07 February, 2022 02:34:23 PM
സംസ്ഥാനത്ത് അഴിമതി വിരുദ്ധ സംവിധാനം ഇല്ലാതായി - പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ
തിരുവനന്തപുരം: സംസ്ഥാനത്ത് അഴിമതി വിരുദ്ധ സംവിധാനം ഇല്ലാതായെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സർക്കാരുമായി ഒത്തുതീർപ്പായതിന്റെ ഫലമായാണ് ലോകായുക്ത ഓർഡിനൻസിൽ ഗവർണർ ഒപ്പുവച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സർക്കാരിന്റെ അഴിമതി വിരുദ്ധ നിലപാടുകൾക്ക് ഗവർണർ കുടപിടിക്കുകയാണ് ചെയ്തത്. ഗവർണറുടെ പേഴ്സണൽ സ്റ്റാഫിൽ സംസ്ഥാനത്തെ ബിജെപി നേതാവിനെ ഉൾപ്പെടുത്താനുള്ള ഫയൽ മുഖ്യമന്ത്രിയുടെ മേശപ്പുറത്തിരിക്കുകയാണ്. ഇതെല്ലാമാണ് ഒത്തുതീർപ്പിന് കാരണമെന്നും അദ്ദേഹം ആരോപിച്ചു.
അഴിമതിക്ക് വെള്ളവും വളവും നൽകിയ മുഖ്യമന്ത്രിയെന്ന് പേര് ഇനി പിണറായി വിജയന് സ്വന്തമാണ്. സംസ്ഥാനത്ത് വ്യാപകമായി അഴിമതി നടത്തുന്നതിന് വേണ്ടിയാണ് ലോകായുക്ത ഓർഡിനൻസ് ഇറക്കിയത്. ലോകായുക്ത പരിഗണിക്കുന്ന മുഖ്യമന്ത്രിക്കെതിരായ പരാതിയെക്കുറിച്ച് അദ്ദേഹം ഇനി ഭയപ്പെടേണ്ട ആവശ്യമില്ല. ലോകായുക്ത കുരയ്ക്കുകയേ ഉള്ളൂ കടിക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു.