26 February, 2022 09:59:51 AM


'ഐ ലവ് യു' പറയുന്നത് കുറ്റമല്ല; പോക്‌സോ കേസില്‍ 23കാരനെ വെറുതെ വിട്ട് കോടതി



മുംബൈ:: പെണ്‍കുട്ടിയോട് 'ഐ ലവ് യു' എന്ന് പറയുന്നത് പെണ്‍കുട്ടിയെ അപമാനിക്കുന്നതല്ലെന്നും സ്‌നേഹം പ്രകടിപ്പിക്കുകയാണെന്നും കോടതി. പോക്സോ നിയമപ്രകാരം കേസെടുത്ത 23 കാരനെ വെറുതെവിട്ടുകൊണ്ട് പുറപ്പെടുവിച്ച വിധിയിലാണ് കോടതി ഇക്കാര്യം പറഞ്ഞത്. പ്രത്യേക ജഡ്ജി കല്‍പ്പന പാട്ടീലാണ് 'ഐ ലവ് യു' എന്ന് പറയുന്നത് പോക്‌സോ പ്രകാരം കുറ്റമല്ലെന്ന് വ്യക്തമാക്കിയത്. 

23കാരനായ യുവാവ് 'ഐ ലവ് യു' എന്ന് പറഞ്ഞതിനെ തുടര്‍ന്ന് 17കാരിയുടെ കുടുംബമാണ് പൊലീസിനെ സമീപിച്ചത്. 2016ലാണ് കേസിനാസ്പദമായ സംഭവം. താമസസ്ഥലത്തിനടുത്തുവെച്ച് പ്രണയിക്കുന്നുണ്ടെന്ന് പ്രതി പെണ്‍കുട്ടിയോട് പറഞ്ഞു. പ്രതി പെണ്‍കുട്ടിയെ തുറിച്ചുനോക്കുകയും കണ്ണിറുക്കുകയും അമ്മയെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിക്കാരി ആരോപിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍, വഡാല ടി ടി പൊലീസ് പ്രതിക്കെതിരെ പോക്‌സോ പ്രകാരം കേസെടുത്തു. എന്നാല്‍ കുറ്റം തെളിയിക്കാന്‍ മതിയായ തെളിവുകള്‍ ഇല്ലാത്തതിനാല്‍ കോടതി ഇയാളെ കുറ്റവിമുക്തനാക്കി. 

ഇരയുടെ മൊഴിയനുസരിച്ച്, സംഭവ ദിവസം പ്രതി തന്നോട് 'ഐ ലവ് യു' എന്ന് പറഞ്ഞിരുന്നു. 'ഇരയോട് ഐ ലവ് യു എന്ന് പറയുന്നത്  പ്രതിയുടെ സ്‌നേഹത്തിന്റെ വികാരം പ്രകടിപ്പിക്കുന്നതിന് തുല്യമായിരിക്കും. ഇരയുടെ മാന്യതയെ അപമാനിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ പ്രവൃത്തി ചെയ്തതെന്ന് പറയാനാവില്ല.- കോടതി വ്യക്തമാക്കി. 

പെണ്‍കുട്ടിയുടെ മാന്യതയെ അവഹേളിക്കുന്ന തരത്തിലുള്ള പ്രവൃത്തി തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്നും കോടതി വ്യക്തമാക്കി. പ്രതി ലൈംഗിക ഉദേശ്യത്തോടെ ഇരയോട് എന്തെങ്കിലും ചെയ്തിട്ടുണ്ടെന്നോ ഇരക്കോ അവളുടെ അമ്മ്ക്കോ ഏതെങ്കിലും തരത്തിലുള്ള ഭീഷണിപ്പെടുത്തലുകളുണ്ടായെന്നോ സ്ഥാപിക്കുന്ന തെളിവുകളൊന്നും പ്രോസിക്യൂഷന്‍ ഹാജരാക്കിയില്ലെന്നും കോടതി പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K