17 March, 2022 09:06:46 PM


കെ -റെയിൽ: സമരക്കാരെ റോഡിൽ വലിച്ചിഴച്ചു; ചങ്ങനാശേരിയിൽ നാളെ ഹർത്താൽ



കോട്ടയം: ചങ്ങനാശേരി മാടപ്പള്ളി മുണ്ടുകുഴിയില്‍ കെ -റെയിൽ വിരുദ്ധ സമരസമിതി നടത്തിയ സമരത്തിൽ പ്രതിഷേധക്കാർക്ക് നേരെ പൊലീസ്  ലാത്തി വീശി. സ്ത്രീകളും കുട്ടികളും അടക്കമുള്ളവരെ റോഡിൽ വലിച്ചിഴച്ച പൊലീസ് വി.ജെ ലാലി, ബാബു കുട്ടൻചിറ അടക്കമുള്ള സമരസമിതി നേതാക്കളെ ബലം പ്രയോഗിച്ച് സമരസ്ഥലത്ത് നിന്ന് നീക്കി. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. 27 പേരെ അറസ്റ്റ് ചെയ്തു. ഇവരിൽ 4 പേരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.


അറസ്റ്റ് ചെയ്യപ്പെട്ട മറ്റ് പ്രായമായ സ്ത്രീകളടക്കമുള്ള നേതാക്കളെ വിട്ട് കിട്ടണമെന്നാവശ്യപ്പെട്ട് തൃക്കൊടിത്താനം പൊലീസ് സ്റ്റേഷന് മുന്നിൽ ബിജെപി - കോൺഗ്രസ് നേതാക്കൾ ഉപരോധിച്ചു. പ്രതിഷേധ സ്ഥലത്ത് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കിയ സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് സംഘർഷാവസ്ഥയുണ്ടായത്. വഴിയിൽ പ്രതിഷേധിച്ച സ്ത്രീകളെ റോഡിലൂടെ വലിച്ചിഴച്ച പൊലീസ് നടപടിയിൽ നാട്ടുകാർ രോഷാകുലരായി. തുടർന്ന് നാട്ടുകാരും പൊലീസുമായി വാക്ക് തർക്കവും പിടിവലിയും നടന്നു.  സ്ഥലത്ത് നിന്ന് ഒഴിയില്ലയെന്നു പറഞ്ഞ് നിലയുറപ്പിച്ച നാട്ടുകാരെ ബലം പ്രയോഗിച്ച് അറസ്റ് ചെയ്തു നീക്കുകയായിരുന്നു. 


പ്രതിക്ഷേധ പ്രവർത്തകർക്ക് നേരെയുള്ള പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ബിജെപി - കോൺഗ്രസ് നേതൃത്വം ചങ്ങനാശേരി നിയോജക മണ്ഡലത്തിൽ ഹർത്താൽ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച രാവിലെ 6 മണി മുതൽ 12 മണിക്കൂറാണ് ഹർത്താൽ. അറസ്റ്റ് ചെയ്തവരെ വിട്ട് കിട്ടണമെന്നാവശ്യപ്പെട്ട് തൃക്കൊടിത്താനം പൊലീസ് സ്റ്റേഷന് മുന്നിൽ നേതാക്കളായ ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, ജോസഫ് എം പുതുശേരി, ആന്റണി കുന്നുംപുറം, അജീസ് ബെൻ, സോബിച്ചൻ കണ്ണമ്പള്ളി, ബിജെപി നേതാക്കളായ ബി.രാധാകൃഷ്ണ മേനോൻ, വിനയൻ ഉൾപ്പെടെയുള്ളവർ ഉപരോധ സമരം നടത്തി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K