23 February, 2022 11:24:41 AM
സിൽവർലൈൻ പദ്ധതി സംസ്ഥാന സർക്കാരിന് നേരിട്ട് ബാധ്യതയാകില്ല - മന്ത്രി കെ എൻ ബാലഗോപാൽ
തിരുവനന്തപുരം: പദ്ധതി സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചക്ക് വഴി വയ്ക്കും. വാർത്തകളും ഗോസിപ്പുകളും ആധികാരികമായി എടുക്കേണ്ട. വിദേശ വായ്പയുടെ വിശദാംശങ്ങൾ ചർച്ച ചെയ്യേണ്ട ഘട്ടമായിട്ടില്ല. ഡി പി ആർ കേന്ദ്രം അംഗീകരിച്ച് വിദേശ വായ്പക്ക് ശുപാർശ ചെയ്തതിന് ശേഷം മാത്രം അക്കാര്യങ്ങൾ പരിഗണിക്കാം. വേഗതയേറിയ ട്രെയിനുകൾക്ക് സ്റ്റാൻഡേർഡ് ഗേജ് ആണ് അഭികാമ്യമെന്നും ധനമന്ത്രി നിയമസഭയിൽ പറഞ്ഞു.
ജനിക്കാനിരിക്കുന്ന കുട്ടിക്ക് ജാതകമെഴുതി പദ്ധതി ഇല്ലാതാക്കരുത്. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ഒരു പദ്ധതിയും മുടങ്ങുന്നില്ലന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. സില്‍വര്‍ ലൈനില്‍ മറ്റൊരു ബദലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ സഭയില്‍ വ്യക്തമാക്കിയിരുന്നു.
പദ്ധതി സംസ്ഥാനത്തെ രണ്ടായി വിഭജിക്കുമെന്നത് അടിസ്ഥാന രഹിതമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി പ്രകൃതി ചൂഷണം പരമാവധി കുറച്ചാണ് പാത നിര്‍മ്മിക്കുകയെന്നും വിശദീകരിച്ചു. പരിസ്ഥിതിയെ കൂടി കണക്കിലെടുത്താകും പദ്ധതിയുടെ നിര്‍മ്മാണം. പദ്ധതി പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുമെന്നത് ശരിയല്ല. പ്രകൃതി വിഭവങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കാന്‍ പഠനം നടക്കുകയാണ്. പദ്ധതി പരിസ്ഥിതി സൗഹൃദമായി നടപ്പാക്കാൻ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.