ടിരുന്ന് ജോലി ചെയ്ത് ജീവനക്കാര്‍



തൃശൂര്‍: ദേശീയ പണിമുടക്കിന്‍റെ രണ്ടാം ദിനത്തില്‍ സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കില്‍ രഹസ്യമായി ജോലി ചെയ്ത് ജീവനക്കാര്‍. തൃശൂര്‍ സഹകരണ ബാങ്കിലാണ് ജീവനക്കാര്‍ ഷട്ടര്‍ അടച്ചിട്ടിരുന്ന് ജോലി ചെയ്തത്. ഇതേത്തുടര്‍ന്ന് പണിമുടക്കിന് ആഹ്വാനം ചെയ്ത ശേഷം സിപിഎം യൂണിയനുകളില്‍പ്പെട്ട തൊഴിലാളികള്‍ ജോലിക്ക് കയറിയെന്ന ആരോപണവുമായി ബിജെപി അടക്കമുള്ളവര്‍ രംഗത്തെത്തി.

വിവാദമായതോടെ സെക്യൂരിറ്റി ജീവനക്കാരോട് ഷട്ടര്‍ തുറക്കാന്‍ പൊലീസ് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ കമ്പ്യൂട്ടര്‍ സര്‍വീസ് ചെയുകയായിരുന്നെന്നാണ് ബാങ്ക് സെക്രട്ടറിയുടെ വിശദീകരണം. കേരള ബാങ്ക് വൈസ് പ്രസിഡന്‍റ് എംകെ കണ്ണന്‍റെ നേതൃത്വത്തിലുള്ള സിപിഎം നേതാക്കളാണ് ബാങ്ക് ഭരണസമിതി അംഗങ്ങള്‍.

കേരളത്തിലെ മുഴുവന്‍ ജനങ്ങളോടും പണിമുടക്കിന് ആഹ്വാനം ചെയ്തിട്ട്, സിപിഎം ഭരിക്കുന്ന ബാങ്കില്‍ രാവിലെ മുതല്‍ എല്ലാവരും തൊഴിലെടുത്തുകൊണ്ടിരിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. മറ്റുള്ളവരെ ബലം പ്രയോഗിച്ച് തൊഴിലെടുക്കുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചിട്ട്, സിപിഎമ്മിന്‍റെ തൊഴിലാളികളെല്ലാം ബാങ്കില്‍ തൊഴിലെടുക്കുകയാണെന്നും ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് അഡ്വ. കെ കെ അനീഷ് കുമാര്‍ പറഞ്ഞു.

അതേസമയം ബാങ്കിന്റെ കമ്പ്യൂട്ടര്‍ സര്‍വര്‍ തകരാര്‍ പരിഹരിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ മാത്രമാണ് അകത്ത് നടക്കുന്നതെന്നും ബാങ്ക് പ്രവര്‍ത്തിക്കുന്നില്ലെന്നും ബാങ്ക് അധികൃതര്‍ പ്രതികരിച്ചു. കടകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ സമരക്കാരും കടയുടമകളും തമ്മില്‍ സംഘര്‍ഷമുണ്ടായ സാഹചര്യത്തിലാണ് സഹകരണ ബാങ്കില്‍ ജീവനക്കാരെത്തിയ സംഭവം വിവാദമാകുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K