11 March, 2022 05:34:03 PM
സംസ്ഥാന ബജറ്റ്: മല എലിയെ പ്രസവിച്ചതുപോലെ - കെ.സുധാകരന്‍ എംപി
തിരുവനന്തപുരം: മല എലിയെ പ്രസവിച്ചതുപോലെയാണ് ധനമന്ത്രി കേരള നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി. കാലഘട്ടത്തിന്റെ സ്പന്ദനം തിരിച്ചറിയാത്തതും ദിശാബോധം നഷ്ടമായതുമായ ബജറ്റാണ് ധനമന്ത്രി ബാലഗോപാലിന്റെത്.യാഥാര്‍ത്ഥ്യവുമായി ഒരു പൊരുത്തവുമില്ല.
വിലക്കയറ്റം നിയന്ത്രിക്കുന്നതിന് തുക നീക്കിവെച്ചെങ്കിലും അത് ഏത് തരത്തിലാണ് വിനിയോഗിക്കുന്നതെന്ന് വ്യക്തത വരുത്തണം. ഇന്ധനവിലയിലൂടെ ലഭിക്കുന്ന അധിക നികുതിക്ക് പുറമെ മറ്റുമേഖലകളിലെ നികുതി വര്‍ധിപ്പിച്ച് ജനങ്ങളെ കൂടുതല്‍ പിഴിയാനുള്ള നീക്കമാണ് കേരള സര്‍ക്കാരിന്റെത്. കടം എടുത്ത് മുച്ചൂടും മുടിഞ്ഞ് നില്‍ക്കുന്ന കേരള സര്‍ക്കാര്‍ ധൂര്‍ത്ത് കുറയ്ക്കാനാവശ്യമായ ഒരു നടപടിയും സ്വീകരിച്ചില്ല.
സംസ്ഥാന സര്‍ക്കാരിന്റെ യഥാര്‍ത്ഥ സാമ്പത്തിക സ്ഥിതി മറച്ചുവെക്കാനാണ് സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് നേരത്തെ സഭയില്‍ വയ്ക്കാതിരുന്നത്. സര്‍ക്കാരിന്റെ പൊതു ധനസ്ഥിതിയെ കുറിച്ച് ധവളപത്രം പുറത്തിറക്കണം. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ക്കായുള്ള ധനവിഹിതത്തിലെ കുടിശ്ശിക കുമിഞ്ഞ് കൂടുകയാണ്. അപ്പോഴാണ് കൂടുതല്‍ പ്രഖ്യാപനങ്ങള്‍ ഈ ബജറ്റില്‍ നടത്തുന്നത്.
കഴിഞ്ഞ ബജറ്റിലെ തനിയാവര്‍ത്തനമാണ് ഈ ബജറ്റിലും ഉള്ളത്. റവന്യൂവരുമാനത്തേക്കാള്‍ കൂടുതല്‍ ചെലവാണ് സംസ്ഥാനത്തിനുള്ളുത്. അതിന് പുറമെ കടമെടുപ്പും കൂടിയാകുമ്പോള്‍ ട്രഷറി താഴിട്ട് പൂട്ടേണ്ട അവസ്ഥയാണ്. ഖജനാവില്‍ പണം ഇല്ലാതെ എങ്ങനെയാണ് ക്ഷേമപദ്ധതികളും സാമൂഹ്യ സുരക്ഷാ പദ്ധതികളും തുടരാന്‍ സാധിക്കുന്നത്. കയ്യില്‍ പണമില്ലാതെ പുത്തന്‍ പ്രഖ്യാപനങ്ങള്‍ നടത്തിയിട്ട് എന്ത് പ്രയോജനമാണുള്ളതെന്നും സുധാകരന്‍ ചോദിച്ചു.