16 March, 2022 10:03:27 PM
ദിലീപിന്‍റെ കോൾ ലിസ്റ്റിൽ ഡിഐജിയും; സഞ്ജയ് കുമാര്‍ ഗുരുഡിനെതിരെ അന്വേഷണം
കൊച്ചി: നടന്‍ ദിലീപ് പ്രതിയായ വധശ്രമ ഗൂഡാലോചന കേസില്‍ ഡിഐജി സഞ്ജയ് കുമാര്‍ ഗുരുഡിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം. കേസ് രജിസ്റ്റര്‍ ചെയ്തതിന്റെ തലേ ദിവസം രാത്രി സഞ്ജയ് കുമാര്‍ ഗുരുഡും ദിലീപും ഫോണില്‍ സംസാരിച്ചതിനെക്കുറിച്ചാണ് പരിശോധിക്കുന്നത്. ഇതിന് പിന്നാലെ ഫോണുകള്‍ പ്രതികള്‍ മാറ്റിയതായും വിവരം ലഭിച്ചിട്ടുണ്ട്.
നടിയെ ആക്രമിക്കാൻ ശ്രമിച്ച കേസ് അന്വേഷിച്ച സംഘത്തെ അപായപ്പെടുത്താന്‍ ദീലീപിന്റെ നേത്യത്വത്തില്‍ പദ്ധതിയിട്ടെന്ന സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലില്‍ ജനുവരി ഒമ്പതിനാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. തലേ ദിവസം രാത്രി 10: 04നാണ് ദിലീപിനെ സഞ്ജയ് കുമാര്‍ ഗുരുഡ് ദിലീപിന്റെ വാട്‌സ് ആപ്പിലൂടെ ബന്ധപ്പെടുന്നത്. 4 മിനിറ്റ് 12 സെക്കന്റ് കോള്‍ നീണ്ടു നിന്നു. പിന്നീട് പ്രതികള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. ഫോണ്‍ മാറ്റി. പിന്നീട് പുതിയ ഫോണ്‍ വാങ്ങുകയും ചെയ്തു. കേസില്‍ ദിലീപിനെ സഹായിക്കുന്ന രീതിയിലുള്ള എന്തെങ്കിലും ഇടപെടല്‍ ഡിഐജിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ടോയെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.
സഞ്ജയ് കുമാര്‍ ഗുരുഡില്‍ നിന്ന് വിവരങ്ങള്‍ തേടാനുള്ള നടപടികള്‍ അന്വേഷണ സംഘം ആരംഭിച്ചിട്ടുണ്ട്. ദിലീപിനെതിരെ പരാതി ഉയര്‍ന്നതിന് പിന്നാലെ ഇവരുമായി ഫോണില്‍ സംസാരിച്ചതിന്റെ വിവരങ്ങള്‍ ക്രൈംബ്രാഞ്ച് സംഘം തേടിയിരുന്നു. ഈ പരിശോധനയിലാണ് ഡിഐജിയും ദിലീപുമായുള്ള സംഭാഷണ വിവരങ്ങള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചത്.