28 February, 2022 07:06:44 PM
പാർട്ടിയെ കേരളത്തിന്‍റെ മണ്ണിൽ ആഴത്തിൽ വേരോടിപ്പിച്ച രണ്ട് നേതാക്കളില്ലാത്ത ആദ്യസമ്മേളനം
കൊച്ചി: സി.പി.എം രൂപീകരിച്ചവരിൽ ജീവിച്ചിരിപ്പുള്ള നേതാവായ വി.എസ്. അച്യുതാനന്ദന്‍റെയും ട്രേഡ് യൂണിയൻ നേതാവ് എം എം ലോറൻസിന്‍റെയും സാന്നിദ്ധ്യമില്ലാത്ത ആദ്യ സംസ്ഥാനസമ്മേളനം എന്ന പ്രത്യേകതയുമായാണ് എറണാകുളത്ത് നാളെ പാർട്ടി സമ്മേളനത്തിന് കൊടിയേറുന്നത്.
1964-ൽ പാർട്ടി ദേശീയ കൗൺസിലിൽ നിന്ന് ഇറങ്ങിപ്പോയി സി.പി.എം രൂപീകരിച്ചതു മുതൽ 2005- ലെ മലപ്പുറം സമ്മേളനം വരെ കേരളത്തിലെ പാർട്ടിയിലെ ഏറ്റവും വലിയ ശക്തികേന്ദ്രം വി.എസായിരുന്നു. അന്ന് ഉണ്ടായ വിഭാഗീയതയുടെ അതിപ്രസരം വി എസിന് പാർട്ടിക്കുള്ളിൽ തിരിച്ചടി ആയി. 2015-ലെ ആലപ്പുഴ സമ്മേളനത്തിൽ നിന്ന് വി.എസ് ഇറങ്ങിപ്പോയതും ചരിത്രം. കഴിഞ്ഞ തൃശൂർ സമ്മേളനം വരെ വി.എസ് സജീവസാന്നിദ്ധ്യമായിരുന്നു.
കമ്യൂണിസ്റ്റ് പാർട്ടിയിലെ പിളർപ്പിനുശേഷം സിപിഐ എം രൂപീകരണത്തിലേക്ക് നയിച്ചത് ഉൾപ്പെടെ കൊച്ചിയിൽ നടത്തിയ മൂന്ന് സുപ്രധാന സമ്മേളനങ്ങളുടെ മുഖ്യസംഘാടകൻ എം എം ലോറൻസായിരുന്നു. 1985ൽ കൊച്ചി ആദ്യമായി സംസ്ഥാന സമ്മേളനത്തിന് വേദിയായപ്പോൾ സംഘാടകസമിതിയുടെ ചെയർമാനായിരുന്നു അദ്ദേഹം. 23-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി ചേരുന്ന സംസ്ഥാന സമ്മേളനത്തിന് വീണ്ടും കൊച്ചി വേദിയാകുമ്പോൾ ലോറൻസ് രോഗശയ്യയിലാണ്.
പതിനെട്ടാം വയസ്സിൽ കമ്യൂണിസ്റ്റ് പാർടി അംഗമായ ലോറൻസിന് ഇപ്പോൾ വയസ്സ് 93. പിളർപ്പിനുശേഷം അതേവർഷം ജൂണിൽ കൊച്ചിയിൽ ചേർന്ന കേരളത്തിലെ ഇടതുപക്ഷ നേതാക്കളുടെ പ്രത്യേക കൺവൻഷന്‍റെയും സംഘാടകനായിരുന്നു. കൺവൻഷനിൽ സി എച്ച് കണാരൻ സെക്രട്ടറിയായി രൂപീകരിച്ച 66 അംഗ സംഘടനാ കമ്മിറ്റിയിൽ ലോറൻസും അംഗമായിരുന്നു.
1968ൽ എറണാകുളം ജില്ലാ സെക്രട്ടറിയായിരിക്കെയാണ് സിപിഎമ്മിന്‍റെ പ്രത്യേക സംസ്ഥാന പ്ലീനവും എട്ടാം പാർട്ടി കോൺഗ്രസും കൊച്ചിയിൽ ചേർന്നത്. രണ്ടിന്‍റെയും മുഖ്യസംഘാടകനായിരുന്നു. പാർട്ടി കോൺഗ്രസിന്‍റെ സംഘാടകസമിതി ചെയർമാനും. 1985ൽ കൊച്ചി ആദ്യമായി സംസ്ഥാന സമ്മേളനത്തിന് വേദിയായപ്പോൾ സംഘാടകസമിതി ജനറൽ കൺവീനറുടെ ചുമതല വഹിച്ചു.
ഒളിവിലും ജയിലിലും കഴിഞ്ഞു. പാർടിയുടെ താഴേത്തട്ടിലും ഉയർന്ന തലത്തിലും തിളങ്ങി. ദീർഘകാലം എൽഡിഎഫ് കൺവീനറായി. പത്രപ്രവർത്തനം നടത്തി. തോട്ടിത്തൊഴിലാളികൾ മുതൽ തുറമുഖത്തൊഴിലാളികളെവരെ സംഘടിപ്പിച്ചു. രണ്ടുവട്ടം സിഐടിയു അഖിലേന്ത്യാ സെക്രട്ടറിയായി. പാർട്ടിയെ കേരളത്തിന്‍റെ മണ്ണിൽ ആഴത്തിൽ വേരോടിപ്പിച്ച ഈ രണ്ട് നേതാക്കളുടെ അസാന്നിധ്യമാണ് കൊച്ചി സമ്മേളനത്തെ ശ്രദ്ധേയമാക്കുന്നത്.