10 February, 2022 04:55:22 PM
രണ്ടാം നൂറുദിന കര്‍മ്മ പരിപാടി മുഖ്യമന്ത്രിയുടെ മറ്റൊരു പിആര്‍ തട്ടിപ്പ് - പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: രണ്ടാം നൂറുദിന കര്‍മ്മ പരിപാടി ഇടതു സര്‍ക്കാരിന്റെ മറ്റൊരു പിആര്‍ തട്ടിപ്പ് ആണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കഴിഞ്ഞ ബജറ്റില്‍ പറഞ്ഞത് തന്നെയാണ് രണ്ടാം 100 ദിന കര്‍മ്മ പരിപാടിയായി മുഖ്യമന്ത്രി വീണ്ടും അവതരിപ്പിച്ചിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
ഭരണ പരാജയത്തിന്റെ ജാള്യത മായ്ക്കാനുള്ള പിആര്‍ തന്ത്രം മാത്രമാണ് ഈ പ്രഖ്യാപനങ്ങള്‍. നിര്‍മാണ മേഖലയിലടക്കം നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് മുഖ്യമന്ത്രി അവകാശപ്പെടുന്നത്. പരമാവധി നിയമനങ്ങള്‍ പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യുമെന്നും അതുവഴി നിയമനം നടത്തുമെന്നതായിരുന്നു ഈ സര്‍ക്കാരിന്റെ ആദ്യ നൂറുദിന കര്‍മ്മ പരിപാടിയിലെ ഏറ്റവും വലിയ പ്രഖ്യാപനം.
എന്നാല്‍ രണ്ടാം നൂറുദിന കര്‍മ്മ പരിപാടിയില്‍ പിഎസ്സിയെ കുറിച്ച് ഒന്നും പറയുന്നില്ല. ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റില്‍ പോലും ഇരുനൂറ്റി അന്‍പതോളം ഒഎ തസ്തികകളും നൂറോളം ടൈപ്പിസ്റ്റ് തസ്തികകളും ഉള്‍പ്പെടെ വെട്ടിക്കുറച്ചിരിക്കുകയാണ്. ഭരണസിരാ കേന്ദ്രത്തിലെ അവസ്ഥ ഇതാണെങ്കില്‍ മറ്റ് വകുപ്പുകളിലേത് ഇതിലും പരിതാപകരമായിരിക്കുമല്ലോ? എല്ലാ വകുപ്പുകളിലും പിന്‍വാതിലിലൂടെയുള്ള കരാര്‍ നിയമനങ്ങള്‍ മാത്രമാണ് നടക്കുന്നതെന്നും സതീശൻ ആരോപിച്ചു.
ലോക്ക്ഡൗണ്‍ കാരണം നിരവധി പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടിരിക്കുന്നത്. തൊഴില്ലായ്മ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. തൊഴില്‍ നഷ്ടപ്പെട്ട അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ക്ക് തൊഴില്‍ നല്‍കുന്നതിനുള്ള പുതിയ പദ്ധതികളാണ് സര്‍ക്കാര്‍ മുന്നോട്ടു വക്കേണ്ടിയിരുന്നത്.
എന്നാല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന പുതിയ പദ്ധതികള്‍ ഒന്നും തന്നെ ഈ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടില്ല. വിവിധ പദ്ധതികളുടെ ഭാഗമായി സ്വാഭാവികമായി ഉണ്ടാകുന്ന തൊഴിലവസരങ്ങള്‍ മാത്രമാണ് പുതിയ തൊഴിലവസരമായി രണ്ടാം നൂറുദിന കര്‍മ്മ പരിപാടിയില്‍ സര്‍ക്കാര്‍ മുന്നോട്ടു വക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.