06 February, 2022 08:55:54 PM
ലോകായുക്ത ഓർഡിനൻസ് ഭരണഘടന അനുസരിച്ചെന്ന്; ഗവർണ്ണറെ കണ്ട് മുഖ്യമന്ത്രി
തിരുവനന്തപുരം: വിദേശ സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയ കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തി. രാജ്ഭവനിലെത്തിയാണ് മുഖ്യമന്ത്രി ഗവർണ്ണറുമായി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച ഒരു മണിക്കൂർ നീണ്ടു. വിവാദമായ ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിനെ കുറിച്ച് മുഖ്യമന്ത്രി ഗവർണറോട് വിശദീകരിച്ചു. ഓർഡിനൻസ് ഭരണഘടനയനുസരിച്ചാണെന്ന് മുഖ്യമന്ത്രി ഗവർണറെ അറിയിച്ചു. ഓർഡിനൻസിൽ ഇനി ഗവർണ്ണറുടെ നിലപാട് നിർണ്ണായകമാണ്.
ഓർഡിനൻസ് കൊണ്ട് വരാനിടയായ സാഹചര്യം മുഖ്യമന്ത്രി ഗവർണറോട് വിശദികരിച്ചു. നിലവിലെ നിയമത്തിൽ ഭരണഘടന വിരുദ്ധമായ വകുപ്പ് ഉണ്ടെന്നും അതുകൊണ്ടാണ് നിയമ ഭേദഗതി കൊണ്ട് വന്നതെന്നും മുഖ്യമന്ത്രി ഗവർണറോട് വിശദീകരിച്ചു. നിലവിലെ ലോകായുക്ത നിയമത്തിലെ പതിനാലാം വകുപ്പ് ഭരണഘടന വിരുദ്ധമാണ്. ഇക്കാര്യത്തിൽ സർക്കാരിന് നിയമോപദേശം ലഭിച്ചുവെന്നും മുഖ്യമന്ത്രി ഗവർണറെ അറിയിച്ചു. സർവകലാശാലകളിൽ രാഷ്ട്രീയ ഇടപെടലിന് സർക്കാർ ആഗ്രഹിക്കുന്നില്ലെന്നും മുഖ്യമന്ത്രി ഗവർണറോട് വിശദീകരിച്ചു.
വിവാദ ഓർഡിനൻസിൽ ഗവര്‍ണ്ണര്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഗവര്‍ണ്ണര്‍ ഓര്‍ഡിനൻസില്‍ ഒപ്പ് വച്ചാല്‍ സർക്കാരിന് ഗുണമാകും. പ്രതിപക്ഷത്തിനാകട്ടെ വലിയ തിരിച്ചടിയായി അത് മാറുകയും ചെയ്യും. പ്രതിപക്ഷം നിയമനടപടികളിലേക്ക് നീങ്ങുമെന്നും ഉറപ്പാണ്. അതേസമയം ഓര്‍ഡിനൻസ് തിരിച്ചയച്ചാല്‍ സര്‍ക്കാരിനാകും കനത്ത തിരിച്ചടിയാകും. സി പി ഐ അടക്കം എതിർപ്പ് പരസ്യമാക്കിയ സാഹചര്യത്തിൽ സിപിഎമ്മിന് അതൊരു ക്ഷീണവുമാകും.
ലോകായുക്ത നിയമത്തിലെ 14 ആം വകുപ്പ് പ്രകാരം പൊതുപ്രവര്‍ത്തകര്‍ അഴിമതി നടത്തിയാല്‍ പദവിയില്‍ നിന്ന് നീക്കം ചെയ്യാം എന്ന വ്യവസ്ഥ ഭരണഘടന വിരുദ്ധമാണെന്നാണ് സര്‍ക്കാര്‍ ഗവര്‍ണ്ണറെ അറിയിച്ചത്. ലോക്പാല്‍ നിയമം നിലവിലുള്ള സാഹചര്യത്തില്‍ ലോകായുക്ത സംസ്ഥാന വിഷയമാണ്. അതുകൊണ്ട് നിയമഭേദഗതി സംസ്ഥാന സര്‍ക്കാരിന് തന്നെ വരുത്താം. നിയമത്തില്‍ മാറ്റം വരുത്താൻ രാഷ്ട്രപതിയുടെ അംഗീകാരം വേണ്ടെന്നും സര്‍ക്കാര്‍ ഗവര്‍ണ്ണര്‍ക്ക് നല്‍കിയ വിശദീകരണത്തില്‍ വ്യക്തമാക്കുന്നുണ്ട്.