11 March, 2022 11:34:31 AM
യുക്രെയ്‌നിൽ നിന്നും എത്തിയ വിദ്യാർഥികളുടെ തുടർപഠനത്തിന് നോർക്ക പ്രത്യേക സെൽ
തിരുവനന്തപുരം: യുക്രെയ്ൻ പ്രതിസന്ധിയിൽ കുടുങ്ങിക്കിടന്ന വിദ്യാർത്ഥികളെ സുരക്ഷിതമായി നാട്ടിൽ എത്തിച്ചതായി ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി ബാലഗോപാൽ. ഇതിന്‍റെ ഭാഗമായി 3123 വ്യക്തികളെ 15 ചാർട്ടേർഡ് വിമാനങ്ങൾ ഉൾപ്പെടെ ഏർപ്പെടുത്തി സുരക്ഷിതമായി നാട്ടിൽ എത്തിച്ചു. ഇതിനു ശേഷം പഠനം പ്രതിസന്ധിയിലായ വിദ്യാർത്ഥികൾക്കുള്ള കരുതലും ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സർട്ടിഫിക്കറ്റുകളും മറ്റും കൈമോശം വന്നവർക്കു അത് വീണ്ടെടുക്കാനും, പഠനം തുടരാനും വേണ്ടിയുള്ള സഹായം സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാവുന്നതാണ്. ഈ വിദ്യാർത്ഥികളുടെ തുടർപഠനം സാധ്യമാക്കാൻ കേന്ദ്രസർക്കാരിന്റെ പ്രത്യേക ഇടപെടൽ ആവശ്യമുണ്ട്. ഇതിന്റെ ഏകോപനത്തിനായി നോർക്കയുടെ പ്രത്യേക സെൽ ഏകോപിപ്പിക്കും. ഇതിന്റെ പ്രവർത്തനത്തിനായി 10 കോടി രൂപ ബഡ്ജറ്റിൽ മാറ്റിവച്ചു. വിദേശത്തു പഠിക്കുന്ന മലയാളി വിദ്യാർത്ഥികളുടെ ഡാറ്റ ബാങ്ക് നോർക്ക തയാറാക്കും.
കേരളത്തിലെ പത്തു സർവകലാശാലകൾക്ക് 200 കോടി രൂപ
ഇൻകുബേഷൻ സെന്ററുകൾക്കും സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി കേരളത്തിലെ പത്തു സർവകലാശാലകൾക്കായി 20 കോടി രൂപ വീതം മൊത്തം 200 കോടി രൂപ വകയിരുത്തി. കേന്ദ്ര സാമ്പത്തിക നയങ്ങൾക്കു ബദലായി കേരള മാതൃക നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും ധനമന്ത്രി. കോവിഡ് നാലാം തരംഗം ഉണ്ടായേക്കാമെന്നും ധനമന്ത്രി ആമുഖ പ്രസംഗത്തിൽ പറഞ്ഞു. യുക്രെയ്ൻ യുദ്ധം കാരണം വിലക്കയറ്റത്തിനും സാധ്യതയുണ്ട്. ജിഎസ്ടി വരുമാന വളർച്ചയിൽ 14.5 ശതമാനം മുന്നേറ്റമുണ്ടായതായും ധനമന്ത്രി. അതിജീവനം യാഥാർഥ്യമായിരിക്കുന്നു. ജനജീവിതം സാധാരണഗതിയിലായതായും ധനമന്ത്രി ആമുഖ പ്രസംഗത്തിൽ പറഞ്ഞു. ഇത് നികുതി വരുമാനത്തിലും സമ്പദ് വ്യവസ്ഥയിലും പ്രതിഫലിക്കും.
ഭൂമിയുടെ ന്യായവിലയിൽ 10% ഒറ്റത്തവണ വർധന; ഭൂനികുതി പരിഷ്കരിക്കും
ഭൂമിയുടെ ന്യായവിലയിൽ 10 ശതമാനം ഒറ്റത്തവണ വർധന വരുത്തുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. ഇതിലൂടെ 200 കോടി വരുമാനം പ്രതീക്ഷിക്കുന്നു. ഭൂമിയുടെ ന്യായവില പരിശോധിക്കുന്നതിൽ സമിതിയെ നിയോഗിക്കും. അടിസ്ഥാന ഭൂനികുതി നിരക്കുകൾ വർധിപ്പിക്കും. 80 കോടി രൂപയുടെ അധികവരുമാനം ലക്ഷ്യം. പഴയവാഹനങ്ങൾക്ക് ഹരിതനികുതി ഏർപ്പെടുത്തും. ഇതിലൂടെ 10 കോടി രൂപ വരുമാനം ലക്ഷ്യം. 2 ലക്ഷം രൂപ വരെയുള്ള മോട്ടർ സൈക്കിളുകളുടെ നികുതി 1 ശതമാനം വർധിപ്പിക്കും.