07 February, 2022 03:44:05 PM
കേസ് റദ്ദാക്കാൻ ദിലീപ് ഹൈക്കോടതിയിലേക്ക്; അപ്പീലുമായി പ്രോസിക്യൂഷൻ സുപ്രീംകോടതിയിലേക്ക്
കൊച്ചി: ദിലീപിനും കൂട്ടുപ്രതികൾക്കും മുൻകൂർ ജാമ്യം കിട്ടിയെങ്കിലും നിയമനടപടികൾ അവസാനിക്കുന്നില്ല. ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിക്കാനുളള തീരുമാനത്തിലാണ് അന്വേഷണസംഘം. എന്നാൽ കേസു തന്നെ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ദിലീപ്.
ദിലീപിന്‍റേയും സഹോദരൻ അനൂപിന്‍റേയും ആലുവയിലെ വീടുകൾക്ക് മുന്നിൽ രാവിലെ തന്നെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ തമ്പടിച്ചിരുന്നു. മുൻകൂർ ജാമ്യം തളളിയാൽ അപ്പോൾ തന്നെ വീട്ടിൽക്കയറി അറസ്റ്റു ചെയ്യാനായിരുന്നു തീരുമാനം. കോടതി ഉത്തരവ് വന്ന് മിനിറ്റുകൾക്കുളളിൽത്തന്നെ അന്വേഷണസംഘം ഇവിടെനിന്ന് പിൻവാങ്ങുകയും ചെയ്തു. ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് സുപ്രീം കോടതിയെ സമീപിക്കാനാണ് നിലവിലെ ക്രൈംബ്രാഞ്ചിന്‍റെ ധാരണ.
ദിലീപിനെ കസ്റ്റഡിയിൽ വേണം എന്ന നിലപാടിൽ ഉറച്ചു നിൽക്കും. എന്നാൽ ഹൈക്കോടതിയിൽ ഹാജരാക്കിയതിൽ കൂടുതൽ തെളിവുകൾ സുപ്രീംകോടതിയിൽ അവതരിപ്പിച്ചെങ്കിലേ പിടിച്ചുനിൽക്കാൻ കഴിയൂ എന്ന ബോധ്യം പ്രേോസിക്യൂഷനുണ്ട്. അതുകൊണ്ടു തന്നെ ദിലീപിന്‍റെയും കൂട്ടു പ്രതികളുടെയും ഫോണുകളുടെ ഫൊറൻസിക് പരിശോധനാ ഫലം കൂടി കിട്ടിയശേഷം മേൽക്കോടതിയെ സമീപിച്ചാൽ മതിയോ എന്നും ആലോചിക്കുന്നുണ്ട്. നിലവിലെ തിരിച്ചടി മറികടക്കാൻ കൂടുതൽ തെളിവുകൾ ശേഖരിക്കേണ്ടത് ക്രൈംബ്രാഞ്ചിന് അത്യാവശ്യമാണ്.
എന്നാൽ മുൻകൂർ ജാമ്യം നൽകിയ ആത്മവിശ്വാസത്തിൽ കേസിനെ നേരിടാനാണ് ദീലീപിന്‍റെ നീക്കം. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഡാലോചന നടത്തിയെന്ന കേസ് തന്നെ റദ്ദാക്കണമെന്ന് ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണവും പ്രോസിക്യൂഷനും പ്രതിഭാഗത്തിനും നിർണായകമാണ്. തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജിയിൽ മുൻകൂർ ജാമ്യം ലഭിക്കാനുണ്ടായ സാഹചര്യവും പ്രതിഭാഗം ഉയർത്തിക്കാട്ടും. ഈ കേസിലും കൂടുതൽ തെളിവുകൾ ഹാജരാക്കുക എന്നത് അന്വേഷണസംഘത്തിന് നിർണായകാണ്.
അറസ്റ്റ് നടപടികൾ സാധ്യമല്ലെങ്കിലും നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിൽ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുന്നതിന് നിയമപരമായി തടസമില്ല. ദീലിപിന്‍റെയും കൂട്ടുപ്രതികളുടെയും ശബ്ദപരിശോധന എറണാകുളം ചിത്രാഞ്ജലി ലാബിൽ നാളെയാണ് നിശ്ചയിച്ചിരിക്കുന്നത്.