15 February, 2022 01:00:27 PM
വിവാദ വെളിപ്പെടുത്തൽ: സ്വപ്ന മൊഴി നല്കാതെ മടങ്ങി; രണ്ട് ദിവസം കഴിഞ്ഞ് മൊഴി നല്‍കും
കൊച്ചി: വിവാദ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിലുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ മൊഴി എടുപ്പിന് സാവകാശം അനുവദിക്കണമെന്ന് സ്വപ്ന സുരേഷ്. അനാരോഗ്യം കാരണം രണ്ട് ദിവസത്തെ സാവകാശം ആണ് സ്വപ്ന ആവശ്യപ്പെട്ടത്. നേരിൽ ഹാജരായി ആവശ്യപ്പെട്ടത് അനുസരിച്ച് ഇ ഡി സമയം അനുവദിക്കുകയും ചെയ്തു
അഭിഭാഷകനെ ഓഫിലെത്തി കണ്ട് ചർച്ച നടത്തിയ ശേഷമാണ് സ്വപ്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലെത്തിയ്. സ്വപ്നയ്ക്ക് ഒപ്പം സ്വർണക്കടത്ത് കേസിലെ മറ്റൊരു പ്രതി സരിതും അഭിഭാഷകനെ കണ്ടിരുന്നു. കസ്റ്റഡിയിൽ ഇരിക്കെ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ എന്‍ഫോഴ്സ്മെന്‍റ് നിര്‍ബന്ധിച്ചുവെന്ന ശബ്ദരേഖയ്ക്ക് പിന്നില്‍ എം.ശിവശങ്കര്‍ നടത്തിയ ഗൂഢാലോചനയാണെന്ന് സ്വപ്ന ഒരു അഭിമുഖത്തിൽ ആരോപിച്ചിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് സ്വപ്നയെ വീണ്ടും ചോദ്യം ചെയ്യാന്‍ ഇഡി തീരുമാനിച്ചത്.
കള്ളപ്പണ ഇടപാടിൽ ശിവശങ്കറിന് കൂടുതൽ കാര്യങ്ങൾ അറിയാമായിരുന്നു എന്നും സ്വപ്ന അഭിമുഖത്തിൽ തുറന്നുപറഞ്ഞിരുന്നു. ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെ ഇഡി, ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. എന്നാൽ സ്വപ്നയ്ക്ക് കാവല്‍ നിന്ന പൊലീസുകാരുടെ മൊഴിയെടുത്ത് ഇഡി ഉദ്യോഗസ്ഥരെ പ്രതികളാക്കി കേസെടുക്കുകയാണ് പൊലീസ് ചെയ്തത്. കേസ് ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ടെങ്കിലും സർക്കാർ ഇതിനെതിരെ ഡിവിഷൻ ബഞ്ചിനെ സമീപിച്ചിട്ടുണ്ട്.
ഈ കേസിൽ സ്വപ്നയുടെ വെളിപ്പെടുത്തൽ നിർണായകമാകുമെന്നാണ് ഇഡി ഉദ്യോഗസ്ഥർ വിശദീകരിക്കുന്നത്. പുതിയ വിവരങ്ങൾ കോടതിയിൽ ഔദ്യോഗികമായി ഉടൻ അറിയിക്കാനാണ് ഇഡിയുടെ നീക്കം. ഈ കേസിൽ കുറ്റപ്പത്രം സമർപ്പിച്ച് കഴിഞ്ഞെങ്കിലും കൂടുതൽ തെളിവ് ശേഖരണത്തിന് സാധ്യത ഉണ്ടോയെന്ന് പരിശോധിക്കുകയാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റ്.