20 February, 2022 10:36:19 AM
മത്സ്യത്തൊഴിലാളിയുടെ ആത്മഹത്യ: ആറ് റവന്യൂ ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ
കൊച്ചി: ഭൂമി തരം മാറ്റാൻ അപേക്ഷ നൽകി സർക്കാർ ഓഫിസുകൾ കയറിയിറങ്ങി മടുത്ത് മനംനൊന്ത് സജീവൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആറ് റവന്യൂ ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. ഫോർട്ട് കൊച്ചി ആർ.ഡി.ഒ ഓഫിസിലെ ഉദ്യോഗസ്ഥർക്കാണ് സസ്‌പെൻഷൻ. ഫെബ്രുവരി രണ്ടിനാണ് പറവൂരിൽ മത്സ്യത്തൊഴിലാളിയായ സജീവൻ ആത്മഹത്യ ചെയ്തത്. പറവൂർ മാല്യങ്കര സ്വദേശി സജീവനാണ് വീട്ടുപറമ്പിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ചത്. ഭൂമി തരം മാറ്റാൻ അപേക്ഷ നൽകി സർക്കാർ ഓഫിസുകൾ കയറിയിറങ്ങി മടുത്ത് മനംനൊന്താണ് ആത്മഹത്യ.
ബാങ്ക് വായ്പ ലഭിക്കുന്നതിനായി ഭൂമി തരം മാറ്റി കിട്ടാൻ അപേക്ഷ നൽകിയ സജീവനെ കഴിഞ്ഞ ഒരു വർഷത്തോളമായി വിവിധ സർക്കാർ ഓഫിസുകൾ വട്ടം കറക്കുകയായിരുന്നു. ആധാരത്തിൽ 'നിലം' എന്നുള്ള 5 സെന്റ് ഭൂമി പുരയിടം ആക്കാനാണ് സജീവൻ ഓഫിസുകൾ കയറിയിറങ്ങിയത്. ബുധനാഴ്ച ആർഡിഒ ഓഫിസിലെത്തിയപ്പോൾ ഉദ്യോഗസ്ഥർ അപമാനിച്ച് ഇറക്കി വിട്ടതായി ബന്ധുക്കൾ പറയുന്നു. ഉദ്യോഗസ്ഥർക്കും സർക്കാരിനും എതിരെ കത്തെഴുതി വച്ചാണ് ആത്മഹത്യ.ഭരണ സംവിധാനവും ഉദ്യോഗസ്ഥരുടെ മനോഭാവവുമാണ് കാരണം എന്ന് ആത്മഹത്യാകുറിപ്പിൽ പറയുന്നു.