19 February, 2022 06:22:09 PM
പേഴ്‌സണൽ സ്റ്റാഫിന് പെൻഷൻ: ജനങ്ങളുടെ പണം കൊള്ളയടിക്കപ്പെടുന്നു - ഗവർണർ
ദില്ലി: ഭരണപക്ഷത്തിനെയും പ്രതിപക്ഷത്തെയും വീണ്ടും കടന്നാക്രമിച്ച് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രതിപക്ഷ നേതാവ് അല്ല തന്നെ നിയമിച്ചത്. കേരളത്തിലെ എല്ലാ മന്ത്രിമാർക്കും ഇരുപതിലധികം സ്റ്റാഫുണ്ട്. ജനങ്ങളുടെ പണം കൊള്ളയടിക്കപ്പെടുന്നു. സർക്കാർ ഈ പരിപാടി അവസാനിപ്പിക്കണം. ആരോപണങ്ങളുടെ മൂർച്ഛ കൂട്ടുകയാണ് ഗവർണർ.
ഉമ്മൻചാണ്ടിയെയോ ചെന്നിത്തലയെയോ പോലെയല്ല സതീശനെന്ന് വീണ്ടും പറയുന്നു ആരിഫ് മുഹമ്മദ് ഖാൻ. പേഴ്സണൽ സ്റ്റാഫിലെ രാഷ്ട്രീയക്കാർക്ക് പെൻഷൻ നൽകുന്നത് ഗൗരവമായി എടുക്കുകയാണ്. ഫയൽ വിളിപ്പിച്ചിട്ടുണ്ട്. വിഷയത്തിൽ നടപടിയെടുക്കാൻ തനിക്ക് അധികാരമുണ്ട്. വൈകാതെ തന്നെ നടപടിയുണ്ടാകും. അതിന് ഒരു മാസം വേണ്ടി വരില്ല. നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ഗവർണർ.
മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് പെൻഷൻ നൽകുന്ന സ്കീം അവസാനിപ്പിക്കണമെന്ന് ചീഫ് സെക്രട്ടറിയോട് പറഞ്ഞു. ബജറ്റിൽ പത്ത് കോടി രാജ് ഭവന് നീക്കി വച്ചതിനെ കുറിച്ച് സർക്കാരിനോട് ചോദിക്കണം. ഇന്ത്യയിൽ കേരളത്തിലെ രാജ്ഭവനിൽ ആണ് ഏറ്റവും കുറവ് പേഴ്സണൽ സ്റ്റാഫ് ഉളളതെന്നും ഗവർണർ അവകാശപ്പെടുന്നു.
കാനത്തിനും കടുത്ത ഭാഷയിലായിരുന്നു ഗവർണറുടെ മറുപടി. കാനം രാജേന്ദ്രൻ ഭരണമുന്നയിൽ തന്നെയല്ലേ എന്നാണ് ചോദ്യം. താൻ സർക്കാരിനെ ബ്ലാക്ക് മെയിൽ ചെയ്തിട്ടില്ല. ഇടതുമുന്നണിയുടെ പ്രശ്നങ്ങൾക്ക് തന്നെ കരുവാക്കരുത്. ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. ഇടത് മുന്നണിയിൽ പ്രശ്നങ്ങൾ ഉണ്ടെന്നാണ് ഗവർണറുടെ ആരോപണം. ഇടത് മുന്നണിയെ തകർക്കാൻ തന്നെ ഉപയോഗിക്കരുത്. പരസ്യമായി തന്നെ നിങ്ങൾ തമ്മിൽ തല്ലുകയാണ്. താൻ ബ്ലാക്ക് മെയിൽ ചെയ്യുകയാണെങ്കിൽ എന്തിന് അതിന് കീഴടങ്ങണമെന്നാണ് ഗവർണറുടെ ചോദ്യം.
ഒരു പ്രതിപക്ഷനേതാവ് എങ്ങനെ പെരുമാറണം എന്ന കാര്യത്തിൽ വി ഡി സതീശന് ഒരു ധാരണയുമില്ലെന്നാണ് ഇന്ന് രാവിലെ മാധ്യമങ്ങളെ കണ്ടപ്പോൾ ഗവർണർ വിമർശിച്ചത്. ''പ്രതിപക്ഷനേതാവ് എങ്ങനെ പെരുമാറണം എന്നത് ഉമ്മൻചാണ്ടിയെയും രമേശ് ചെന്നിത്തലയെയും കണ്ട് പഠിക്കട്ടെ'', എന്നാണ് ഗവർണർ പറഞ്ഞത്.
പ്രതിപക്ഷനേതാവ് എങ്ങനെ പ്രവർത്തിക്കണമെന്ന് അഞ്ച് പാർട്ടികളിൽ അലഞ്ഞ് തിരിഞ്ഞ് നടന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ ഉപദേശം തനിക്ക് ആവശ്യമില്ലെന്നായിരുന്നു വി ഡി സതീശൻ ഇതിന് നൽകിയ മറുപടി. അഞ്ച് പാർട്ടികളിൽ പ്രവർത്തിച്ച റെക്കോഡൊക്കെ ഇന്ത്യൻ രാഷ്ട്രീയത്തിൽ ആർക്കുമുണ്ടാകില്ലെന്നാണ് തോന്നുന്നതെന്നും സതീശൻ പരിഹസിച്ചു. സ്ഥിരതയില്ലാതെ സംസാരിക്കുന്ന ഗവർണറുടെ പ്രവർത്തനങ്ങൾ അപമാനകരമെന്നും സതീശൻ പറഞ്ഞിരുന്നു.