09 February, 2022 03:36:47 PM
ബാബുവിന്‍റെ ജീവൻ രക്ഷിക്കാൻ നേതൃത്വം നൽകിയവരിൽ ഏറ്റുമാനൂരിന്‍റെ 'മുത്തും'
കോട്ടയം : മലമ്പുഴ ചെറാട് കുമ്പാച്ചിമലയിലെ മലയിടുക്കിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തിയ കരസേനയുടെ സംഘത്തിന് നേതൃത്വം നൽകിയവരിൽ പ്രധാനിയായി ഏറ്റുമാനൂരിന്റെ 'മുത്തും'. ഊട്ടി വെല്ലിങ്ടണിൽ നിന്നും ഏറ്റുമാനൂർ സ്വദേശി ലഫ്. കേണല്‍ ഹേമന്ദ് രാജിന്റെ നേതൃത്വത്തിൽ എത്തിയ ദൗത്യസംഘമാണ് ബാബു എന്ന യുവാവിന്റെ ജീവൻ രക്ഷിച്ചതിൽ പ്രധാന പങ്കു വഹിച്ചത്.
ഏറ്റുമാനൂർ തവളകുഴിക്ക് സമീപം മുത്തുച്ചിപ്പിയിൽ റിട്ട എക്സൈസ് ഇൻസ്‌പെക്ടർ ടി കെ രാജപ്പന്റെയും ലതികഭായിയുടെയും മകനാണ് മുത്ത് എന്ന് വിളിക്കുന്ന ഹേമന്ദ് രാജ്. 2002ൽ നാഷണൽ ഡിഫെൻസ് അക്കാദമിയിൽ പ്രവേശനം നേടിയ ഹേമന്ദ് 2006ലാണ് സേനയുടെ ഭാഗമാകുന്നത്. അയോദ്ധ്യയിലായിരുന്നു ആദ്യനിയമനം. സേനയിൽ എത്തും മുൻപ് ഏറ്റുമാനൂർ വൈസ് മെൻസ് ക്ലബ്ബിന്റെ ഭാഗമായി നിന്ന് സാമൂഹിക സേവന പ്രവർത്തനങ്ങളിൽ പങ്കാളിയായിട്ടുണ്ട്.
സർവീസിൽ കയറിയ ശേഷം ഹേമന്ദ് നേതൃത്വം നൽകുന്ന അഞ്ചാമത്തെ പ്രധാന രക്ഷാപ്രവർത്തനമായിരുന്നു മലമ്പുഴയിലെത്. കേരളത്തിൽ പ്രളയമുണ്ടായ 2018ലും 2019ലും രക്ഷപ്രവർത്തനവുമായെത്തിയ കരസേനയുടെ സാരഥി ഹേമന്ദ് ആയിരുന്നു. ഉത്തരാഖണ്ഡിലും പ്രളയത്തിൽ രക്ഷകരായി എത്തിയത് ഹേമന്ദിന്റെ നേതൃത്വത്തിലുള്ള ടീം ആയിരുന്നു. സംയുക്ത കരസേന മേധാവി ബിപിൻ റാവത്തിന്റെ ജീവൻ എടുത്ത ഹെലികോപ്റ്റർ അപകടത്തിലും രക്ഷപ്രവർത്തനം ഹേമന്ദിന്റെ നേതൃത്വത്തിലായിരുന്നു.
2019ൽ രാഷ്ട്രപതിയുടെ വീശിഷ്ടസേവാ മെഡലിന് അർഹനായി. കഴിഞ്ഞ വർഷം ചെന്നൈയിൽ റിപ്പബ്ലിക് ദിന പരേഡിൽ മദ്രാസ് റെജിമെന്റിനെ നയിച്ചത് ഹേമന്ദ് ആയിരുന്നു. ഏറെക്കാലത്തിനു ശേഷമാണ് ഒരു മലയാളി തമിഴ്നാട്ടിൽ പരേഡ് നയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ആവശ്യമനുസരിച്ചാണ് ഹേമന്ദ് ഉൾപ്പെട്ട ഒമ്പതംഗ സേനാസംഘം മലമ്പുഴയിൽ എത്തിയത്.
പ്രതിഭാ പാട്ടിൽ, എ പി ജെ അബ്ദുൾ കലാം എന്നിവർ രാഷ്ട്രപതിമാരായിരിക്കെ ഇരുവരുടെയും ആർമി ഗാർഡ് അസിസ്റ്റന്റ് ആയിരുന്നു ഹേമന്ദ്. എൻ ഡി എയുടെ സീനിയർ ഇൻസ്‌ട്രക്ടർ ആയിരുന്ന ഹേമന്ദ് അരുണാചലിൽ സവാങ് അതിർത്തിയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോൾ ഊട്ടിയിൽ സ്പോർട്സിന്റെ അധികചുമതല കൂടിയുണ്ട്. ഏറ്റുമാനൂരിൽ ദന്ത ഡോക്ടർ ആയ തീർത്ഥ ഹേമന്ദ് ആണ് ഭാര്യ. അയാൻ മകനാണ്.
ദീർഘമായ 48 മണിക്കൂറിനു ശേഷമാണ് ബാബുവിനെ രക്ഷപെടുത്തി എന്ന വാർത്ത എത്തുന്നത്. ബാബുവിന് അടുത്തേക്ക് എത്തിയ കരസേനയുടെ ദൗത്യസംഘാംഗം ആദ്യം അദ്ദേഹത്തിന് വെള്ളവും ഭക്ഷണവും മരുന്നും നൽകി. തുടർന്നാണ് മലമുകളിലേക്ക് എത്തിച്ചത്. 40 മിനിറ്റ് കൊണ്ട് ദൗത്യം പൂർത്തിയായി. സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനം ശുഭകരമായ അന്ത്യത്തിലേക്ക് എത്തിയത്തോടെ ഇന്ത്യന്‍ സൈന്യത്തിന്റെ കരുത്താണ് തെളിയുന്നത്.