18 March, 2022 06:52:30 PM


മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയെന്ന ഹർജി; വാദം പൂർത്തിയായി



തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം അന്തരിച്ച രാഷ്ട്രീയ നേതാക്കളുടെയും ജനപ്രതിനിധികളുടെയും കുടുംബത്തിന് നൽകിയ നടപടിക്കെതിരായ ഹർജിയിൽ ലോകയുക്ത വാദം പൂർത്തിയായി. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും എതിർ കക്ഷികളാക്കി ആർ.എസ്.ശശികുമാറാണ് ഹർജി ഫയല്‍ ചെയ്തത്. വാദം പൂർത്തിയായതോടെ ഹർജി ഉത്തരവിനായി മാറ്റി.


അന്തരിച്ച ഉഴവൂർ വിജയന്‍റെ കുടുംബത്തിന് 25 ലക്ഷം രൂപയും രാമചന്ദ്രൻനായരുടെ കുടുംബത്തിന്റെ വായ്പ അടയ്ക്കുന്നതിന് എട്ടര ലക്ഷം രൂപയും ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിച്ചിരുന്നു. ഇതിന് പുറമെ സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തിൽപ്പെട്ട് മരിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന് 20 ലക്ഷം രൂപയും നൽകി.  ഭാര്യക്ക് സർക്കാർ ജോലി ഉൾപ്പെടെയുള്ള അനുകൂല്യങ്ങൾ നൽകിയതിന് പുറമെയാണിത്. ഈ നടപടികളെല്ലാം അധികാരദുർവിനിയോഗമാണെന്നും അതിനാൽ മന്ത്രിസഭാംഗങ്ങളെ അയോഗ്യരാക്കണമെന്നും ആവശ്യപ്പെട്ടാണ് ഹർജി. 


കാട്ടിലെ തടി തേവരുടെ ആന എന്ന രീതിയിലാണ് ദുരിതാശ്വാസ നിധിയിൽ നിന്ന് ഏതു സർക്കാരുകളും പണം അനുവദിക്കുന്നതെന്ന് ലോകയുക്ത ജസ്റ്റിസ് സിറിയക് ജോസഫ് ഹർജി പരിഗണിക്കവേ പരാമർശിച്ചു. എന്നാൽ മന്ത്രിസഭയുടെ കൂട്ടായ തീരുമാനമാണെന്നും അതിനെ ലോകായുക്തയിൽ ചോദ്യം ചെയ്യാൻ പാടില്ലെന്നും സർക്കാർ വാദിച്ചു. ദുരിതമനുഭവിക്കുന്നവരെ  സർക്കാർ സഹായിക്കുമെന്ന സന്ദേശമാണ് തീരുമാനത്തിലുള്ളതെന്നും സർക്കാർ വിശദീകരിച്ചു. 


ദുരിതാശ്വാസ നിധി അനുവദിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ ഉണ്ടെന്നും ഇത് മന്ത്രിസഭയ്ക്കും ബാധകമാണെന്ന്  ഉപ ലോകയുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് നിരീക്ഷിച്ചു. ദുരിതാശ്വാസ നിധിയിൽ നിന്ന് സാമ്പത്തിക സഹായം ലഭിച്ച മൂന്നുപേരെയും എതിർകക്ഷികളാ ക്കാത്തത് എന്തെന്ന്  ഉപലോകായുക്ത ആരാഞ്ഞു. എന്നാൽ ദുരിതാശ്വാസനിധി ലഭിച്ചവർക്കെതിരായല്ല തന്‍റെ പരാതിയെന്നും, നിയമവിരുദ്ധമായി ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്യാൻ തീരുമാനിച്ച മത്രിസഭാംഗങ്ങൾക്കെതിരെയാണെന്നും ഹർജിക്കാരൻ വാദിച്ചു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K