28 February, 2022 12:00:16 PM


രാജ്യത്തെ ഏറ്റവും ചൂടുള്ള നഗരം കോട്ടയം; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടുന്നു



കോട്ടയം: ഇന്നോ നാളെയോ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാനുള്ള സാധ്യത. നിലവിൽ മലാക്ക കടലിടുക്കിനും അതിനോട് ചേർന്നു കിടക്കുന്ന തെക്കൻ ആൻഡമാൻ കടലിലുമായി ചക്രവാതച്ചുഴി നിലനിൽക്കുന്ന സാഹചര്യത്തിലാണിത്. ഇത് പടിഞ്ഞാറ് - വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ പ്രവേശിച്ച് അടുത്ത 48 മണിക്കൂറിനുള്ളിൽ ന്യൂനമർദമായി ശക്തി പ്രാപിക്കാനാണ് സാധ്യത. ന്യൂനമർദ സ്വാധീന ഫലമായി തെക്കൻ തമിഴ്നാട്, തെക്കൻ കേരളം, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ മാർച്ച്‌ 1,2,3,4 തീയതികളിൽ മഴക്ക് സാധ്യത തെളിഞ്ഞു.

തിങ്കളാഴ്ച രാവിലെ 6.30ന് രേഖപ്പെടുത്തിയ ഇൻസാറ്റ് ചിത്രത്തിൽ തെക്കൻ കേരളത്തിൽ മഴ മേഘങ്ങളുടെ സാന്നിധ്യമുണ്ട്. ഇവ ശ്രീലങ്ക തീരത്തേക്ക് നീങ്ങാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. കേരളത്തിൽ മാർച്ച്‌ 2ന് തെക്കൻ മലയോര മേഖലയിൽയിലും 3 ന് പാലക്കാട്‌ മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിലുമാണ് മഴ സാധ്യത. മലയോര മേഖലയിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യത തെളിഞ്ഞിട്ടുണ്ട്. ന്യൂനമർദം രൂപപ്പെട്ടാൽ മ്യാൻമാർ ഭാഗത്തു നിന്നുള്ള ഈർപ്പമുള്ള കാറ്റ് ഈ ഭാഗത്തേക്ക് നീങ്ങുമെന്നാണ് സൂചന. തിങ്കളാഴ്ച പുലർച്ചെ കോട്ടയം ജില്ലയിലെ പല ഭാഗങ്ങളിലും നേരിയ തോതിൽ മഴ ലഭിച്ചത് അതികഠിന ചൂടിന് തെല്ലൊരു ആശ്വാസമായിട്ടുണ്ട്.

കോട്ടയം രാജ്യത്തെ ഏറ്റവും ചൂട് കൂടിയ നഗരം

കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച കണക്ക് പ്രകാരം ഞായറാഴ്ച രാജ്യത്ത് ഏറ്റവും ചൂടു കൂടിയ നഗരം കോട്ടയമാണ്. നിലവിൽ രാജ്യത്തെ ചൂടു കൂടിയ പത്ത് നഗരങ്ങൾ ഇവയാണ്. കോട്ടയം: 37.3 ഡിഗ്രി സെൽഷ്യസ്, നന്ദ്യാൽ (ആന്ധ്രപ്രദേശ്): 37.2, അഹമ്മദ്നഗർ (മഹാരാഷ്ട്ര): 37.2, ഭദ്രാചലം (തെലങ്കാന): 36.8, കർണൂർ (ആന്ധ്രപ്രദേശ്): 36.6, പുനലൂർ (കേരളം): 36.5, അകോല (മഹാരാഷ്ട്ര): 36.5, മാലേഗാവ് (മഹാരാഷ്ട്ര): 36.4, സോലാപുർ (മഹാരാഷ്ട്ര): 36.4, നദീഗാം (ആന്ധ്രപ്രദേശ്): 36.4.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K