03 March, 2022 04:33:19 PM
പുന:സംഘടന ഉണ്ടാകും; താൻ ഹൈക്കമാണ്ടിന് പരാതി നൽകിയിട്ടില്ല - കെ.മുരളീധരൻ
കോഴിക്കോട്: കോൺഗ്രസ് പുന:സംഘടനയിൽ അന്തിമ തീരുമാനമെടുക്കേണ്ട് ഹൈക്കമാണ്ട് ആണെന്ന് കെ.മുരളീധരൻ എം പി. പുന:സംഘടനയിൽ പരാതി ഉള്ളവർ ഉണ്ടാകും. അവർക്ക് പരാതി പറയാൻ അവസരമുണ്ടെന്നും കെ മുരളീധരൻ പറഞ്ഞു. കോൺഗ്രസിൽ സംഘടന തെരഞ്ഞെടുപ്പ് ഉണ്ടാകും. എന്നാൽ ഇതുമായി ബന്ധപ്പെട്ട് എം പിമാർ പരാതിക്കത്ത് ഹൈക്കമാണ്ടിന് നൽകിയോ എന്ന് തനിക്ക് അറിയില്ല.
പുന:സംഘടന നിർത്തിവച്ചപ്പോൾ കെ പി സി സി അധ്യക്ഷൻ കെ സുധാകരന് പ്രയാസമുണ്ടായിരിക്കാം. കഴിയുന്നത്ര സമവായമുണ്ടാക്കാനാണ് ശ്രമം. പാർട്ടിയിൽ ചുരുക്കം ചില പ്രശ്നങ്ങൾ ഉണ്ട്. അത് ഉടൻ പരിഹരിക്കുമെന്നും മുരളീധരൻ പറഞ്ഞു. രമേശ് ചെന്നിത്തലയും ആയി തനിക്ക് തർക്കങ്ങൾ ഇല്ല. നേരത്തെ ഭിന്നത ഉണ്ടായിരുന്നു. അത് പരിഹരിച്ചെന്നും മുരളീധരൻ കോഴിക്കോട് പറഞ്ഞു. വിദ്യാഭ്യാസ മേഖല മുഴുവൻ സ്വകാര്യ മേഖലയ്ക്ക് നൽകുന്നതിനോട് യോജിപ്പില്ലെന്നും കെ മുരളീധരൻ എം പി പറഞ്ഞു.
എം പിമാർ കത്ത് കൊടുത്തതായി തനിക്ക് അറിയില്ലെന്നും താൻ കത്ത് കൊടുത്തിട്ടില്ലെന്നും ഇന്നലേയും കെ മുരളീധരൻ വ്യക്തമാക്കിയിരുന്നു. കേരളത്തിലെ കോൺഗ്രസ് പുന:സംഘടന നിർത്തിവയ്ക്കാൻ ഹൈക്കമാണ്ട് ഇന്നലെ നിർദേശം നൽകിയിരുന്നു. കേരളത്തിന്റെ ചുതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി താരിഖ് അൻവറാണ് കെ പി സി സി അധ്യക്ഷൻ കെ സുധാകരന് നിർദേശം നൽകിയത്. എം പിമാരുടെ പരാതിയെ തുടർന്നാണ് പുന:സംഘടന നിർത്തിവയ്ക്കാൻ കേരളത്തിന്റെ ചുതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി താരിഖ് അൻവർ കെ പി സി സി അധ്യക്ഷൻ കെ സുധാകരന് നിർദേശം നൽകിയത്. പുന:സംഘടന ചർച്ചകളിൽ എം പിമാരെ ഉൾപ്പെടുത്തിയില്ലെന്നായിരുന്നു ഉയർന്ന പരാതി.
പാർട്ടി പുന:സംഘടനക്കെതിരെ നേരത്തെ എ, ഐ ഗ്രൂപ്പുകൾ രംഗത്തെത്തിയിരുന്നു. സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇനി പുന:സംഘടന വേണ്ടെന്ന് കെപിസിസി യോഗത്തിൽ ഗ്രൂപ്പ് നേതാക്കൾ ശക്തമായ നിലപാടെടുത്തിരുന്നു. ഇത് സുധാകരനും ഗ്രൂപ്പുനേതാക്കളും തമ്മിലുള്ള ശക്തമായ വാക്പോരിന് വഴി വച്ചിരുന്നു. എന്നാൽ കെ പി സി സി പുന:സംഘടനയുമായി മുന്നോട്ട് പോകുമെന്നും അതിന് ഹൈക്കമാണ്ട് അനുമതി ഉണ്ടെന്നുമുള്ള നിലപാടിലായിരുന്നു കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. ഇതനുസരിച്ചുള്ള നടപടികൾ പുരോഗമിക്കവെ ആണ് ചർച്ചകളിൽ സഹകരിപ്പിച്ചില്ലെന്ന പരാതിയുമായി എം പിമാർ ഹൈക്കമാണ്ടിനെ സമീപിച്ചത്.
