28 February, 2022 11:18:23 AM
'മന്ത്രിസഭയിലേക്കില്ല'; സംസ്ഥാന കമ്മിറ്റിയില്‍ പ്രായ പരിധി 75 വയസ് കർശനമാക്കും - കോടിയേരി
തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയിലേക്ക് ഇല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മന്ത്രിസഭയിലേക്ക് വരുന്നുവെന്നത് അഭ്യൂഹം മാത്രമാണ്. അത്തരമൊരു സഹാചര്യം പാർട്ടിയിലില്ല. മന്ത്രിസഭാ പുനസംഘടനയും അജണ്ടയിലില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ ഒരു മാധ്യമത്തോട് പറഞ്ഞു. പി ജെ ജോസഫിന്‍റെ പ്രവേശന സാധ്യത തള്ളിയ കോടിയേരി പുതിയ കക്ഷികളെ എൽഡിഎഫിൽ എത്തിക്കാൻ ചർച്ചകളില്ലെന്നും വ്യക്തമാക്കി. കൂടുതൽ കക്ഷികളെ പാർട്ടിയിൽ ചേർക്കുന്നതിനല്ല മറിച്ച് സിപിഎമ്മിന്‍റെ ബഹുജന അടിത്തറ ശക്തിപ്പെടുത്താനാണ് പാർട്ടി പ്രാമുഖ്യം കൊടുക്കുന്നത്.
പാർട്ടിയിൽ വ്യക്തി പൂജ അനുവദിക്കില്ല. നേതാക്കളെ പ്രശംസിക്കുന്ന പാട്ടുകൾ പാർട്ടിയുടേതല്ലെന്നും കോടിയേരി വിശദീകരിച്ചു. വിഭാഗീയത ഇല്ലാതായി. മത്സരം നടന്ന കമ്മിറ്റികളിൽ സംസ്ഥാന സമ്മേളനത്തിന് ശേഷം പരിശോധന നടക്കുമെന്നും കോടിയേരി പറഞ്ഞു. സംസ്ഥാന കമ്മിറ്റിയില്‍ 75 വയസ് പ്രായ പരിധി കർശനമാക്കുമെന്നും കോടിയേരി വിശദീകരിച്ചു. കേന്ദ്ര കമ്മിറ്റി തീരുമാനം നടപ്പിലാക്കും. 75 വയസ് കഴിഞ്ഞവരെ ഒഴിവാക്കുമ്പോൾ പുതിയ ഉത്തരവാദിത്തം നൽകുമെന്നും പാർട്ടി സുരക്ഷിതത്വം നൽകുമെന്നും കോടിയേരി പറഞ്ഞു.
സംസ്ഥാന സമ്മേളനത്തിൽ ഭാവി കേരളം എങ്ങനെയാകണം എന്ന് പ്രത്യേകം ചർച്ച ചെയ്യുമെന്നും കോടിയേരി പറഞ്ഞു. യുക്രൈന്‍ റഷ്യ യുദ്ധത്തിലെ പൊളിറ്റ് ബ്യൂറോ നിലപാടും കോടിയേരി ശരിവെച്ചു. സിപിഎമ്മിന്‍റേത് കൃത്യമായ നിലപാടാണെന്ന് കോടിയേരി പറഞ്ഞു. യുക്രൈനെതിരായ റഷ്യയുടെ സൈനിക നടപടി നിര്‍ഭാഗ്യകരമാണെന്നും യുക്രൈനെ നാറ്റോ സഖ്യത്തില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമം റഷ്യന്‍ സുരക്ഷയ്ക്ക് കടുത്ത ഭീഷണിയാണെന്നും ആയിരുന്നു പിബി പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നത്.
സിപിഐ എം പോളിറ്റ് ബ്യൂറോയുടെ പ്രസ്താവന
'യുക്രൈന് എതിരായ റഷ്യയുടെ സൈനിക നടപടി നിര്‍ഭാഗ്യകരമാണ്. യുദ്ധം ഉടന്‍ അവസാനിപ്പിക്കുകയും സമാധാനം പുലരുകയും വേണം. യുക്രൈനെ നാറ്റോ സഖ്യത്തില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമം റഷ്യന്‍ സുരക്ഷയ്ക്ക് കടുത്ത ഭീഷണിയാണ്. കിഴക്കന്‍ യൂറോപ്യന്‍ അതിര്‍ത്തിയിലുള്ള നാറ്റോ സഖ്യവും അവരുടെ മിസൈല്‍ സംവിധാനവും റഷ്യന്‍ സുരക്ഷയെ വലിയ തോതില്‍ ബാധിക്കുന്നു. അതിനാല്‍ തന്നെ റഷ്യന്‍ സുരക്ഷയും, ഒപ്പം യുക്രൈനെ നാറ്റോയില്‍ ഉള്‍പ്പെടുത്തരുതെന്ന വാദവും നീതിപൂര്‍വ്വകമാണ്. സോവിയറ്റ് യൂണിയന്‍ പിരിച്ചുവിട്ടതിന് പിന്നാലെ നാറ്റോ സൈന്യം കിഴക്കന്‍ മേഖലയിലേയ്ക്ക് നീങ്ങുകയായിരുന്നു. അത് യുഎസ് നല്‍കിയ ഉറപ്പുകള്‍ക്ക് വിരുദ്ധമായിരുന്നു. അതേസമയം, റഷ്യയുടെ ആവശ്യം യുഎസും നാറ്റോയും നിരസിക്കുന്നതും കൂടുതല്‍ സേനയെ യുദ്ധഭൂമിയിലേക്ക് അയക്കാനുള്ള നീക്കവും പ്രശ്‌നം ഗുരുതരമാക്കുന്നു. കിഴക്കന്‍ യുക്രൈനിലെ ഡോണ്‍ബാസ് പ്രദേശത്തേതടക്കമുള്ള ജനങ്ങളുടെ ആശങ്കകള്‍ പരിഹരിച്ചാല്‍ മാത്രമെ പ്രദേശത്ത് സമാധാനം പുലരുകയുള്ളു. യുക്രൈനിലെ വിദ്യാര്‍ഥികളെയടക്കമുള്ള ആയിരക്കണക്കിന് വരുന്ന മനുഷ്യരുടെ സുരക്ഷ എത്രയും പെട്ടെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും എല്ലാ ഇന്ത്യക്കാരേയും യുദ്ധഭൂമിയില്‍ നിന്നും ഒഴിപ്പിക്കാനുള്ള നടപടി സ്വീകരിക്കണം.'