08 February, 2022 01:53:04 PM
വാവ സുരേഷിനെ വിലക്കാൻ ആർക്കും അധികാരമില്ല; വനംവകുപ്പിനെതിരെ മന്ത്രി വാസവൻ
കോട്ടയം: വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ മന്ത്രി വി.എന്‍. വാസവന്. പാമ്പിനെ പിടിക്കാൻ വാവ സുരേഷിനെ വിളിക്കരുതെന്ന് പറയാന്‍ ഫോറസ്റ്റുകാര്‍ക്ക് കഴിയില്ലെന്ന് വാസവന് പറഞ്ഞു. ഉദ്യോഗസ്ഥര്‍ക്ക് കുശുമ്പാണെന്നും മന്ത്രി വ്യക്തമാക്കി. വാവ സുരേഷിന്റെ പാമ്പുപിടിത്ത രീതി അംഗീകരിക്കുവാൻ കഴിയില്ലെന്ന വനം വകുപ്പ് അധികൃതരുടെ നിലപാടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പാമ്പ്പിടിക്കാനായി പ്രത്യേക ഹുക്കും ബാഗും നൽകാറുണ്ട്. ഇത്തരം മുൻകരുതൽ ഇല്ലാതെയാണ് വാവ സുരേഷും അദ്ദേഹത്തെ അനുകരിക്കുന്നവരും പാന്പിനെ പിടിക്കുന്നത്. ഇത് അംഗീകരിക്കാനാവില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു. പാന്പിനെ പിടികൂടിക്കഴിഞ്ഞാൽ അപ്പോൾത്തന്നെ ബാഗിനുള്ളിൽ ആക്കണം. പ്രദർശിപ്പിക്കാൻ പാടില്ല. എന്നാൽ, വാവ സുരേഷ് പാമ്പിനെ പിടിച്ചു കഴിഞ്ഞാൽ പൊതു ജനങ്ങൾക്കു മുന്‍പാകെ പ്രദർശിപ്പിക്കും. കഴിഞ്ഞ ദിവസം കുറിച്ചിയിൽ സംഭവിച്ചതും ഇതു തന്നെയാണെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
വാവാ സുരേഷ് അനുഭവ പരിചയമുള്ള പാമ്പുപിടിത്തക്കാരനാണ്. എന്നാലും വനംവകുപ്പിന്റെ പരിശീലന പരിപാടിയില്‍ പങ്കെടുക്കണം. ഇതില്‍ പങ്കെടുത്തു സര്‍ട്ടിഫിക്കറ്റ് നേടിയാലേ പാമ്പിനെ പിടിക്കാനാവൂ. അല്ലാത്തവര്‍ക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം നടപടിയെടുക്കാനാവുമെന്ന് വനംവകുപ്പ് അറിയിച്ചു.