08 February, 2022 10:12:42 AM


കേന്ദ്ര ഏജൻസികൾ വീണ്ടും അന്വേഷണത്തിന്; നാളെ സ്വപ്ന സുരേഷിനെ ചോദ്യംചെയ്യും



തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന്‍റെ  വിവാദ വെളിപ്പെടുത്തലില്‍ കേന്ദ്ര ഏജൻസികൾ വീണ്ടും അന്വേഷണത്തിന്. നാളെ ചോദ്യംചെയ്യലിന് ഹാജരാകാന്‍ സ്വപ്‍ന സുരേഷിന് ഇഡി സമൻസ് അയച്ചു. കസ്റ്റഡിയിൽ ഇരിക്കെ ഫോൺ സംഭാഷണം റെക്കോർഡ് ചെയ്‌ത് പുറത്തുവിട്ടതിലാണ് അന്വേഷണം. മുഖ്യമന്ത്രിയെ കുടുക്കാൻ ദേശീയ അന്വേഷണ ഏജൻസികൾ സമ്മർദ്ദം ചെലുത്തിയെന്ന തന്‍റെ ഓഡിയോ ശിവശങ്കറിന്‍റെ തിരക്കഥയെന്നായിരുന്നു സ്വപ്നയുടെ തുറന്ന് പറച്ചിൽ. ഈ ഫോണ്‍ റെക്കോര്‍ഡിന് പിന്നിലെ ഗൂഢാലോചന ആരുടേതാണെന്നാണ് അന്വേഷിക്കുക. 

ശിവശങ്കർ ആസൂത്രണം ചെയ്ത പദ്ധതിക്കനുസരിച്ച് ഗാർഡ് നിന്ന പൊലീസ് ഉദ്യോഗസ്ഥയാണ് മൊബൈലിൽ ശബ്ദം റിക്കോർ‍‍ഡ് ചെയ്തതെന്നും സ്വപ്ന വെളിപ്പെടുത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് കേന്ദ്ര ഏജൻസികൾക്കെതിരെ സംസ്ഥാന സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത്. ഈ നീക്കം  പിന്നീട് സിംഗിൾ ബെഞ്ച്  തടഞ്ഞു. ഉത്തരവ്  ചോദ്യം ചെയ്ത് സർക്കാർ നൽകിയ അപ്പീൽ നിലവിൽ ഡിവിഷൻ ബെഞ്ചിന്‍റെ പരിഗണനയിലാണ്.

സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയെ വലിച്ചിഴക്കാൻ അന്വേഷണ ഏജൻസികൾക്ക് മേൽ സമ്മർദ്ദം ഉണ്ടായെന്നായിരുന്നു എം ശിവശങ്കർ ആത്മകഥയില്‍ പറഞ്ഞത്. തന്നെ അറസ്റ്റ് ചെയ്താൽ മുഖ്യമന്ത്രിക്കെതിരെ മൊഴി കിട്ടുമെന്ന് ഏജൻസികൾ കരുതി. കേസിൽ താനാണ് കിംഗ് പിൻ എന്ന് അഡീഷനൽ സോളിസിറ്റർ ജനറൽ ഹൈക്കോടതിയിൽ കള്ളം പറഞ്ഞു. നയതന്ത്രബാഗേജ് കസ്റ്റംസ് തടഞ്ഞുവെച്ചപ്പോൾ സ്വപ്ന സഹായം ചോദിച്ചെങ്കിലും നൽകിയില്ലെന്നും ശിവശങ്കർ പുസ്തകത്തില്‍ പറയുന്നു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K