കെ.പി.സി.സി പുന:സംഘടനയിൽ എംപിമാർക്ക് പരാതികളുണ്ടെന്നും ആ പരാതികൾ പരിഹരിച്ച് പുന:സംഘടനയുമായി മുന്നോട്ട് പോകുമെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ വ്യക്തമാക്കിയിരുന്നു. ചർച്ചകൾ നടത്തി പ്രശ്നം പരിഹരിക്കാനാണ് കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ ആവശ്യപ്പെട്ടത്. പുന:സംഘടന നിർത്തി വെക്കാൻ അദ്ദേഹം നിർദേശം നൽകിയിട്ടില്ല. ചർച്ച നടത്തി പ്രശ്നം പരിഹരിക്കാനാണ് നിർദേശം കിട്ടിയത്. ജംബോ കമ്മിറ്റികൾ ഒഴിവാക്കി പകരം ആളെക്കുറച്ചുള്ള കമ്മിറ്റികൾ രൂപീകരിക്കുന്നത് മൂലമുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും എന്നാണ് പ്രതീക്ഷ.
കോൺഗ്രസിൽ അഭിപ്രായ വ്യത്യാസം സാധാരണമാണ്. കെപിസിസി പ്രസിഡണ്ട് ഹൈക്കമാൻഡിന് കത്തയച്ചത് അറിയില്ല. കെ.സുധാകരനുമായി എല്ലാ ദിവസവും ചർച്ച നടത്താറുണ്ട്. പുന:സംഘടനയിൽ ഒഴിവാകുന്നവർക്ക് അർഹിച്ച പരിഗണന നൽകുമെന്നും വിഡി സതീശൻ പറഞ്ഞു. പുന:സംഘടനയെ ചൊല്ലി സംസ്ഥാന കോൺഗ്രസ്സിൽ രൂക്ഷമായ കലാപമാണ് നടക്കുന്നത്. ഹൈക്കമാൻഡ് നടപടിയിൽ കടുത്ത അതൃപ്തനായ കെ.സുധാകരൻ എംപിമാരുടെ പരാതി കെപിസിസിക്ക് കൈമാറാൻ ആവശ്യപ്പെട്ടു. തന്നെ മറയാക്കി കെസി വേണുഗോപാലും വിഡി സതീശനും പാർട്ടിയിൽ പിടിമുറുക്കാൻ ശ്രമിക്കുന്നുണ്ടോ എന്നാണ് സുധാകരൻറെ സംശയം.
ഡിസിസി പുന:സംഘടനയുടെ അന്തിമകരട് പട്ടിക തയ്യാറാക്കിയിരിക്കെയാണ് സംസ്ഥാന കോൺഗ്രസ്സിലെ അസാധാരണ പോര്. ശാക്തിക ചേരികൾ മാറിമറഞ്ഞാണ് പാർട്ടി പൊട്ടിത്തെറിയുടെ വക്കിലേക്ക് നീങ്ങുന്നത്. അവസാന ചർച്ച നടത്തി ഹൈക്കമാൻഡ് അനുമതിയോടെ പ്രഖ്യാപനം നടത്താനിരിക്കെയാണ് ദില്ലി ഇടപെടൽ. പരാതികൾ ഉണ്ടെെന്ന് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ സമ്മതിക്കുകയും ചെയ്തു. ഹൈക്കമാൻഡ് ഇടപെടലിൽ കെ.സുധാകരൻ കടുത്ത രോഷത്തിലാണ്. എ-ഐ ഗ്രൂപ്പുകളുമായും എംപിമാരും എംഎൽഎമാരുമായും പല വട്ടം ചർച്ച നടത്തിയെന്നാണ് സുധാകരനറെ വിശദീകരണം. പരാതിപ്പെട്ട എംപിമാരുടെ കത്ത് കൈമാറണമെന്നാവശ്യപ്പെട്ട് കെപിസിസി പ്രസിഡണ്ട് ഹൈക്കമാൻഡിനെ സമീപിച്ചു.
ഓരോ എംപിയും നൽകിയ പേരുകൾ അടങ്ങിയ പട്ടിക തൻ്റെ പക്കലുണ്ടെന്ന് സുധാകരൻ പറയുന്നത്. പരാതിക്ക് പിന്നിൽ ആസൂത്രിത നീക്കമുണ്ടെന്നും അദ്ദേഹം സംശയിക്കുന്നു. നിയമസഭാ തെരഞ്ഞെെടുപ്പ് തോൽവിക്ക് ശേഷം ഒരുമിച്ച് നേതൃനിരയിലെത്തിയ സുധാകരനും സതീശനും തമ്മിൽ ഏറെ നാളായി അകൽച്ചയിലാണ്. രട് പട്ടികയിൽ ചേർത്ത പലരുടേയും കൂറ് ഉറപ്പിക്കാൻ കെസി-വിഡി അനുകൂലികൾ ശ്രമിക്കുന്നുവെന്നും സുധാകരന് പരാതിയുണ്ട്. ഗ്രൂപ്പില്ലാതാക്കുമെന്ന് പറഞ്ഞ് പുതിയ ഗ്രൂപ്പിന് ശ്രമമെന്നാണ് ആക്ഷേപം. അതേ സമയം സുധാകരനുമായി ഒരു ഭിന്നതയും ഇല്ലെന്നാണ് സതീശന്‍റെ വിശദീകരണം. പുതിയ ഗ്രൂപ്പെന്ന ആക്ഷേപങ്ങളും സതീശൻ അനുകൂലികൾ തള്ളുന്നു.